പ്രപഞ്ചത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾക്ക് ഊർജതന്ത്ര നൊബേൽ സമ്മാനം

16:27 PM
08/10/2019
James-Peebles,-Didier-Queloz,-and-Michel-Mayor.jpg
ജെയിംസ് പീബിൾസ്, ദിദിയർ ക്വീലോസ്, മൈക്കൽ മേയർ

സ്റ്റോക്ക്ഹോം: പ്രപഞ്ചത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾക്ക് 2019ലെ ഊർജതന്ത്ര നൊബേൽ സമ്മാനം. കനേഡിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പീബിൾസ്, സ്വിസ് ശാസ്ത്രജ്ഞരായ മൈക്കൽ മേയർ, ദിദിയർ ക്വീലോസ് എന്നിവരാണ് ഊർജതന്ത്ര നൊബേൽ സമ്മാനം പങ്കിട്ടത്. 

പ്രപഞ്ചഘടനാശാസ്‌ത്രവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് ജെയിംസ് പീബിൾസ് സമ്മാനാർഹനായത്. പുരസ്കാര തുകയുടെ പകുതി ഇദ്ദേഹത്തിന് ലഭിക്കും. സൗരയൂഥത്തിന് സമാനമായ നക്ഷത്ര-ഗ്രഹ വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിനാണ് മൈക്കൽ മേയർ, ദിദിയർ ക്വീലോസ് എന്നിവർ നൊബേൽ പുരസ്കാരത്തിന് അർഹരായത്. സമ്മാനത്തുകയുടെ പകുതി ഇവർ പങ്കിടും. 

ഇവരുടെ കണ്ടെത്തലുകൾ പ്രപഞ്ചത്തെ കുറിച്ചുള്ള ഇതുവരെയുണ്ടായിരുന്ന ധാരണകൾ തിരുത്തുന്നതാണെന്ന് നൊബേൽ സമ്മാനത്തിന്‍റെ സംഘാടകരായ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് അഭിപ്രായപ്പെട്ടു. 

വൈദ്യശാസ്ത്ര നൊബേൽ സമ്മാനം യു.എസ് ഗവേഷകരായ വില്യം കെയ്‌ലിൻ, ഗ്രെഗ് സെമേൻസ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റർ റാറ്റ്ക്ലിഫും പങ്കിട്ടിരുന്നു. ശരീരത്തിലേക്കു ലഭിക്കുന്ന ഓക്സിജന്‍റെ അളവനുസരിച്ചുള്ള കോശങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ‘മോളിക്യുലാർ സ്വിച്ചി'ന്‍റെ കണ്ടെത്തലിനാണ് പുരസ്കാരം. 

രസതന്ത്രത്തിലെ നൊബേൽ സമ്മാനം ബുധനാഴ്ച പ്രഖ്യാപിക്കും. 2018ലെയും 19ലെയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. 

Loading...
COMMENTS