ചാരപ്പണി; ടൊടോക്ക് അപ്ലിക്കേഷൻ നീക്കംചെയ്‌ത് ഗൂഗിളും ആപ്പിളും
text_fieldsവ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു എന്ന ആരോപണത്തെ തുടർന്ന് വീഡിയോ ചാറ്റ് അപ്ലിക്കേഷൻ ടൊടോക്ക് നീക്കംചെയ്‌ത് ഗൂഗിളും ആപ്പിളും. ചൈനയുടെ ടിക്ക് ടോക്കുമായി പേരിലെ സാമ്യതയുള്ള ഈ ടൊടോക്ക് ആപ്പ് കഴിഞ്ഞ വ്യാഴാഴ്ച ഗൂഗിളും അടുത്ത ദിവസം ആപ്പിളും തങ്ങളുടെ അപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തു. സംഭാഷണങ്ങൾ, ഫോട്ടോകൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ ആപ്പ് ചോർത്തുന്നു എന്നാണ് ആരോപണം.
"സാങ്കേതിക പ്രശ്‌നം" കാരണം ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും താൽക്കാലികമായി ലഭ്യമല്ല എന്നാണ് ടൊടോക്ക് ഉടമസ്ഥർ പറയുന്നത്. അപ്ലിക്കേഷൻ സ്റ്റോറുകളിൽ തങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന് ടോട്ടോക്ക് പറഞ്ഞു. ഇതിനകം ആപ്ലിക്കേഷൻ ഫോണിലുള്ള ടോട്ടോക്ക് ഉപയോക്താക്കൾക്ക് ഉപയോഗിക്കുന്നത് തുടരാം. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായി അഞ്ച് ദശലക്ഷം ആൻഡ്രോയിഡ് ഡൗൺലോഡുകൾ ആണ് ഈ അപ്ലിക്കേഷനുള്ളത്. മുന്നറിയിപ്പില്ലാതെ ആപ്പ് പിൻവലിച്ചത് ഉപഭോക്താക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.