ച​ന്ദ്ര​യാ​ൻ-2​​ വിക്ഷേപണം ജൂലൈ 15ന്; റോവറിൽ അശോക ചക്രവും 

  • റോവറിൽ അശോക ചക്രം ആലേഖനം ചെയ്യും

15:08 PM
12/06/2019
Chandrayaan-2

ബംഗളൂരു: ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2​​ പേടകത്തിന്‍റെ വിക്ഷേപണം ജൂലൈ 15ന്. അന്നേ ദിവസം പുലർച്ചെ 2.51ന് ശ്രീഹരിക്കോട്ടയിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റാണ് 3,290 കി​ലോഗ്രാം ഭാരമുള്ള പേടകത്തെ വഹിക്കുക. സെപ്റ്റംബർ ആറിന് ച​ന്ദ്ര​യാ​ൻ-2 ചാ​ന്ദ്രോപരിതലത്തിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. 

ചാ​ന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്ന റോവറിൽ അശോക ചക്രം ആലേഖനം ചെയ്യും. ഹീലിയം മൂന്നിന്‍റെ സാന്നിധ്യത്തെ കുറിച്ചുള്ള പഠനമാണ് രണ്ടാം ചാന്ദ്ര ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. വെള്ളത്തിന്‍റെയും ധാതുക്കളുടെയും സാന്നിധ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ഇ​ന്ത്യ​ൻ സ്പേ​സ് റി​സേ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (​െഎ.​എ​സ്.​ആ​ർ.​ഒ) ചെയർമാൻ ഡോ. കെ. ശിവൻ വാർത്താസമ്മേളനത്തിലാണ് വിക്ഷേപണ വിവരങ്ങൾ പുറത്തുവിട്ടത്. പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന സേഫ് ലാൻഡിങ് ആണ് ചന്ദ്രയാൻ 2ന്‍റെ വിധി നിർണയിക്കുകയെന്ന് ഡോ. അശോകൻ പറഞ്ഞു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ കൂടുതൽ വെള്ളത്തിന്‍റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. അതിനാലാണ് ഇവിടേക്ക് പേടകത്തെ അയക്കുന്നത്. 

മൂന്ന് ലക്ഷത്തിലധികം കിലോമീറ്റർ ദൂരത്തിൽ ബാഹ്യ സഹായമില്ലാതെ സ്വമേധയാ ആണ് ലാൻഡിങ് നടക്കേണ്ടത്. സെൻസർ, നാവിഗേഷൻ, ഗൈഡൻസ്, സോഫ്റ്റ് വെയർ തുടങ്ങിയ സംവിധാനങ്ങളുടെ സഹായത്തിലാണ് ലാൻഡിങ് നിർവഹിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ച​ന്ദ്ര​യാ​ൻ-2​​ പേടകത്തിന്‍റെ ദൃശ്യങ്ങൾ െഎ.​എ​സ്.​ആ​ർ.​ഒ രാവിലെ പുറത്തുവിട്ടിരുന്നു. 800 കോ​ടിയോളം രൂ​പ​യാ​ണ് ദൗ​ത്യ​ത്തി​ന്​​ ചെ​ല​വ്​. ​

ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ഒാർബിറ്റർ, ചാ​ന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡർ (വിക്രം), ചാ​ന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ആറു ചക്രമുള്ള റോവർ (പ്രഗ്യാൻ) എന്നീ മൂന്ന് ഘടകങ്ങളാണ് പേടകത്തിനുള്ളത്. എട്ട് ഉപകരണങ്ങൾ അടങ്ങുന്നതാണ് ഒാർബിറ്റർ. നാസയുടെ ഇമേജിങ് ഇൻഫ്ര റെഡ് സ്പെക്ട്രോമീറ്റർ (ഐ.ഐ.ആർ.എസ്)ഉം ഒാർബിറ്ററിന്‍റെ ഭാഗമാകും. ഇത് മാത്രമാണ് ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ഒാർബിറ്ററിലെ ഏക വിദേശ സാമഗ്രി. 

ര​ണ്ടാ​ം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​ത്തിലെ ഏറ്റവും വലിയ പ്രത്യേകത 'വിക്രം' എന്ന പേരിലുള്ള ലാൻഡർ ആണ്. പേടകത്തിന്‍റെ സോഫ്റ്റ് ലാൻഡിങ് രീതി ആദ്യമായാണ് െഎ.​എ​സ്.​ആ​ർ.​ഒ പരീക്ഷിക്കുന്നത്. ഒന്നാം ചാ​ന്ദ്രയാൻ ദൗ​ത്യ​ത്തിൽ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് പരീക്ഷിച്ചിരുന്നത്. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് സോഫ്റ്റ് ലാൻഡിങ് പരീക്ഷിച്ച് വിജയിച്ച മറ്റ് രാജ്യങ്ങൾ. 

ചന്ദ്രന്‍റെ മധ്യരേഖയിൽ നിന്ന് തെക്കോട്ട് മാറിയാണ് ച​ന്ദ്ര​യാ​ൻ-2​​ പേടകം ഇറക്കുക. മറ്റൊരു രാജ്യവും മധ്യരേഖയിൽ നിന്ന് മാറി ഇതുവരെ പേടകം ഇറക്കിയിട്ടില്ല. ലാൻഡർ സഹായത്തോടെ പേടകം ചാ​ന്ദ്രോപരിതലത്തിൽ ഇറങ്ങി 15 മിനിറ്റിനുള്ളിൽ റോവർ വേർപ്പെടും. 14 ദിവസം റോവർ സൗരോർജത്തിന്‍റെ സഹായത്തിൽ ചാ​ന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ചാ​ന്ദ്രോപരിതലത്തിൽ ഗ​വേ​ഷ​ണം ന​ട​ത്താ​ൻ െഎ.​എ​സ്.​ആ​ർ.​ഒ ആ​ദ്യ​മാ​യി റോ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഇത്തവണയാണ്. 

2008 ഒക്​ടോബർ 22നാണ്​ ആദ്യത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ചന്ദ്രയാൻ-1 ഇന്ത്യ വിക്ഷേപിച്ചത്​. 2009 ആഗസ്​റ്റ്​ 29ന് ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക്​ നഷ്​ടമാവുകയായിരുന്നു. ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്. 2022ൽ ​ഇ​ന്ത്യ​ക്കാ​ര​നെ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ക്കാ​നാ​ണ്​ ലക്ഷ്യമിടു​ന്ന​ത്.

Loading...
COMMENTS