ടോക്യോ: ജപ്പാനിലെ സമുദ്രജീവശാസ്ത്രജ്ഞനും രസതന്ത്ര നൊേബൽ ജേതാവുമായ ഒസാമു ഷിമോമുറ നിര്യാതനായി. 90 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയാണ് മരണമെന്ന് നാഗസാക്കി സർവകലാശാല വൃത്തങ്ങളാണ് അറിയിച്ചത്.
അർബുദപഠനങ്ങൾക്ക് സഹായകമായ ജെല്ലിഫിഷ് പ്രോട്ടീനിെൻറ കണ്ടുപിടിത്തത്തിന് 2008ലാണ് ഷിമോമുറക്ക് അമേരിക്കക്കാരായ രണ്ടുപേർക്കൊപ്പം നൊബേൽ പുരസ്കാരം ലഭിച്ചത്. 1928ൽ ക്യോേട്ടാവിൽ ജനിച്ച ഷിമോമുറ, നാഗസാക്കിയിലാണ് പഠിച്ചത്.
1945ലെ ആണവായുധാക്രമണത്തിൽ രക്ഷപ്പെട്ട ഷിമോമുറ രണ്ടാം ലോകയുദ്ധത്തെ തുടർന്ന് പഠനം നിർത്തിവെക്കേണ്ടിവന്നിരുന്നു. പിന്നീട് രസതന്ത്രത്തിൽ ബിരുദമെടുത്ത് യു.എസിലേക്ക് ഉന്നതപഠനത്തിന് കുടിയേറി. യു.എസിൽ ദീർഘകാലം കഴിഞ്ഞ് പിന്നീട് ജപ്പാനിലേക്ക് മടങ്ങുകയായിരുന്നു.