ലണ്ടൻ: എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണം അമിതവണ്ണത്തിന് ഹേതുവാകുമെന്നതിനാൽ ശരീരത്തിന് ദോഷകരമെന്ന വാദം ശക്തമാണെങ്കിലും ഇത്തരം പാചകങ്ങൾ പരിസ്ഥിതിക്ക് ഗുണകരമെന്ന് ശാസ്ത്രജ്ഞർ. എണ്ണയിൽ വറുക്കുേമ്പാൾ ആവിയായി ഉയരുന്ന കൊഴുപ്പ് അമ്ലങ്ങൾ അന്തരീക്ഷത്തിൽ മേഘങ്ങളുടെ രൂപവത്കരണം ത്വരിതപ്പെടുത്തുമത്രെ. മേഘങ്ങളുടെ വൻതോതിലുള്ള സാന്നിധ്യം സൂര്യതാപത്തെ ബഹിരാകാശത്തേക്ക് തിരിച്ചുവിടുമെന്നതിനാൽ കാലാവസ്ഥവ്യതിയാനത്തിന് തടയിടാൻ ഇത് സഹായകമായിത്തീരും. ബ്രിട്ടനിലെ റീഡിങ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രഗവേഷകരാണ് പുതിയ നിഗമനം പുറത്തുവിട്ടത്.
അന്തരീക്ഷത്തിൽ പടരുന്ന കൊഴുപ്പിലെ തന്മാത്രകൾ മേഘരൂപവത്കരണത്തിന് സഹായിക്കുന്ന എയറോസോളുകളുടെ ആയുസ്സ് വർധിപ്പിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ക്രിസ്റ്റഫർ ഫ്രാങ് വ്യക്തമാക്കി. കാലാവസ്ഥവ്യതിയാനവുമായി ബന്ധപ്പെട്ട് എയറോസോളുകളുടെ ആയുസ്സ് വർധിപ്പിക്കുന്നതുസംബന്ധിച്ച പഠനങ്ങൾ ലോകവ്യാപകമായി നടന്നുവരുകയാണ്. ഒാസോൺ ബഹിർഗമനത്തെ പ്രതിരോധിക്കാൻ കൊഴുപ്പിലെ തന്മാത്രകൾക്ക് അസാധാരണ ശേഷിയുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.