സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും ആകാശത്ത് തൊട്ടുരുമ്മിനിൽക്കുന്ന മനോഹരദൃശ്യം നാളെ ഡിസംബർ 21ാം തീയതി നഗ്ന നേത്രങ്ങൾ കൊണ്ട് കാണാം. ഏറ്റവും അടുത്തെത്തുന്ന ദിവസമായ നാളെ ഇരുവരും തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറയും. 400 വര്‍ഷത്തിനിടെ ആദ്യമായി സംഭവിക്കുന്ന ഇൗ മഹാ സംഗമം ഇനി 60 വർഷങ്ങൾക്ക് ശേഷം 2080 മാർച്ച് 15ന് മാത്രമാണ് ദൃശ്യമാവുക എന്നതും പ്രത്യേകതയാണ്. ഇതിനുമുമ്പ് ഇവ ഇത്രയും അടുത്തുവന്നത് 1623ലാണ്.
ജ്യോതിശാസ്ത്രത്തില്‍ ഈ പ്രതിഭാസത്തെ 'Great Conjunction' എന്നാണ് വിളിക്കപ്പെടുന്നത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ രണ്ട് ഗ്രഹങ്ങളും പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതായിട്ട് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇരുവരും തമ്മിലുള്ള അകലം ഏകദേശം 75 കോടി കിലോമീറ്ററോളം വരുമത്രേ.
സൂര്യാസ്തമയത്തിനു ശേഷം ഈ പ്രതിഭാസം ദർശിക്കാം. നല്ലൊരു ദൂരദർശിനിയുണ്ടെങ്കിൽ ഇരുഗ്രഹങ്ങളെയും വെവ്വേറെ കാണാം. വ്യാഴം സൂര്യനെ ഏകദേശം 12 വർഷംകൊണ്ടും ശനി ഏകദേശം 30 വർഷംകൊണ്ടും ഒരുതവണ ചുറ്റുന്നു. രണ്ടും ഒരേദിശയിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് ചുറ്റുന്നത്. അതിനാൽ ഓരോ 20 വർഷം കൂടുമ്പോഴും വ്യാഴം ശനിയെ ആകാശത്ത് മറികടക്കുന്നത് കാണാം.