Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.ടി.എ 6 വരുംമുമ്പേ ഇന്റർനെറ്റ് റെക്കോഡ് തകർന്നു; 212 ജി.ബി ഡൗൺലോഡിന് വൻ തിരക്ക്

text_fields
bookmark_border
ഫോർട്ട്‌നൈറ്റിനെയും ഫുട്ബാൾ മത്സരത്തെയും പിന്നിലാക്കി!
ജി.ടി.എ 6 വരുംമുമ്പേ ഇന്റർനെറ്റ് റെക്കോഡ് തകർന്നു; 212 ജി.ബി ഡൗൺലോഡിന് വൻ തിരക്ക്
cancel

ഒരു വിഡിയോ ഗെയിം പുറത്തിറങ്ങുന്നതിന് മുമ്പ് ഇന്റർനെറ്റ് ശൃംഖലയിൽ ഇത്ര വലിയ തിരക്കുണ്ടാകുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടാകുമോ? എന്നാൽ ലോകമെമ്പാടുമുള്ള ഗെയിം പ്രേമികൾ കാത്തിരിക്കുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (ജി.ടി.എ 6) ഇപ്പോൾ അത്ഭുതപ്പെടുത്തുകയാണ്. ഗെയിം ഔദ്യോഗികമായി പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബ്രിട്ടനിലെ ഒരു പ്രധാന ഇന്റർനെറ്റ് സേവനദാതാവിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡാറ്റാ ഉപയോഗ റെക്കോർഡാണ് തകർന്നത്.

നവംബർ 19-ന് പുറത്തിറങ്ങാനിരിക്കുന്ന ഗെയിമിന്റെ മുൻകൂർ ഡൗൺലോഡ് സൗകര്യം നവംബർ 10-ന് ആരംഭിച്ചതോടെയാണ് ഈ തിരക്കിന് തുടക്കമായത്. ഗെയിം പുറത്തിറങ്ങുന്ന ദിവസം ഡൗൺലോഡിനായി കാത്തിരിക്കേണ്ടിവരാതിരിക്കാനാണ് മുൻകൂട്ടി ഫയലുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഒരേസമയം ഡൗൺലോഡ് ആരംഭിച്ചതോടെ ബ്രിട്ടനിലെ ബ്രോഡ്ബാൻഡ് ശൃംഖലയിൽ അസാധാരണ തിരക്കാണുണ്ടായത്​.

ബ്രിട്ടനിലെ ടെലികോം കമ്പനിയായ വിർജിൻ മീഡിയ ഒ2 പുറത്തുവിട്ട കണക്കുകളാണ് ജി.ടി.എ 6 സൃഷ്ടിച്ച തരംഗത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. നവംബർ 10-ന് അർധരാത്രി 12 മുതൽ പുലർച്ചെ ഒരു മണിവരെയുള്ള സമയത്ത് കമ്പനിയുടെ ബ്രോഡ്ബാൻഡ് ശൃംഖലയിലെ ഡാറ്റാ ട്രാഫിക് മുൻ ആഴ്ചയിലെ ഇതേ സമയത്തെ അപേക്ഷിച്ച് 51.6 ശതമാനം ഉയർന്നു.

രാവിലെ ഒമ്പത് മണിയോടെ മുൻ ചൊവ്വാഴ്ചയിലെ ഇതേ സമയത്തേക്കാൾ 73.3 ശതമാനം അധികം ഡാറ്റയാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. രാത്രി 11.05 ആയപ്പോഴേക്കും കമ്പനിയുടെ ഒരു ദിവസത്തെ മൊത്തം ഡാറ്റാ ഉപയോഗം മുൻകാല റെക്കോർഡും മറികടന്നു.വൈകീട്ടത്തെ ഏറ്റവും ഉയർന്ന ട്രാഫിക് റെക്കോഡ് ആഴ്സണലും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് മുമ്പ് രേഖപ്പെടുത്തിയിരുന്നത്. ജി.ടി.എ 6 ഡൗൺലോഡ് ആരംഭിച്ചതോടെ ആ റെക്കോർഡും 3.8 ശതമാനം മറികടന്നു. ഫോർട്ട്‌നൈറ്റ് ഗെയിമിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയപ്പോഴുണ്ടായ ഒരു ദിവസത്തെ ഡാറ്റാ ഉപയോഗ റെക്കോഡിനെയും 4 ശതമാനം അധിക ഉപയോഗത്തോടെ ജി.ടി.എ 6 പിന്നിലാക്കി.

