ബംഗളൂരു: ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരെ റഷ്യൻ ഏജൻസി പരിശീലിപ്പിക്കും. നേരത്തെ അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഏജൻസികളുമായി ചേർന്ന് പരിശീലനം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ റഷ്യയിൽ പരിശീലനം നൽകാൻ ഐ.എസ്.ആർ.ഒ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപ ഏജൻസിയായ ഗ്ലാവ്കോസ്മോസുമായി ഐ.എസ്.ആർ.ഒ കരാറിൽ ഒപ്പുവെച്ചു.
ഇന്ത്യക്കാരനായ രാകേഷ് ശർമയെ റഷ്യയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഇതുകൂടാതെ ഇന്ത്യൻ വ്യോമസേനയുടെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എയ്റോസ്പേസ് മെഡിസിൻ റഷ്യയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുമുണ്ട്. ഗ്ലാവ്കോസ്മോസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നാദാലിയയും ഗഗൻയാൻ ദൗത്യത്തിനുള്ള ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ ഡയറക്ടറും മലയാളിയുമായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്.
ബഹിരാകാശ യാത്രികരുടെ സെലക്ഷൻ, മെഡിക്കൽ പരിശോധന, പരിശീലനം തുടങ്ങിയ കാര്യങ്ങൾ റഷ്യൻ ഏജൻസിയുമായി ചേർന്നായിരിക്കും നടത്തുക. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകുക. വ്യോമസേനയിൽനിന്നായിരിക്കും ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുക. ആദ്യ രണ്ടു ഘട്ട പരിശീലനം ഇന്ത്യൻ എയ്റോസ്പേസ് മെഡിസിനിലും മൂന്നാം ഘട്ട പരിശീലനം വിദേശത്തുമായിരിക്കും.