കുതിക്കാൻ തയാറായി ചന്ദ്രയാൻ 2; വിക്ഷേപണം 15ന് 

10:51 AM
08/07/2019
Pragyaan-rover

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണ ഒരുക്കം ശ്രീഹരിക്കോട്ടയിൽ പൂർത്തിയായി. പൂർണസജ്ജമായ ഉപഗ്രഹത്തിന്‍റെ ചിത്രം ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. 1000 കോടി ചെലവിട്ടാണ് ചാന്ദ്രയാൻ 2 ദൗത്യം യാഥാർഥ്യമാക്കുന്നത്. 15ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. 

ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിക്കുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ചാന്ദ്രയാൻ 2ന്‍റെ ഭാഗമായുള്ളത്. ജി.എസ്.എൽ.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 ആണ് ചാന്ദ്രയാനെ ഭ്രമണപഥത്തിലെത്തിക്കുക. 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളതാണ് മാർക് 3 റോക്കറ്റ്.

സെപ്റ്റംബർ ആദ്യ ആഴ്ചയോടെ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. വിക്രം എന്നാണ് ലാൻഡർ ഘടകത്തിന് പേര്. ചാന്ദ്രയാൻ ഒന്നിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു അവലംബിച്ചത്. 3.84 ലക്ഷം കിലോ മീറ്റർ സഞ്ചരിച്ചാണ് ചന്ദ്രയാൻ 2 ലക്ഷ്യത്തിലെത്തുക.

ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ ഘടകത്തിന് പ്രഗ്യാൻ എന്നാണ് പേരിട്ടത്. 27 കിലോ ഗ്രാം ഭാരവും ആറ് ചക്രക്കാലുകളുമുള്ള പ്രഗ്യാൻ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് പര്യവേക്ഷണം നടത്തുക. ക്യാമറകളും ചന്ദ്രനിലെ മണ്ണിനെ കുറിച്ച് പഠിക്കാനുള്ള സംവിധാനവും പ്രഗ്യാനിലുണ്ട്. 

ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനിൽ സുരക്ഷിതമായി സേഫ് ലാൻഡിങ് നടത്തുകയാണെങ്കിൽ ഈ ശ്രമത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവർ മാത്രമാണ് സേഫ് ലാൻഡിങ് വിജയകരമായി നടത്തിയത്. 

2008 ഒക്ടോബർ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാൻ ഒന്ന്.  386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്. 

Loading...
COMMENTS