കണ്ണടയിൽ എ.ഐ സഹായിയും കാമറയും; ഗൂഗിളും സാംസങ്ങും ഒരുക്കുന്ന പുതിയ പരീക്ഷണം ഡിസംബറിൽ
text_fieldsസ്മാർട്ട് കണ്ണട
കാഴ്ചകൾ കാണാൻ മാത്രമല്ല, ചുറ്റുപാടുകളെക്കുറിച്ച് അറിയാനും ഭാഷകൾ തർജമ ചെയ്യാനും ഫോൺ കൈയിലെടുക്കാതെ സന്ദേശങ്ങൾ കൈകാര്യം ചെയ്യാനും കഴിയുന്ന കണ്ണടയുമായി ഗൂഗിളും സാംസങ്ങും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിയായ ജെമിനിയെ ഉൾപ്പെടുത്തിയുള്ള പുതിയ ഇന്റലിജന്റ് ഐവെയർ ഡിസംബർ 10 മുതൽ അമേരിക്കയിലും ദക്ഷിണ കൊറിയയിലും വിൽപ്പനയ്‌ക്കെത്തും. സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗവും ഒരുമിപ്പിക്കുന്ന ഈ ഉപകരണം സ്മാർട്ട് ഗ്ലാസ് വിപണിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
സാംസങ്ങിന്റെ സാങ്കേതികവിദ്യയും ഗൂഗിളിന്റെ ജെമിനി എ.ഐ സംവിധാനവുമാണ് പുതിയ കണ്ണടയുടെ പ്രധാന കരുത്ത്. ഫാഷൻ രംഗത്തെ ബ്രാൻഡുകളായ ജെന്റിൽ മോൺസ്റ്റർ, വാർബി പാർക്കർ എന്നിവരുമായി സഹകരിച്ചാണ് വിവിധ ഡിസൈനുകൾ ഒരുക്കിയിരിക്കുന്നത്. ഇരു ബ്രാൻഡുകളിലുമായി 30 വ്യത്യസ്ത രൂപകൽപ്പനകൾ ലഭ്യമാകും.
കണ്ണടയിലൂടെ ജെമിനിയോട് ചോദിക്കാം
കണ്ണട ധരിച്ചുകൊണ്ടുതന്നെ മുന്നിലുള്ള വസ്തുക്കളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും ജെമിനിയോട് ചോദ്യങ്ങൾ ചോദിക്കാം. പരിചയമില്ലാത്ത ഒരു കെട്ടിടമോ സ്ഥലമോ കണ്ടാൽ അതിനെക്കുറിച്ച് വിവരങ്ങൾ തേടാം. ലഭിക്കുന്ന മറുപടികളിൽ കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ തുടർചോദ്യങ്ങളും ചോദിക്കാം. ഇതിനായി ഓരോ തവണയും ഫോൺ പുറത്തെടുക്കേണ്ടതില്ല.കണ്ണടയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാമറ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്താനും സാധിക്കും. 12 മെഗാപിക്സൽ അൾട്രാ വൈഡ് കാമറയാണ് ഇതിലുള്ളത്. ബട്ടൺ അമർത്തിയോ ജെമിനിയോട് ആവശ്യപ്പെട്ടോ ചിത്രങ്ങൾ പകർത്താം. ശബ്ദത്തിലൂടെ പ്രവർത്തിക്കുന്ന സഹായത്തോടെ ഫോൺ വിളികൾ സ്വീകരിക്കാനും സന്ദേശങ്ങൾക്ക് മറുപടി നൽകാനും സംഗീതം കേൾക്കാനും കഴിയും.ഭാഷാ തടസ്സങ്ങൾ മറികടക്കാനും യാത്രകൾ കൂടുതൽ എളുപ്പമാക്കാനും ചില സൗകര്യങ്ങളുണ്ട്. സംസാരിക്കുന്ന കാര്യങ്ങൾ തത്സമയം തർജമ ചെയ്യാനും ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് വഴിനിർദേശങ്ങൾ നേടാനും കണ്ണട സഹായിക്കും. ചുറ്റുപാടുകളെക്കുറിച്ച് അറിയാൻ മാത്രമല്ല, യാത്രയ്ക്കിടയിലും ജോലിക്കിടയിലും കൈകൾ സ്വതന്ത്രമായി നിലനിർത്തി സാങ്കേതികസഹായം ഉപയോഗിക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
