Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ഡൽഹി ആരോഗ്യ...

'ഡൽഹി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത് വീഴ്ച ചൂണ്ടിക്കാട്ടാൻ'

text_fields
bookmark_border
ഡൽഹി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത് വീഴ്ച ചൂണ്ടിക്കാട്ടാൻ
cancel

കോഴിക്കോട്: ഡൽഹി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കേരള സൈബർ വാരിയേഴ്സ്. ഇന്നലെയാണ് കേരള സൈബർ വാരിയേഴ്സ് കൂട്ടായ്മ ഡൽഹി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്.

വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ സർക്കാർ അലംഭാവം കാണിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ഹാക്ക് ചെയ്തതെന്ന് കേരള സൈബർ വാരിയേഴ്സ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഡൽഹിയിലെ ആശുപത്രികളിൽ ഒരിക്കൽ ഉപയോഗിച്ച പി.പി.ഇ കിറ്റ് വീണ്ടും ഉപയോഗിക്കാൻ നൽകുന്നതായും നഴ്സുമാരെ 14 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്നതായും പി.പി.ഇ കിറ്റ് ആവശ്യപ്പെട്ടവരെ പിരിച്ചുവിടുന്നതായും ഇവർ ആരോപിക്കുന്നു.

ഡൽഹി സർക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെബ്സൈറ്റിന് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. ഇന്ത്യക്ക് പുറത്തുനിന്നുള്ള നിരവധി ഹാക്കിങ് ശ്രമം നടന്നതായി തങ്ങൾ കണ്ടെത്തി. കോവിഡ് പരിശോധന ഫലം ഉൾപ്പെടെ വിവരങ്ങൾ എളുപ്പം തിരുത്താൻ പോലും പറ്റുമായിരുന്നു. ഈ കാര്യങ്ങളാണ് തങ്ങൾ ഇന്നലെ ചൂണ്ടിക്കാണിച്ചതെന്നും അതിൽ തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും സൈബർ വാരിയേഴ്സ് പറയുന്നു.

ഒരു ഡാറ്റയും തങ്ങൾ നശിപ്പിച്ചിട്ടില്ല. സാധാരണ രീതിയിൽ നിന്നും മാറി വെബ് സെർവറിൽ ഒരു പ്രത്യേക പേജ് പുതിയതായി ഉണ്ടാക്കിയാണ് തങ്ങളുടെ മെസ്സേജ് പോസ്റ്റ് ചെയ്തത്. തങ്ങൾക്ക് അറിയാം ഈ സൈറ്റ് എത്രത്തോളം പ്രധാനപെട്ടതാണന്ന്. അതുകൊണ്ടാണ് സൈറ്റിനെ നശിപ്പിക്കാതെ മെസ്സേജ് പോസ്റ്റ് ചെയ്തതെന്നും ഇവർ പറയുന്നു.

കേരള സൈബർ വാരിയേഴ്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം...

ഡൽഹിയിലെ ആരോഗ്യ പ്രവർത്തകരോടുള്ള സർക്കാരിന്റെയും,സ്വകാര്യ ആശുപത്രികളുടെയും സമീപനം തൃപ്തികരമല്ല എന്ന് പറഞ്ഞു കൊണ്ട് ഇന്നലെ ഡൽഹി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യുകയുണ്ടായി.അതിനെ തുടർന്നുള്ള ചില തെറ്റിദ്ധാരണകളോടുള്ള ഞങ്ങളുടെ പ്രതികരണമാണ് ഈ പോസ്റ്റ്‌.

1. ഡൽഹിയുടെ ആരോഗ്യ വകുപ്പിനെ ടാർഗറ്റ് ചെയ്തത് അവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ തുടർച്ചയായ പരാതികൾ വന്ന ശേഷമാണ്. നിങ്ങളിൽ എത്ര പേർക്കറിയാം ഡൽഹിയിലെ ചില സ്വകാര്യ ആശപത്രിയിൽ, നഴ്സുമാർ ഉപയോഗിക്കുന്ന PPE കിറ്റ് മറ്റൊരാൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞതാണന്ന്.

2. ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് ഇത് വാർത്തയാക്കിയത്.ഉപയോഗിച്ച PPE കിറ്റ് പിന്നീട് ഉപയോഗിച്ച് ഒരുപാട് ആരോഗ്യ പ്രവർത്തകർ COVID 19 പോസിറ്റീവ് ആയി.

3. ഒരിക്കൽ ഉപയോഗിച്ച PPE കിറ്റ് എങ്ങനെ പിന്നെയും ഹോസ്പിറ്റലിൽ എത്തുന്നു ? ഒരു പുതിയ PPE കിറ്റിന്റെ വില 800 രൂപ മുതലാണ് എന്നാൽ ഒരിക്കൽ ഉപയോഗിച്ച കിറ്റിന്റെ വില വെറും 250 രൂപ മാത്രമാണ്. ഇതാണ് പല സ്വകാര്യ ആശുപത്രികളും അവരുടെ സ്റ്റാഫിന് കൊടുക്കുന്നത്.

