ഒരേസമയം പല ആന്‍ഡ്രോയിഡ് ആപ്പുകള്‍ കമ്പ്യൂട്ടറിലും
text_fieldsഗൂഗിള്‍ പ്ളേയില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിരവധിയാണ്. അവയെല്ലാം സ്മാര്‍ട്ട്ഫോണില്‍ മാത്രമല്ല, ആപ്പിള്‍, വിന്‍ഡോസ് കമ്പ്യൂട്ടറുകളിലും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ആപ്ളിക്കേഷന്‍ ആണ് ബ്ളൂസ്റ്റാക്സ് (BlueStacks). ഇപ്പോള്‍ സ്മാര്‍ട്ട്ഫോണിലെ പോലെ ഒരേസമയം ഒന്നിലധികം ആപ്പുകള്‍ കമ്പ്യൂട്ടറിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ബ്ളൂസ്റ്റാക്സ് അവസരമൊരുക്കുന്നു. ബ്ളൂസ്റ്റാക് 2.0 പതിപ്പാണ് ഇതിന് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. നിലവില്‍ വിന്‍ഡോസില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. ഒരേസമയം ഗെയിം ആപ്പുകളും മെസേജിങ് ആപ്പുകളും പലരും ഉപയോഗിക്കാറുണ്ട്. ഗെയിം കളിക്കുകയും വാട്സ്ആപ്പിലോ, വൈബറിലോ മെസേജ് അയക്കുകയും പതിവാണ്. കമ്പ്യൂട്ടറിലും ഇനി തടസ്സമില്ലാതെ ഈ സേവനം ലഭിക്കും. ലോക്കേഷന്‍ സെറ്റ് ചെയ്യുക, വോള്യം കൂട്ടുക, സ്ക്രീന്‍ കുലുക്കുക എന്നിവക്ക് സൗകര്യം, ബ്രൗസര്‍ പോലെയുള്ള പേജ് സംവിധാനം എന്നിവയാണ് പുതിയ പതിപ്പിന്‍െറ പ്രത്യേകതകള്‍.
മൊബൈല്‍ ഗെയിമുകളും ആപ്പുകളും കമ്പ്യൂട്ടറില്‍ ഫുള്‍ സ്ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനവുമായാണ് ബ്ളൂസ്റ്റാക്സിന്‍െറ വരവ്. 1.4 ദശലക്ഷം ആപ്പുകളുള്ള ഗൂഗിള്‍പ്ളേ സ്റ്റോറിലെ 96 ശതമാനം ആപ്പുകളും ബ്ളൂസ്റ്റാക്സ് വഴി കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം. ആന്‍റി വൈറസ് കമ്പനി മാകഫേയുടെ സിടിഒ ആയിരുന്ന റോഷന്‍ ശര്‍മയാണ് 2009ല്‍ കമ്പനി സ്ഥാപിക്കുന്നത്. 2011ലാണ് ബ്ളൂസ്റ്റാക് ആപ് ആദ്യമായി പുറത്തിറങ്ങിയത്. ഇതുവരെ 109 ദശലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ദിവസവും രണ്ടുലക്ഷം പേരാണ് പുതുതായി എത്തുന്നത്.