സ്വകാര്യതക്ക് പ്രത്യേക പരിഗണന
കാമറയും എഐ സംവിധാനവും കണ്ണടയിൽ ഉൾപ്പെടുത്തുമ്പോൾ ഉയരുന്ന പ്രധാന ആശങ്ക സ്വകാര്യതയാണ്. ഇത് പരിഗണിച്ച് ഉപയോക്താവിന്റെയും ചുറ്റുമുള്ളവരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഗൂഗിളും സാംസങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്.കാമറ ഉപയോഗിച്ച് ചിത്രങ്ങളോ വിഡിയോകളോ പകർത്തുമ്പോൾ കണ്ണടയിലെ എൽ.ഇ.ഡി ഇൻഡിക്കേറ്റർ പ്രകാശിക്കും. കാമറ പ്രവർത്തിക്കുന്നുണ്ടെന്ന് സമീപത്തുള്ളവരെ അറിയിക്കാനാണ് ഈ സംവിധാനം. ഇൻഡിക്കേറ്റർ മറയ്ക്കുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്താൽ റെക്കോർഡിങ് തടയുന്ന സുരക്ഷാ സംവിധാനവും നൽകിയിട്ടുണ്ട്.ജെമിനി വഴി ചുറ്റുപാടുകളിലെ ദൃശ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ മറ്റുള്ളവരുടെ മുഖങ്ങൾ തിരിച്ചറിയാനാകാത്ത വിധം മറയ്ക്കുന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ എ.ഐ മോഡലുകളുടെ പരിശീലനത്തിനോ പരസ്യലക്ഷ്യങ്ങൾക്കോ ഉപയോഗിക്കില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. കണ്ണടയിലെ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നതും കാമറ, മൈക്രോഫോൺ എന്നിവ ഉപയോഗിക്കുന്ന ആപ്പുകളുടെ അനുമതി ഉപയോക്താവിന് നിയന്ത്രിക്കാനാകുന്നതും സ്വകാര്യതാ സംവിധാനങ്ങളുടെ ഭാഗമാണ്.
ഡിസൈനും വിലയും
ജെന്റിൽ മോൺസ്റ്ററിന്റെ ആറ് ഡിസൈനുകളും വാർബി പാർക്കറിന്റെ മൂന്ന് പ്രധാന ശൈലികളിലുള്ള ഫ്രെയിമുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണടയുടെ രൂപഭംഗിക്കൊപ്പം ഭാരം കുറഞ്ഞതും ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമായ രൂപകൽപ്പനയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.അമേരിക്കയിൽ വാർബി പാർക്കറിന്റെ മോഡലുകൾക്ക് 395 ഡോളർ മുതലാണ് വില. ജെന്റിൽ മോൺസ്റ്ററിന്റെ മോഡലുകൾക്ക് 449 ഡോളർ മുതലും വിലയുണ്ട്. ഡിസംബർ 10 മുതൽ അമേരിക്കയിലും ദക്ഷിണ കൊറിയയിലും വിൽപ്പന ആരംഭിക്കും.
പുതിയ കണ്ണടയുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്മാർട്ട്ഫോണും ഗൂഗിൾ അക്കൗണ്ടും ആവശ്യമാണ്. അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും ഗൂഗിൾ അക്കൗണ്ടുകൾക്കാണ് നിലവിൽ ഉപകരണം ലഭ്യമാകുക. ഇന്ത്യയിലെത്തുന്ന തീയതിയോ വിലയോ സംബന്ധിച്ച് ഗൂഗിളും സാംസങ്ങും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ എ.ഐ കണ്ണട വാങ്ങാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

