ലണ്ടൻ: ഏറ്റവും വിഷമേറിയ പാമ്പിെൻറ കടിയേറ്റാൽ പ്രതിവിധിയായി ഉപയോഗിക്കാൻ മനുഷ്യജീനിൽനിന്ന് പ്രതിവിഷം വികസിപ്പിച്ചതായി ഡെന്മാർക്കിലെ ടെക്നിക്കൽ യൂനിവേഴ്സിറ്റി (ഡി.റ്റി.യു) ഗവേഷകർ. ശ്വേതരക്താണുക്കളിൽനിന്നും വികസിപ്പിച്ച ആൻറിബോഡികളാണ് പ്രതിവിഷമായി വികസിപ്പിച്ചത്. ഇവ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാനാവുമെന്ന് ഗവേഷകർ അവകാശപ്പെട്ടു. ബയോടെക്നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതാണ് കണ്ടെത്തലിന് സഹായകരമായതെന്ന് നേച്വർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു.
ആഫ്രിക്കയിലെ ബ്ലാക് മാമ്പ എന്ന പാമ്പാണ് ലോകത്തിലെ ഏറ്റവും മാരക വിഷമേറിയ പാമ്പായി കരുതുന്നത്. ഇവയുടെ കടിയേറ്റവരുടെ അതിജീവന സാധ്യത വളരെ കുറവാണ്. വിഷചികിത്സയിലെ സുപ്രധാനമായ വഴിത്തിരിവാണിതെന്ന് ഡി.റ്റി.യുവിലെ അസിസ്റ്റൻറ് പ്രഫസറായ ഹൊഗാർഡ് ലോസ്റ്റൻ പറഞ്ഞു.
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വെള്ളിക്കെട്ടൻ, എട്ടടിവീരൻ, ശംഖുവരയൻ തുടങ്ങിയവ ഉൾപ്പെടുന്ന ഇലാപിഡെ എന്ന ജന്തുശാസ്ത്ര കുടുംബത്തിലെ അംഗമാണ് ബ്ലാക് മാമ്പ. എല്ലാതരം പാമ്പുവിഷങ്ങൾക്കുമെതിരെ പ്രയോഗിക്കാവുന്ന പ്രതിവിഷം വികസിപ്പിക്കാനുള്ള ശ്രമം ഉൗർജിതമാണെന്ന് ഡി.റ്റി.യു ഗവേഷകർ പറഞ്ഞു.