ഏറ്റവും അടുത്തുള്ള വാസയോഗ്യമായ ഗ്രഹത്തെ തിരിച്ചറിഞ്ഞു

  • വോള്‍ഫ് 1061 സി എന്നാണ് പേരിട്ടിരിക്കുന്നത്

01:34 AM
21/12/2015

സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള വാസയോഗ്യമായ ഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഭൂമിയില്‍നിന്ന് കേവലം 14 പ്രകാശവര്‍ഷം മാത്രം അകലെ വോള്‍ഫ് 1061 എന്ന ചുവന്ന കുള്ളന്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് വോള്‍ഫ് 1061 സി എന്നാണ് പേരിട്ടിരിക്കുന്നത്. കണ്ടത്തെിയിട്ടുള്ള സൗരേതര ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയേക്കാള്‍ നാല് മടങ്ങ് ഭാരമാണ് കണക്കാക്കുന്നത്.

ആസ്ട്രേലിയയിലെ ന്യൂ സൗത് വെയ്ല്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടത്തെലിനുപിന്നില്‍. പാറപോലെയുള്ളതും ഉറച്ചതുമായ ഉപരിതലവും ഉള്ള ഈ ഗ്രഹത്തില്‍ ദ്രവജലവും ഒരുപക്ഷെ ജീവനും ഉണ്ടാവാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡണ്‍കണ്‍ റൈറ്റ് പറയുന്നു. വോള്‍ഫ് 1061നേക്കാള്‍ ഭൂമിയോട് അടുത്ത് രണ്ട് ഗ്രഹങ്ങള്‍ കൂടി കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍ ഇവ വാസയോഗ്യമാവാനുള്ള സാധ്യത വിരളമാണത്രെ. ചെറിയ ഉറച്ച ഉപരിതലമുള്ള ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ അപൂര്‍വമാണ്. സാധാരണ ആയിരക്കണക്കിന് പ്രകാശവര്‍ഷം അകലെയാണ്  ഇത്തരം ഉപരിതലമുള്ള ഗ്രഹങ്ങള്‍. 22 പ്രകാശവര്‍ഷം അകലെയുള്ള ഗ്ളീസ് 667 സി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഓരോ 28 ദിവസം കൂടുമ്പോഴും ഈ ഗ്രഹം ചുവന്ന കള്ളന്‍ നക്ഷത്രത്തെ വലംവെക്കുന്നു. ഇതിന് ഭൂമിയേക്കാള്‍ നാലരമടങ്ങ് ഭാരമുണ്ട്. 

Loading...
COMMENTS