4. ഒരിക്കൽ ഉപയോഗിച്ച PPE കിറ്റ് പിന്നെയും ഉപയോഗിച്ചാണ് സീമ എന്ന മാലാഖ COVID പോസിറ്റീവ് ആയത്. അവർ ജോലി ചെയ്ത ആശുപത്രിയും ഡൽഹിയിലെ മറ്റു ആശുപത്രികളും ചികിത്സ നിഷേധിച്ചു, ഒടുവിൽ അവർ മരണത്തിനു കീഴടങ്ങി.

5. COVID ഡ്യൂട്ടി എന്ന് പറഞ്ഞു കൊണ്ട് തുടർച്ചയായി 12 മുതൽ 14 മണിക്കൂറാണ് ഓരോ മാലാഖക്കും പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജോലി ചെയ്യേണ്ടി വരുന്നത്.ജോലി സമയത്തിന്റെ പ്രശ്നവും,വൃത്തിയുള്ള PPE കിറ്റ് വേണമെന്നും ആവശ്യമുന്നയിച്ച നഴ്സുമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിടപെട്ടവരുടെ പരാതി കേൾക്കാൻ ആരുമില്ല, പരാതിപ്പെടാനും പേടിയാണ് അവർക്ക് .സ്വന്തം കുടുംബത്തിന് വേണ്ടി എത്രയും പെട്ടെന്ന് അടുത്ത ജോലി നോക്കുകയാണ് അവർ. ശബ്ദമുയർത്തിയാൽ സർട്ടിഫിക്കറ്റ് തരില്ല എന്ന ഭീഷണിയും.

6. ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ അറിഞ്ഞിട്ടും കണ്ടതായി നടിക്കാത്ത സർക്കാരിന്റെ ഈ നയത്തിന് എതിരെയാണ് ഇന്നലെ ഞങ്ങൾ ആരോഗ്യ വകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്തത്. വെറും 10 മിനിറ്റ് മാത്രമാണ് ഞങ്ങൾക്ക് ഈ സൈറ്റിൽ കയറാൻ വേണ്ടി വന്ന സമയം.(ഊഹിച്ചോളൂ എത്ര സിമ്പിൾ ആയിരിക്കും എന്ന്). എന്നാൽ ഒരു ഡാറ്റയും ഞങ്ങൾ നശിപ്പിച്ചിട്ടില്ല .ഞങ്ങളുടെ സാധാരണ രീതിയിൽ നിന്നും വെബ് സെർവറിൽ ഒരു പ്രതേക പേജ് പുതിയതായി ഉണ്ടാക്കിയാണ് ഞങ്ങളുടെ മെസ്സേജ് ഞങ്ങൾ പോസ്റ്റ് ചെയ്തത്. ഞങ്ങൾക്ക് അറിയാം ഈ സൈറ്റ് എത്രത്തോളം പ്രധാനപെട്ടതാണന്ന് അത് കൊണ്ടാണ് സൈറ്റിനെ നശിപ്പിക്കാതെ മെസ്സേജ് പോസ്റ്റ് ചെയ്തത്.

7. ഈ സൈറ്റിന്റെ പ്രാധാന്യം അറിയുന്നത് പോലെ തന്നെ ഡാറ്റയുടെ പ്രാധാന്യവും ഞങ്ങൾക്ക് അറിയാം.കേരള സൈബർ വാരിയേഴ്‌സ് ആദ്യമായല്ല ഗവണ്മെന്റ് സെർവറുകളിൽ കയറുന്നത്. മറ്റുള്ള സെർവറുകളിൽ നിന്ന് തീരെ വ്യത്യസ്തമാണ് ഈ സെർവറിന്റെ അവസ്ഥ. ഞങ്ങൾ കയറുമ്പോ തന്നെ ഇതിൽ ഒരുപാട് Backdoors ഉണ്ടായിരുന്നു. അതൊന്നും ഇന്ത്യൻ ഹാക്കേഴ്‌സിന്റെയല്ല എന്ന് ഞങ്ങൾക്ക് മനസിലായി.

8. അതിൽ ഞങ്ങൾ കണ്ട എല്ലാ ബാക്ക്ഡോഴ്സും ഞങ്ങൾ റിമൂവ് ചെയ്തു. അവിടെ കണ്ട ഹാക്കറിന്റെ സ്ക്രിപ്റ്റിൽ നിന്ന് ഞങ്ങൾക്ക് മനസിലായി ഡാറ്റ എടുക്കുക എന്ന ഉദ്ദേശത്തോടെ ആണ് അറ്റാക്കർ വന്നിരിക്കുന്നത് എന്ന് (ഡാറ്റ ഡൗൺലോഡ് ചെയ്തു എടുക്കാവാനുള്ള സ്ക്രിപ്റ്റ്സും, Dump ചെയ്ത ഡാറ്റയുടെ കോപ്പിയും ഉണ്ടായിരുന്നു സെർവറിൽ ).

