You are here
മനുഷ്യൻ ബാഹ്യാകാശത്തേക്ക്; ആദ്യ പരീക്ഷയിൽ െഎ.എസ്.ആർ.ഒക്ക് ജയം
ബംഗളൂരു: ബഹിരാകാശ സഞ്ചാരികളെയുമായി വിക്ഷേപണത്തറയിൽ നിന്ന് തീതുപ്പി കുതിക്കുന്ന റോക്കറ്റ് നിമിഷങ്ങൾക്കകം കത്തിച്ചാമ്പലായാൽ അതിനുള്ളിലെ മനുഷ്യജീവനെ എങ്ങനെ രക്ഷിക്കാം? അതിനുള്ള ഉത്തരം തേടി നടത്തിയ ആദ്യ നിർണായക പരീക്ഷണത്തിൽ (പാഡ്അബോർട്ട് ടെസ്റ്റ്-പാറ്റ്)ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനക്ക് (െഎ.എസ്.ആർ.ഒ)മിന്നും ജയം. മനുഷ്യനെ ബാഹ്യാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യൻ യത്നങ്ങൾക്ക് വൻ കുതിപ്പേകുന്നതുകൂടിയാണ് ഇൗ പരീക്ഷണവിജയം.
കൗണ്ട്ഡൗൺ
വ്യാഴാഴ്ച രാവിലെ ഏഴിന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് 12.6 ടൺ ഭാരമുള്ള പരീക്ഷണ റോക്കറ്റ് കുതിച്ചുയർന്നു. അതിലെ പേടകത്തിൽ യഥാർഥ ബഹിരാകാശ സഞ്ചാരിക്ക് തുല്യനായ മാതൃകയുണ്ടായിരുന്നു. നാലുമിനിറ്റിനകം റോക്കറ്റ് 2.7 കി.മീറ്റർ ഉയരത്തിലെത്തി. തുടർന്ന് അതിലെ പേടകം വേർപെട്ടു.
അതിനുശേഷം പാരച്യൂട്ടിെൻറ സഹായത്തോടെ മാതൃകാ ബഹിരാകാശ സഞ്ചാരിക്കൊപ്പം ബംഗാൾ ഉൾക്കടലിൽ നിശ്ചയിച്ച സ്ഥലത്ത് സുരക്ഷിതമായി പതിച്ചു. വിക്ഷേപണകേന്ദ്രത്തിൽനിന്ന് 2.9 കി.മീറ്റർ അകലെയായാണ് കടലിൽ വീണത്. ഉടൻ മൂന്ന് രക്ഷാബോട്ടുകൾ എത്തി പേടകത്തെ കരക്കടുപ്പിച്ചു.
ഖര ഇന്ധനം
അടിയന്തരഘട്ടത്തിൽ ബഹിരാകാശ സഞ്ചാരികളെ പുറത്തെത്തിക്കാൻ കഴിയുംവിധം പ്രത്യേകമായി രൂപകൽപനചെയ്ത ഖര ഇന്ധനമുള്ള റോക്കറ്റാണ് വിക്ഷേപണത്തിനുപയോഗിച്ചത്. ഇത് ഭൗമോപരിതലത്തിൽനിന്ന് സുരക്ഷിതമായ ദൂരത്തിലുയരുേമ്പാഴേക്കും അപകടസാധ്യതയുണ്ടായാൽ ബഹിരാകാശ സഞ്ചാരിക്ക് പേടകത്തിലൂടെ പുറത്തേക്ക് തെറിക്കാനാകും.
അനുമതി കാത്ത്
കേന്ദ്ര സർക്കാർ ഇതുവരെ മനുഷ്യനെ ബഹിരാകാശത്ത് അയക്കാൻ അനുമതി നൽകിയിട്ടില്ല. അനുമതി ലഭിച്ചശേഷം വിക്ഷേപണത്തിന് ഏഴുമുതൽ പത്തുവർഷംവരെ വേണ്ടിവരും. അതിനായി 17,000 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. വിക്ഷേപിച്ച പേടകത്തെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന പരീക്ഷണം 2007ൽ െഎ.എസ്.ആർ.ഒ വിജയകരമായി നടത്തിയിരുന്നു. നിലവിൽ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചിട്ടുള്ളത്.