Top
Begin typing your search above and press return to search.
exit_to_app
exit_to_app
പള്ളിമുറ്റത്തുനിന്ന്  തുടങ്ങിയ ബഹിരാകാശ കുതിപ്പിന് 53
cancel

വേളി: പള്ളിമുറ്റത്തുനിന്ന് രാജ്യത്തിന്‍െറ ആദ്യ റോക്കറ്റ് പറന്നിട്ട് ഇന്ന് 53 വര്‍ഷം തികയുന്നു. 1963 നവംബര്‍ 21ന്  തുമ്പയിലെ പള്ളി മുറ്റത്തുനിന്നാണ് നൈക് അപ്പാഷെ എന്ന രാജ്യത്തിന്‍െറ ആദ്യ റോക്കറ്റ് പറന്നയുര്‍ന്നത്. റോക്കറ്റ് നാസയുടേതും പരീക്ഷണദൗത്യം ഫ്രാന്‍സിന്‍േറതുമായിരുന്നു. സൈക്കിളിലും തലച്ചുമടായും റോക്കറ്റിന്‍െറ ഭാഗങ്ങള്‍ എത്തിച്ച് കൂട്ടിയിണക്കിയുള്ള വിക്ഷേപണം ശ്രമകരമായിരുന്നെങ്കിലും വിജയം കണ്ടു.

ആ വിക്ഷേപണത്തോടെ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പയില്‍ നിവലില്‍ വന്നു. തുമ്പ ഇക്വിറ്റോറിയല്‍ എന്നായിരുന്നു ആദ്യ പേര്. തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ എന്ന പേര്  ശാസ്ത്രജ്ഞന്‍ ഡോ. വിക്രം സാരാഭായിയുടെ മരണശേഷം അദ്ദേഹത്തിന്‍െറ സ്മരണാര്‍ഥം വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ (വി.എസ്.എസ്.സി) എന്ന് പുനര്‍നാമകരണം ചെയ്തു. ആദ്യകാലത്ത് തുമ്പയിലെ തെങ്ങുകളില്‍ ഘടിപ്പിച്ചായിരുന്നു റോക്കറ്റുകളുടെ ക്ഷമത പരിശോധിച്ചിരുന്നത്.

റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍  നിലവില്‍ വന്ന് നാലുവര്‍ഷം പിന്നിട്ടപ്പോള്‍തന്നെ ഇന്ത്യന്‍ നിര്‍മിത റോക്കറ്റ് ആദ്യമായി തുമ്പയില്‍നിന്ന് വീണ്ടും പറന്നു. ഒരു മീറ്റര്‍ നീളവും ഏഴു കിലോയില്‍ താഴെ ഭാരവുമുള്ള രോഹിണി 75, 1967 ലാണ് വിക്ഷേപിച്ചത്. പിന്നീട് 1971ല്‍ ശ്രീഹരിക്കോട്ടയിലെ പുതിയ ബഹിരാകാശ ഗവേഷണകേന്ദ്രവും വിക്ഷേപണ കേന്ദ്രവും നിലവില്‍ വന്നതോടെ ഉപഗ്രഹ വിക്ഷേപണമുള്‍പ്പെടെ സുപ്രധാന വിക്ഷേപണങ്ങള്‍ അവിടേക്കു മാറി.1980ല്‍ ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ എസ്.എല്‍.വി 3, 35 കിലോ ഭാരമുള്ള ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹവുമായ രോഹിണിയുമായി ആകാശത്തേക്കു കുതിച്ചതു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍  സ്പേസ് സെന്‍ററില്‍നിന്നാണ്. പിന്നീട് ബഹിരാഹാശരംഗത്ത് ഉണ്ടായ രാജ്യത്തിന്‍െറ വളര്‍ച്ച ചരിത്രമാണങ്കിലും 53 വര്‍ഷം മുമ്പ് നൈക് അപ്പാഷെയുടെ കുതിപ്പിന് ഇന്ത്യന്‍ വിക്ഷേപണ ചരിത്രത്തിലുള്ള പ്രാധാന്യം ചെറുതല്ല.

1962 ലാണ് തുമ്പ എന്ന മത്സ്യഗ്രാമത്തില്‍ തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ (ടേള്‍സ്) സ്ഥാപിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച് (ഇന്‍കോസ്പാര്‍) തീരുമാനിച്ചത്. ഭൂമിയുടെ കാന്തിക രേഖയോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്നെന്ന കാരണത്താല്‍ ഈ പ്രദേശം അനുയോജ്യമാണെന്ന് അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച് ലബോറട്ടറിയിലെ ഡോ. ചിറ്റ്നിസ് കണ്ടത്തെി. സ്ഥലം ഏറ്റെടുക്കാന്‍ കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെ ഏറെ കടമ്പകളുണ്ടായിരുന്നു.

എങ്കിലും നാടിന്‍െറ വികസനം സ്വപ്നം കണ്ട ഒരു ഗ്രാമം പൂര്‍ണ മനസ്സോടെ സ്ഥലം വിട്ടുനല്‍കി ചരിത്രത്തില്‍ ഇടം പിടിക്കുകയായിരുന്നു. അന്നത്തെ ജില്ല കലക്ടര്‍ കെ. മാധവന്‍ നായര്‍ സ്ഥലം ഏറ്റെടുക്കുന്ന ചുമതല വേഗത്തില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേന്ദ്രപൊതുമരാമത്ത് ചീഫ് എന്‍ജീനിയര്‍ ആര്‍.ഡി. ജോണ്‍ പ്രദേശത്തിന്‍െറ മുഖച്ഛായതന്നെ മാറ്റിയെടുത്തു. ബഹിരാകാശ ഗവേഷണത്തിനും വിക്ഷേപണത്തിനുമായി സ്ഥലം വിട്ടുകൊടുത്തവര്‍ അധികൃതര്‍ക്ക് മുന്നില്‍ ഒരാവശ്യം മുന്നോട്ടുവെച്ചു.

 വിട്ടു നല്‍കിയ സ്ഥലത്തെ സെന്‍റ് മേരി മഗ്ദലന്‍പള്ളിയുടെ അല്‍ത്താര പൊളിക്കരുതെന്ന്  സ്ഥലം ഏറ്റെടുത്ത അധികൃതര്‍ പള്ളി അങ്ങനെതന്നെ നിലനിര്‍ത്തി. ഏറെക്കാലം തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍െറ ഓഫിസായിരുന്നു ഈ പള്ളി.  ഇപ്പോള്‍ സ്പേസ് മ്യൂസിയമാണ്.

Show Full Article
TAGS:isro thumba rocket launching centre 
News Summary - 53 anniversary of isro first rocket launching in thumba
Next Story