ജപ്പാനില്‍നിന്ന് എവരി ഫോണ്‍
text_fieldsയമദ ദെങ്കി എന്ന ജാപ്പനീസ് കമ്പനി വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റത്തിലുള്ള എവരി ഫോണ്‍ എന്ന സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. 6.9 മില്ലീമീറ്റര്‍ മാത്രമാണ് കനം. 139 ഗ്രാമാണ് ഭാരം. ഏറ്റവും കനംകുറഞ്ഞ വിന്‍ഡോസ് സ്മാര്‍ട്ട്ഫോണാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. കുറച്ചുമുമ്പ് 8.5 എം.എം കനമുള്ള ലൂമിയ 830, പിന്നീട് 8.2 എം.എം ഉള്ള ലൂമിയ 950 എന്നിവയാണ് ഈ മികവ് അവകാശപ്പെട്ടിരുന്നത്. ഏത് സിമ്മുമിടാവുന്ന പതിപ്പിന് ഏകദേശം 22,000 രൂപയാണ് വില. മൊബൈല്‍ സേവനദാതാക്കളുമായി ചേര്‍ന്ന് ലോക്ക് ചെയ്ത പതിപ്പ് ജപ്പാനില്‍ ഏകദേശം 1000 രൂപക്ക് രണ്ടുവര്‍ഷ കരാറിലും ലഭിക്കും. ആദ്യ 3000 എണ്ണത്തില്‍ ബ്ളൂടൂത്ത് കീബോര്‍ഡും സ്ക്രീന്‍ പ്രൊട്ടക്ടറും സൗജന്യമാണ്. 720x1280 പിക്സല്‍ അഞ്ചര ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, രണ്ട് ജി.ബി റാം, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, 2600 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.