തിരുവനന്തപുരം: ഇന്ത്യയെ ആകാശങ്ങൾക്കുമപ്പുറം സ്വപ്നംകാണാൻ പഠിപ്പിച്ച ബഹിരാകാശ പറക്കലിന് ഇന്ന് 50 വയസ്സ്. 1967 നവംബർ 20-നാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ സൗണ്ടിങ് റോക്കറ്റ് ‘രോഹിണി-75’ തുമ്പയിൽനിന്ന് കുതിച്ചുയർന്നത്. ബഹിരാകാശ പര്യവേഷണരംഗത്ത് ഒരു മഹാരാജ്യത്തിെൻറ കരുത്തുറ്റ കാൽവെപ്പിനാണ് അന്ന് ലോകം സാക്ഷിയായത്. 1963 നവംബർ 21ന് അമേരിക്കയിൽനിന്ന് കൊണ്ടുവന്ന ‘നൈക്ക് അപാഷെ’ തുമ്പയിലെ താൽക്കാലിക വിക്ഷേപണ തറയിൽനിന്ന് 200 കിലോമീറ്റർ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചപ്പോൾ, ഇന്ത്യക്ക് മാത്രമായി ഒരു റോക്കറ്റ് വേണമെന്ന വിക്രംസാരാഭായിയുടെ ആഗ്രഹമായിരുന്നു ആർ.എച്ച്-75െൻറ പിറവിയിലേക്ക് പിന്നീട് എത്തിച്ചത്.
റോക്കറ്റ് നിർമാണത്തിനാവശ്യമായ ശാസ്ത്രജ്ഞരെ സാരാഭായി നേരിട്ടു തെരഞ്ഞെടുക്കുകയായിരുന്നു. മുൻ ഇന്ത്യൻ പ്രഡിഡൻറ് കൂടിയായ ഡോ. എ.പി.ജെ. അബ്ദുൽകലാം അടക്കം എഴുപേരായിരുന്നു ആദ്യ സംഘത്തിൽ. ഇവരെ അമേരിക്കയിലെ നാസയിൽ അയച്ച് പരിശീലനം നൽകി. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ ലോഡ്ജുകളിൽ താമസിച്ചും റെയിൽവേ കാൻറീനിൽ നിന്നും മറ്റും ഭക്ഷണം കഴിച്ചും ബസിൽ യാത്രചെയ്തും സൈക്കിൾ ചവിട്ടിയുമായിരുന്നു ഇവർ തുമ്പയിലെത്തിയത്. വർക്ഷോപ്പിന് തുല്യമായ അന്തരീക്ഷത്തിലായിരുന്നു ഗവേഷണകേന്ദ്രത്തിെൻറ പ്രവർത്തനം. സൈക്കിളിലായിരുന്നു രോഹിണിയുടെ ഭാഗങ്ങൾ അന്ന് തുമ്പയിലേക്ക് കൊണ്ടുവന്നത്. ഒടുവിൽ 1967 നവംബർ 20ന് അസ്തമയ സൂര്യെൻറ പൊൻപ്രഭയിൽ തുമ്പ തിളങ്ങിനിൽക്കെ ഒന്നര മീറ്റർ നീളവും 32 കിലോ ഭാരവും 75 മില്ലി മീറ്റർ വണ്ണവുമായി 10 കിലോമീറ്റർ താണ്ടി ‘ആർ.എച്ച്-75’ അറബിക്കടലിൽ പതിച്ചു. റോക്കറ്റിെൻറ നിർമാണം വിജയമായെങ്കിലും കൂടുതൽ ഉയരങ്ങളിലേക്കും ലക്ഷ്യത്തിലേക്കും പറക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.
വിക്ഷേപണത്തിെൻറ ശാസ്ത്രവും പ്രവർത്തനവും കൃത്യമായി അറിയണമെന്ന് ശാസ്ത്രജ്ഞരായ വിക്രംസാരാഭായിയും ഹോമി ജെ.ഭാഭയും തിരിച്ചറിഞ്ഞു. രോഹിണിയുടെ വിജയം ഇന്ത്യൻ ശാസ്ത്രലോകത്തിന് നൽകിയ ആത്മവിശ്വാസം തിരിച്ചറിഞ്ഞ ഇന്ദിരഗാന്ധിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. റോക്കറ്റ് നിർമാണത്തെക്കുറിച്ചും സാങ്കേതികവിദ്യ കൈമാറ്റവുമായി ബന്ധപ്പെട്ടും ഫ്രാൻസുമായി അന്ന് കരാറിൽ ഒപ്പുവെച്ചു. പിന്നീട് കണ്ടതെല്ലാം ചരിത്രം. 1968 ഫെബ്രുവരി രണ്ടിന് തുമ്പ വിക്ഷേപണ കേന്ദ്രം രാഷ്ട്രത്തിനായി സമർപ്പിച്ചു. 1969-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ഐ.എസ്.ആർ.ഒ) സ്ഥാപിതമായി. ഇന്ന് ചാന്ദ്രയാനും മംഗൾയാനും കടന്ന് ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ വരെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുന്നതരത്തിലേക്ക് രാജ്യം വളർന്നു. ആ ശാസ്ത്രജ്ഞന്മാരുടെ കരുത്തിൽ.