You are here
ചന്ദ്രയാൻ-2 വിക്ഷേപണം ജൂലൈ 22 ന്
ബംഗളൂരു: ഇന്ത്യ കാത്തിരുന്ന ചന്ദ്രയാൻ -2 ജൂലൈ 22ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ജൂലൈ 22 തിങ്കളാഴ്ച ഉച്ചക്ക് 2.43 ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് വിക്ഷേപണം.
ജി.എസ്.എൽ.വി മാർക്ക്-3 റോക്കറ്റിലെ സാങ്കേതിക പ്രശ്നം മൂലം ജൂലൈ15ന് നടത്താനിരുന്ന ദൗത്യം മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണം നടത്താൻ 56 മിനിറ്റും 24 സെക്കന്ഡും ബാക്കിയിരിക്കെയാണ് ദൗത്യം മാറ്റിവെച്ചത്.
ജി.എസ്.എൽ.വി മാർക്ക്-3 റോക്കറ്റിലെ ക്രയോജനിക് ഘട്ടത്തിൽ ഹീലിയം ടാങ്കുകളിലൊന്നിലെ മർദം കുറഞ്ഞതിനെ തുടർന്നാണ് ദൗത്യം നിർത്തിവെക്കേണ്ടിവന്നത്.ടാങ്കിലുണ്ടായ ചോർച്ചയെ തുടർന്നാണ് മർദവ്യത്യാസമുണ്ടായത്. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനമായ ദ്രവ ഹൈഡ്രജൻ താപനില -253 ഡിഗ്രിയായും ഒാക്സിഡൈസർ ആയ ദ്രവ ഒാക്സിജൻ -183 ഡിഗ്രിയായും നിലനിർത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഒാരോ ടാങ്കിലും 34 ലിറ്റർ ഹീലിയമാണ് നിറക്കുന്നത്. ഹീലിയം ടാങ്കുകളിലൊന്നിലെ മർദം 12 ശതമാനം കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. വിക്ഷേപണത്തറയിൽനിന്നു റോക്കറ്റ് മാറ്റാതെതന്നെ ഹീലിയം ടാങ്കിലെ ചോർച്ച പൂർണമായും പരിഹരിച്ചതായാണ് റിപ്പോർട്ട്.
ദൗത്യം നീളുകയാണെങ്കിൽ വിക്ഷേപണത്തിൽ പ്രതീക്ഷിച്ച സ്ഥലത്ത് ചന്ദ്രയാൻ-2 ഇറക്കണമെങ്കിൽ കൂടുതൽ ഇന്ധനം ആവശ്യമായിവരും. കൂടാതെ, ചന്ദ്രെൻറ ഭ്രമണപഥത്തിൽ തുടരുന്ന ഒാർബിറ്ററിെൻറ ആയുസ്സ് ഒരു വർഷത്തിൽനിന്ന് ആറു മാസമായി ചുരുങ്ങാനും സാധ്യതയുണ്ടെന്നും ഐ.എസ്.ആർ.ഒ വിലയിരുത്തിയിരുന്നു. അതുകൊണ്ടാണ് 22 ന് തന്നെ നിക്ഷേപിക്കാൻ തീരുമാനിച്ചത്.
റോവറിനും ലാൻഡറിനും 14 ദിവസം ചന്ദ്രനിൽ പര്യവേക്ഷണം നടത്താൻ കഴിയുന്നവിധത്തിലാണ് വിക്ഷേപണം. സെപ്റ്റംബർ ആറിനോ ഏഴിനോ തന്നെ ചന്ദ്രനിൽ ലാൻഡർ ഇറക്കുന്നതിനായി ചന്ദ്രെൻറ ഭ്രമണപഥത്തിൽ പേടകം ചുറ്റുന്ന സമയം വെട്ടിക്കുറച്ചേക്കും.