ഒരു ഗെയിമിന് വേണ്ടത് 212 ജി.ബി വരെ സംഭരണശേഷി!

ജി.ടി.എ 6-ന്റെ ഫയൽ വലുപ്പവും ഈ തിരക്കിന് പ്രധാന കാരണമാണ്. പ്ലേസ്റ്റേഷൻ 5 പതിപ്പിനായി 212 ജി.ബി സംഭരണശേഷി ഉറപ്പാക്കണമെന്നാണ് പ്ലേസ്റ്റേഷൻ ഔദ്യോഗികമായി നിർദേശിച്ചിരിക്കുന്നത്. ഇത്രയും വലിയ ഫയൽ ഡൗൺലോഡ് ചെയ്യാൻ വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനും കൺസോളിൽ ആവശ്യത്തിന് ഒഴിവുള്ള സംഭരണശേഷിയും വേണം.

മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജി.ടി.എ 6-ന്റെ പെട്ടിയിലാക്കി വിൽക്കുന്ന പതിപ്പിൽ പോലും ഡിസ്ക് ഉണ്ടാകില്ല. പകരം ഗെയിം ഡൗൺലോഡ് ചെയ്യാനുള്ള കോഡ് മാത്രമായിരിക്കും ലഭിക്കുക. അതായത്, കടയിൽനിന്ന് പെട്ടി വാങ്ങിയാലും ഗെയിം ഇന്റർനെറ്റിലൂടെ ഡൗൺലോഡ് ചെയ്യേണ്ടിവരും. റോക്ക്സ്റ്റാറിന്റെ ഔദ്യോഗിക വിവരങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.ഗെയിം പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ പ്രീ-ഓർഡറിലും വലിയ നേട്ടമാണ് ജി.ടി.എ 6 സ്വന്തമാക്കിയിരിക്കുന്നത്. പ്ലേസ്റ്റേഷൻ സ്റ്റോറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുൻകൂർ ഓർഡറുകൾ ലഭിച്ച ഗെയിമായി ജി.ടി.എ 6 മാറിയതായി സോണി സ്ഥിരീകരിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്റ്റോറിന്റെ ചരിത്രത്തിലും ഏറ്റവും കൂടുതൽ പ്രീ-ഓർഡറുകൾ ലഭിച്ച ഗെയിം ഇതാണെന്ന് എക്സ്ബോക്സും അറിയിച്ചിട്ടുണ്ട്.

അതേസമയം, വിപണിയിലെ കണക്കുകൾ ശേഖരിക്കുന്ന സെൻസർ ടവറിന്റെ വിലയിരുത്തൽ പ്രകാരം നവംബർ 10-ഓടെ ഡിജിറ്റൽ പ്രീ-ഓർഡറുകൾ ഏകദേശം 96.9 ലക്ഷം കടന്നിരുന്നു. ഇതിൽ 75 ശതമാനത്തോളം പ്ലേസ്റ്റേഷൻ ഉപയോക്താക്കളിൽനിന്നും ബാക്കി എക്സ്ബോക്സ് ഉപയോക്താക്കളിൽനിന്നുമാണെന്നാണ് കണക്ക്. ഏകദേശം 94.2 കോടി ഡോളറാണ് ഇതുവഴിയുള്ള വരുമാനമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇവ കമ്പനികൾ ഔദ്യോഗികമായി പുറത്തുവിട്ട വിൽപ്പനക്കണക്കുകളല്ല.

പി.സി ഗെയിമർമാർക്ക് ഇനിയും കാത്തിരിക്കണം

നിലവിൽ പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് എക്സ്, എസ് എന്നീ കൺസോളുകൾക്കായാണ് ജി.ടി.എ 6 പുറത്തിറങ്ങുന്നത്. പി.സി പതിപ്പിനെക്കുറിച്ച് റോക്ക്സ്റ്റാർ ഇതുവരെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

മുൻ പതിപ്പായ ജി.ടി.എ 5 പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ പതിപ്പിനായി ഗെയിം ലോകം ഇത്രയധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിശയകരമല്ല. നവംബർ 19-ന് ഗെയിം പുറത്തിറങ്ങുമ്പോൾ ഈ ആവേശം വിൽപ്പനയിലും കളിക്കാരുടെ എണ്ണത്തിലും എത്രത്തോളം പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GTA 6 Preload Breaks UK Internet Traffic Records Before Launch
Next Story