
ജൂൺ 26 മുതൽ ഈ പ്രധാന ഫീച്ചർ യൂട്യൂബിൽ നിന്ന് പോകും; ലക്ഷ്യം ‘ഷോർട്സിൽ’ ശ്രദ്ധ കേന്ദ്രീകരിക്കൽ
text_fieldsജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് 2017-ലായിരുന്നു ഏറെ പ്രതീക്ഷയോടെ സ്റ്റോറീസ് (Stories) എന്ന ഫീച്ചർ അവതരിപ്പിച്ചത്. 10,000 -ലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബർമാർക്ക് മാത്രമായിരുന്നു സ്റ്റോറീസ് ഫീച്ചർ ലഭ്യമായിരുന്നത്. സ്‌നാപ്ചാറ്റ് സ്റ്റോറിക്കും ഇൻസ്റ്റാഗ്രാം സ്റ്റോറിക്കും സമാനമാണ് യൂട്യൂബ് സ്റ്റോറിയും. ഒരു നിശ്ചിത സമയത്തിനുള്ളിൽ അപ്രത്യക്ഷമാകുന്ന സ്റ്റോറിയിൽ ചിത്രങ്ങളും വിഡിയോകളും ടെക്സ്റ്റുകളും പങ്കുവെക്കാൻ കഴിയും. യൂട്യൂബർമാർ പ്രധാനമായും ചാനൽ പ്രമോഷനുകളാണ് അതിലൂടെ നടത്താറുള്ളത്.
എന്നാൽ, സ്റ്റോറീസ് സേവനം യൂട്യൂബിൽ നിന്നും അപ്രത്യക്ഷമാകാൻ പോവുകയാണ്. ജൂൺ 26 മുതൽ യൂട്യൂബർമാർക്ക് പുതിയ സ്റ്റോറികൾ പങ്കുവെക്കാൻ കഴിയില്ല. പങ്കുവെക്കപ്പെട്ടവ ഏഴ് ദിവസങ്ങൾ കൊണ്ട് അപ്രത്യക്ഷമാകും. സ്റ്റോറികൾക്ക് പകരം കമ്യൂണിറ്റി പോസ്റ്റുകളും ഷോർട്സ് സേവനവും ഉപയോഗപ്പെടുത്താനാണ് യൂട്യൂബ് അവശ്യപ്പെടുന്നത്. അവ ഓഡിയൻസുമായി മികച്ച രീതിയിൽ കണക്ട് ചെയ്യാനും ആശയവിനിമയം നടത്താനും ക്രിയേറ്റർമാരെ അനുവദിക്കുമെന്ന് യൂട്യൂബ് ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഷോർട്ട്‌സ്, ദൈർഘ്യമുള്ള വിഡിയോകൾ, ലൈവ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യൂട്യൂബിന്റെ പുതിയ നീക്കം.