13 ദിവസം കൊണ്ട് 5 എഐ മോഡൽ; ഞെട്ടിച്ച് ഐഐഎം പൂർവ്വ വിദ്യാർഥിയുടെ വൺമാൻ എഐ ലാബ്
text_fieldsജിതേഷ് പ്രസാദ്
ന്യൂഡൽഹി: കോടികളുടെ നിക്ഷേപമോ വലിയ കമ്പനികളുടെ പിന്തുണയോ ഇല്ലാതെ സ്വന്തമായി എഐ മോഡൽ ഉണ്ടാക്കാൻ പറ്റുമോ? അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഐഐഎം ലഖ്‌നോവിൽ പഠിച്ച ജിതേഷ് പ്രസാദ്.
നോർത്ത് ബംഗാൾ സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ ബിരുദം നേടിയ ശേഷമാണ് ജിതേഷ് ഐഐഎം ലഖ്‌നൗവിൽ എംബിഎക്ക് ചേർന്നത്. ഫിസിക്‌സിൽ നിന്ന് കിട്ടിയ അടിസ്ഥാനപരമായ ചിന്തയും എംബിഎ നൽകിയ ചെലവ്, വളർച്ച, നടപ്പാക്കൽ എന്നിവയെ കുറിച്ചുള്ള അറിവും ചേർത്താണ് അദ്ദേഹം `ഉദ്‌ഗം ലാബ്‌സ്' എന്ന സ്വന്തം ലാബ് തുടങ്ങിയത്.
വലിയ ടീമൊന്നുമില്ലാത്ത, ഒരാൾ മാത്രമുള്ള ലാബാണിത്. എങ്കിലും 2026 ഒക്ടോബറിൽ 13 ദിവസം കൊണ്ട് അഞ്ച് വ്യത്യസ്ത എഐ മോഡലുകൾ അദ്ദേഹം പുറത്തിറക്കി. സംസാരം തിരിച്ചറിയാനും, ചിന്തിക്കാനും, കണക്ക് ചെയ്യാനും, ചിത്രം വരക്കാനും, ചാറ്റ് ചെയ്യാനും വേണ്ടിയുള്ള മോഡലുകളാണവ. 400 മില്യണിൽ താഴെയുള്ള 27 ചെറിയ മോഡലുകളെ താരതമ്യം ചെയ്യാനുള്ള ഒരു ബെഞ്ച്മാർക്കും ഒരുക്കി.
ഏറ്റവും അത്ഭുതം ചെലവാണ്. 152 മില്യൺ പാരാമീറ്ററുള്ള `ലഘു' എന്ന ചാറ്റ് മോഡൽ ഉണ്ടാക്കാൻ 146 ഡോളർ മാത്രമേ ചെലവായുള്ളൂ. മൊത്തം ചെലവ് 194 ഡോളർ. 8 എ100 ജിപിയുകളിൽ 13 മണിക്കൂർ കൊണ്ട് പരിശീലനം തീർത്തു.
29.5 എംബി മാത്രമുള്ള `ശ്രുതി' എന്ന ശബ്ദ മോഡൽ ഹിന്ദിയിൽ വിസ്പർ ലാർജ്-വി3 എന്ന വലിയ മോഡലിനേക്കാൾ മികച്ചുനിന്നു.
384 മില്യൺ പാരാമീറ്ററുള്ള `ഗാർഗി' 17 ബില്യൺ ടോക്കണുകൾ കൊണ്ടാണ് പഠിച്ചത്. 18 ട്രില്യൺ ടോക്കൺ കൊണ്ട് പഠിച്ച ക്യുവെൻ മോഡലിനോട് വെറും രണ്ട് പോയിന്റിന്റെ വ്യത്യാസമേ ഗാർഗിക്കുണ്ടായിരുന്നുള്ളൂ.
വലിയ കമ്പനികളെ തോൽപ്പിക്കലല്ല, കുറഞ്ഞ ചെലവിൽ നല്ല എഐ ഉണ്ടാക്കാൻ പറ്റുമെന്ന് തെളിയിക്കലാണ് ലക്ഷ്യമെന്ന് ജിതേഷ് പറയുന്നു. അതുകൊണ്ട് കോഡും മോഡലും പരാജയപ്പെട്ട പരീക്ഷണങ്ങളുടെ കുറിപ്പുകൾ വരെ അദ്ദേഹം എല്ലാവർക്കുമായി തുറന്നുവെച്ചിട്ടുണ്ട്.

