
‘ടെസ്‍ല സ്കാമിൽ’ വലഞ്ഞ് യൂട്യൂബർമാർ; ചാനലുകൾ ഹാക്ക് ചെയ്തു; വ്യാപക സൈബർ ആക്രമണം
text_fieldsഇന്ത്യയിലെ പ്രമുഖ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രമണം. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ജനപ്രിയ കൊമേഡിയനും ഗെയിമറുമായ തന്മയ് ഭട്ടിന്റെ 44 ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലും ജിമെയിൽ അക്കൗണ്ടും സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തിട്ടുണ്ട്. സ്റ്റാന്റ് അപ്പ് കൊമേഡിയനായ ഐശ്വര്യ മോഹന്‍രാജ്, ബിഗ് ബോസ് താരമായ അബ്ദു റോസിക് എന്നിവർക്കും യൂട്യൂബ് ചാനൽ നഷ്ടമായി. പ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ഉടമസ്ഥതയിലുള്ള ‘മോജോ സ്റ്റോറി’ എന്ന യൂട്യൂബ് ചാനൽ ഹാക്ക് ചെയ്ത്, അതിലെ 11,000 വിഡിയോകൾ ഡിലീറ്റ് ചെയ്തിരുന്നു.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമാണ കമ്പനിയായ ‘ടെസ്‍ല’യുടെ പേരും ലോഗോയുമാണ് എല്ലാവരുടെയും യൂട്യൂബ് ചാനലിന് നൽകിയിരിക്കുന്നത്. തന്മയ് ഭട്ടിന്റെ ചാനൽ ഹാക്ക് ചെയ്ത് വിഡിയോകൾ നീക്കം ചെയ്യുകയും കൂടാതെ, ചാനലിലൂടെ ഒരു പ്രൈവറ്റ് ലൈവ് സ്ട്രീം നടത്തുകയും ചെയ്തിട്ടുണ്ട്. യൂട്യൂബിനെയും ഗൂഗിളിനെയും ടാഗ് ചെയ്തുകൊണ്ട് തന്മയ് ഭട്ട് ട്വിറ്ററിൽ പരാതിയുമായി എത്തിയിട്ടുണ്ട്. അതിസുരക്ഷ നൽകുന്ന ടു ഫാക്ടർ ഒതന്റിക്കേഷനും തകർത്താണ് ഹാക്കർമാർ ചാനൽ സ്വന്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് സഹായിക്കണമെന്നും തന്മയ് കൂട്ടിച്ചേർത്തു.
കൊമേഡിയൻ ഐശ്വര്യ മോഹൻരാജും ട്വിറ്ററിൽ യൂട്യൂബിനോട് സഹായമഭ്യർഥിച്ച് എത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനായി യൂട്യൂബ് മുന്നോട്ട് വരികയും യൂട്യൂബർമാർക്ക് ചാനലുകൾ തിരികെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഹാക്കിങ്ങിന്റെ പിന്നിലെ ഉദ്ദേശമെന്താണെന്നതിനെ കുറിച്ച് സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. യുട്യൂബും ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ഫോണിൽ വരുന്ന ഒടിപി നമ്പർ അടിച്ചാൽ മാത്രം ലോഗിൻ ചെയ്യാൻ സാധിക്കുന്ന ടു ഫാക്ടർ ഒതന്റിക്കേഷൻ പോലും തകർത്തുള്ള ഹാക്കിങ് യൂട്യൂബർമാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
ഹാക്കർമാർ ടെസ്‍ല സ്കാം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് നെറ്റിസൺസ് പറയുന്നത്. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടേതടക്കം ട്വിറ്റർ അക്കൗണ്ടുകൾ സമാനരീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, ജോ ബൈഡൻ, കാന്യെ വെസ്റ്റ് എന്നിവർക്കും ട്വിറ്റർ പേജ് നഷ്ടമാവുകയുണ്ടായി. അന്നും പേജുകൾക്ക് ടെസ്‍ലയുടെ പേരുകളായിരുന്നു നൽകിയിരുന്നത്.