വാഷിങ്ടണ്‍: സൂര്യനെക്കുറിച്ചുള്ള വിശദ പഠനത്തിനായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അടുത്ത വര്‍ഷം റോബോട്ടിക് ഉപഗ്രഹം വിക്ഷേപിക്കും. സോളാര്‍ പ്രോബ് പ്ളസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നാസ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
സൂര്യന്‍െറ ഉപരിതലമെന്ന് വിശേഷിപ്പിക്കാവുന്ന ഫോട്ടോസ്ഫിയര്‍, സൗരാന്തരീക്ഷമായ കൊറോണ എന്നിവയെക്കുറിച്ചുള്ള പഠനമാണ് സോളാര്‍ പ്രോബ് പ്ളസിലൂടെ ലക്ഷ്യമിടുന്നതെന്ന് നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫൈ്ളറ്റ് സെന്‍ററിലെ ഉദ്യോഗസ്ഥനായ എറിക് ക്രിസ്റ്റ്യന്‍ പറഞ്ഞു. ഇതോടൊപ്പം സൗരവാതത്തിന്‍െറ ദുരൂഹതകളിലേക്കും നാസ അന്വേഷണം നടത്തും.
2009ല്‍ വിക്ഷേപണം ലക്ഷ്യമിട്ടാണ് നാസ ഈ പദ്ധതി തുടങ്ങിയതെങ്കിലും പല കാരണങ്ങളാല്‍ നീളുകയായിരുന്നു.
2018 ജുലൈ 31ന് വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. കൃത്യസമയത്ത് തന്നെ വിക്ഷേപിക്കുകയാണെങ്കില്‍ 2024 ഡിസംബറില്‍ സൂര്യന്‍െറ ഭ്രമണപഥത്തില്‍ സോളാര്‍ പ്രോബ് പ്ളസ് എത്തും. 88 ദിവസമായിരിക്കും ഈ കൃത്രിമോപഗ്രഹം ഇവിടെ പ്രവര്‍ത്തിക്കുക.