ന്യൂയോര്‍ക്: ഒരു നൂറ്റാണ്ടുമുമ്പ് വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്സ്)തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഗുരുത്വതരംഗങ്ങളെ കണ്ടത്തെുന്നതിനായി 24 വര്‍ഷംമുമ്പ് അമേരിക്കയില്‍ സ്ഥാപിച്ച ലിഗോ (ലേസര്‍ ഇന്‍റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്സര്‍വേറ്ററി) നീരീക്ഷണാലയത്തിിെല ഗവേഷകര്‍ തന്നെയാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. 900ലധികം ഗേവഷകരുടെ കൂട്ടായ്മയില്‍ 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരുമുണ്ട്. ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത്രയുംകാലം പ്രപഞ്ചവിജ്ഞാനീയത്തില്‍ ഒരു സമസ്യയായിരുന്ന ഗുരുത്വതരംഗങ്ങളെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് തന്നെ തിരിച്ചറിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ ശരിവെച്ചുകൊണ്ടാണ് വ്യാഴാഴ്ച ലിഗോയിലെ ഗവേഷകര്‍ വാഷിങ്ടണില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ‘ആ അഭ്യൂഹങ്ങള്‍ ശരിയായിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്കത് സാധിച്ചു’ -ലിഗോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് റീത്ത്സ് പറഞ്ഞു.

പ്രപഞ്ച വിജ്ഞാനീയത്തില്‍ നൂറ്റാണ്ടിന്‍െറ കണ്ടുപിടുത്തം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഗാലക്സികള്‍ തമ്മിലോ തമോഗര്‍ത്തങ്ങള്‍ (ബ്ളക് ഹോള്‍)തമ്മിലോ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ സ്ഥല-കാല ജ്യാമിതിയില്‍ ഓളങ്ങളായി സഞ്ചരിക്കുന്നുവെന്നാണ് ഐന്‍സ്റ്റൈന്‍ തന്‍െറ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്‍െറ ഭാഗമായി പറയുന്നത്. എന്നാല്‍, നേരിട്ടുള്ള നിരീക്ഷണം അക്കാലത്ത് അസാധ്യമായതിനാല്‍ ഇത് പ്രവചനമായി തന്നെ ഇത്രയും കാലം അവശേഷിച്ചു. 130 കോടി വര്‍ഷം മുമ്പ് രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ സ്ഥല-കാല ജ്യാമിതിയിലുണ്ടാക്കിയ പ്രകമ്പനം ഭൂമിക്കു സമീപത്തുകൂടി കടന്നുപോയത് അടുത്തിടെയായിരുന്നു. അക്കാര്യം കൃത്യമായി രേഖപ്പെടുത്താന്‍ ലിഗോയിലെ ശാസ്ത്രസംഘത്തിന് സാധിച്ചതോടെയാണ് ഐന്‍സ്റ്റൈന്‍െറ പ്രവചനം യാഥാര്‍ഥ്യമായത്. പ്രപഞ്ചരൂപീകരണത്തെക്കുറിച്ചും മറ്റും പുതിയ അറിവുകള്‍ പകരാന്‍ ഈ കണ്ടത്തെലിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.