9. ചൈനീസ് ഹാക്കർമാർ ഇന്ത്യക്കു എതിരെ അറ്റാക്ക് നടത്തുന്നു എന്ന റിപോർട്ടുകൾ വരുന്ന സാഹചര്യത്തിലും ഞങ്ങളുടെ റിപ്പോർട്ടിൽ പ്രതികരിക്കാത്ത സാഹചര്യത്തിലുമാണ് ഈ വിവരം ഞങ്ങൾ പബ്ലിക് ആക്കിയത്. ഞങ്ങൾക്ക് ഉറപ്പായിരുന്നു സെർവർ ഡൗൺചെയ്തു വേണ്ട നടപടികൾ സ്വീകരിക്കും എന്ന്. പോസ്റ്റ് ചെയ്തു 47 മിനിറ്റിനുള്ളിൽ സെർവർ ഡൌൺ ചെയ്തു.

10. ഡൽഹി ഗവണ്മെന്റിന്റെ covid പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്നത് ഈ സൈറ്റ് ആണ്. ഇന്നലെ ഇട്ട ഫോട്ടോകളിൽ നിന്ന് നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായെന്ന് പ്രതീക്ഷിക്കുന്നു. ഒരു രോഗിയെ ആഡ് ചെയ്യുന്നത്, റിസൾട്ട് ആഡ് ചെയ്യുന്നത്,ക്വാറന്റൈൻ നിരീക്ഷണവും,ടെസ്റ്റ് ചെയ്യുന്ന കണക്കുകളും കൂടുതൽ എന്തിനു പറയുന്നു കോവിടുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും സൂക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും ഈ സെർവറിൽ ആണ്.

ഞങ്ങൾ ഇപ്പൊ കയറി ഇന്ന് മുതൽ ആഡ് ചെയ്യുന്ന covidന്റെ ടെസ്റ്റ് റിസൾട്ട് എല്ലാം നെഗറ്റീവ് ആക്കിയാൽ നിങ്ങൾ എന്ത് ചെയ്യും..? ഒരു പൂച്ചകുട്ടിപോലും അറിയില്ല ഡാറ്റാ തിരുത്തി എന്ന്.

നെഗറ്റീവ് റിസൾട്ട് വരുമ്പോൾ ജനങ്ങളും,മാധ്യമങ്ങളും,സർക്കാരും എന്ത് വിചാരിക്കും covid കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നല്ലേ..? ഇന്ത്യയെ നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതു രാജ്യക്കാരനും ഇത് ചെയ്യാം. ഇതിനെ കുറിച്ച് അറിയുന്ന ഞങ്ങൾ മിണ്ടാതെ ഇരിക്കണോ പിന്നെ..?

covid പ്രതിരോധത്തിനായി ഡൽഹി മുഴുവനായും ഈ സൈറ്റിനെ ആണ് ആശ്രയിക്കുന്നത്. സർക്കാർ ഉൾപ്പടെ ഈ സൈറ്റിൽ നിന്ന് പ്രിന്റ് എടുത്താണ് പ്രസ്സിനു കൊടുക്കുന്നത് അങ്ങനെ ഉള്ള ഈ സൈറ്റ് ആരും ഡൽഹിക്ക് എതിരെ ഉപയോഗിക്കരുത് എന്ന ചിന്തയിൽ നിന്നാണ് ഞങ്ങൾ ഇത് പബ്ലിക് ആക്കിയത്.

കൃത്രിമമായി ഡാറ്റ തിരുത്തപ്പെട്ടാൽ അത് സമൂഹത്തെയും, മനുഷ്യ ജീവിതത്തെയും നശിപ്പിക്കും. ഇനിയും ചുരുക്കി പറഞ്ഞാൽ ഇപ്പൊൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഡൽഹിയെ ഒന്നാം സ്ഥാനത്ത്‌ ആക്കാനും വേണമെങ്കിൽ അവസാന സ്ഥാനത്ത് ആക്കാനും കഴിയും എന്നർത്ഥം. അതിന്റെ ഭവിഷ്യത്ത്‌ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ..?

11. ഈ കാര്യങ്ങളാണ് ഞങ്ങൾ ഇന്നലെ ചൂണ്ടിക്കാണിച്ചത്. അതിൽ തെറ്റുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ആരോഗ്യ പ്രവർത്തകരോട് ഇനിയും തൽസ്ഥിതി തുടർന്നാൽ ഞങ്ങളുടേതായ രീതിയിൽ ഞങ്ങൾ പ്രതികരിക്കും.

12. ഒരാൾക്കു വേണ്ടിയാണെങ്കിലും, ഒരുലക്ഷം ആളുകൾക്കു വേണ്ടിയാണെങ്കിലും നീതി നഷ്ടമായെന്ന് തോന്നിയാൽ ഞങ്ങൾക്ക് കഴിയുന്നത് പോലെ സൈബർ ലോകത്ത്‌ ഒരു ശബ്ദം ഉയർത്തുക തന്നെ ചെയ്യും. അവിടെ ഞങ്ങൾക്ക് പാർട്ടി നോക്കി പ്രതികരിക്കാനോ, മതം നോക്കി പ്രതികരിക്കാനോ താല്പര്യവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshackingkerala cyber warriors
Next Story