വാഷിങ്ടണ്‍: ശാസ്ത്രലോകം ‘2013 ടി.എക്സ് 68’ എന്ന് പേരിട്ട ക്ഷുദ്രഗ്രഹം ഞായറാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകും. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 24,000 കിലോമീറ്റര്‍ അകലത്തിലൂടെ കടന്നുപോകുന്നതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ളെന്ന് ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഷോണ്‍ മാര്‍ഷല്‍ പറഞ്ഞു.

ഗ്രഹം മാര്‍ച്ച് ആദ്യവാരത്തില്‍ ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും ഭൂമിക്കോ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനോ ഇതുമൂലം ഒരു ഭീഷണിയുമില്ളെന്ന് നാസയിലെ ശാസ്ത്രജ്ഞന്മാരും അറിയിച്ചു.
2017 സെപ്റ്റംബര്‍ 28ന് ഇതേ ക്ഷുദ്രഗ്രഹം വീണ്ടും ഭൂമിയുടെ സമീപമത്തെുമെങ്കിലും ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 250 ദശലക്ഷത്തില്‍ ഒന്നുമാത്രമാണെന്നും മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ ക്ഷുദ്രഗ്രഹത്തെ ഭൂമിയില്‍നിന്ന് ടെലിസ്കോപ് ഉപയോഗിച്ച് ദര്‍ശിക്കാനാവുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.