ജിസാറ്റ്-30 വാർത്താവിനിമയ ഉപഗ്രഹ വിക്ഷേപണം വിജയകരം VIDEO

07:46 AM
17/01/2020
gsat30

ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 

യുറോപ്യൻ വിക്ഷേപണ വാഹനമായ ഏരിയൻ-5 (വി.എ-251) റോക്കറ്റാണ് വിക്ഷേപിച്ച് 38 മിനിട്ടിനുള്ളിൽ ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഏരിയൻ-5ന്‍റെ 24ാമത്തെയും ഈ വർഷത്തെ ആദ്യത്തെയും വിക്ഷേപമാണിത്. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30ന്‍റെ സേവനം ലഭിക്കുക. 

ജിസാറ്റിനൊപ്പം യൂട്ടെൽസാറ്റ് കണക്ട് എന്ന യൂറോപ്യൻ ഉപഗ്രവും വിക്ഷേപിച്ചിട്ടുണ്ട്. വിസാറ്റ് നെറ്റ് വർക്ക്, ഡി.ടി.എച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ് ലിങ്കിങ്, ഡി.എസ്.എൻ.ജി, ഇന്‍റർനെറ്റ് സേവനങ്ങൾക്കാണ് ജിസാറ്റ് 30 ഉപഗ്രഹത്തിന്‍റെ സേവനം ഉപയോഗിക്കുന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങളിലും ദ്വീപുകളിലും ക്യൂ-ബാന്‍റ് സേവനവും ഏഷ്യയിലെ മധ്യപൂർവ മേഖലകളിലെ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ സി-ബാന്‍റ് സേവനവും ജിസാറ്റ് 30 വഴി ലഭ്യമാകും.

2020ലെ ഐ.എസ്.ആർ.ഒയുടെ ആദ്യ ദൗത്യമാണിത്. 3357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്‍റെ 15 വർഷമാണ് ആയുസ്.

Loading...
COMMENTS