മെസേജ് അയക്കാതെ തന്നെ ‘ബ്ലോക്ക്’ ചെയ്തോ എന്നറിയാം; വാട്സ്ആപ്പിലെ പുതിയ രഹസ്യ ട്രിക്ക് ഇങ്ങനെ!
text_fieldsവാട്സ്ആപ്പിൽ ആരെങ്കിലും നമ്മളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്തുക എന്നത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. പ്രൊഫൈൽ ചിത്രം കാണാതിരിക്കുക, മെസ്സേജ് അയക്കുമ്പോൾ ഒരൊറ്റ ടിക്ക് മാത്രം കാണിക്കുക, കോൾ കണക്റ്റ് ആകാതിരിക്കുക തുടങ്ങിയ വഴികളാണ് നമ്മൾ ഇതിനായി ഇതുവരെ നോക്കിയിരുന്നത്. എന്നാൽ, പ്രൈവസി സെറ്റിങ്സിലെ മാറ്റങ്ങൾ കൊണ്ടോ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കൊണ്ടോ ഒക്കെ ഇങ്ങനെ സംഭവിക്കാം എന്നതിനാൽ ഇവയൊന്നും നൂറ് ശതമാനം കൃത്യമല്ല.
എന്നാൽ, ഇപ്പോൾ ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്കായി ആർക്കും അധികമറിയാത്ത ഒരു പുതിയ 'രഹസ്യ വഴി' കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ വാട്സ്ആപ് ട്രാക്കറായ ഡബ്ല്യു.എ.ബീറ്റാഇൻഫോ. വാട്സ്ആപ്പിലെ 'എൻക്രിപ്ഷൻ വെരിഫിക്കേഷൻ' ഫീചർ ഉപയോഗിച്ച് മറ്റേയാൾക്ക് മെസ്സേജോ കോളോ അയക്കാതെ തന്നെ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പിലെ ചാറ്റുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കമ്പനി 2023ൽ കൊണ്ടുവന്ന ഫീച്ചറാണ് ഓട്ടോമാറ്റിക് എൻക്രിപ്ഷൻ വെരിഫിക്കേഷൻ. ഇത് പരിശോധിക്കുന്നതിലൂടെ ചാറ്റിന്റെ നിലവിലെ അവസ്ഥ അറിയാൻ സാധിക്കും. അതിനായി സംശയമുള്ള വ്യക്തിയുടെ വാട്സ്ആപ് ചാറ്റ് ഓപൺ ചെയ്യുക. മുകളിൽ അവരുടെ പേരിൽ ടാപ്പ് ചെയ്ത് പ്രൊഫൈൽ വിവരങ്ങൾ എടുക്കുക. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ കാണുന്ന ‘Encryption’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ വാട്സ്ആപ് സ്വയം ചാറ്റിന്റെ എൻക്രിപ്ഷൻ സ്റ്റാറ്റസ് വെരിഫൈ ചെയ്യാൻ ശ്രമിക്കും.
ചാറ്റ് സാധാരണ രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ വെരിഫിക്കേഷൻ സെക്കൻഡുകൾക്കുള്ളിൽ വിജയകരമായി പൂർത്തിയാകും. എന്നാൽ, വാട്സ്ആപ്പിന് ഓട്ടോമാറ്റിക് ആയി വെരിഫൈ ചെയ്യാൻ സാധിക്കാതെ വരികയും, ക്യു.ആർ കോഡ് സ്കാൻ ചെയ്യാനോ 60 ഡിജിറ്റ് കോഡ് പരിശോധിക്കാനോ ഉള്ള മറ്റ് വഴികൾ ആവർത്തിച്ച് കാണിക്കുകയും ചെയ്താൽ, ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാൻ വലിയ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഈ ട്രിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത, നിങ്ങൾ ഇത് പരിശോധിക്കുന്ന വിവരം മറ്റേ വ്യക്തി അറിയുകയേ ഇല്ല എന്നതാണ്. മെസ്സേജ് അയക്കുമ്പോഴോ കോൾ ചെയ്യുമ്പോഴോ ഉണ്ടാകുന്നതുപോലെയുള്ള യാതൊരു ബുദ്ധിമുട്ടും ഇതിലൂടെ ഉണ്ടാകുന്നില്ല.
എന്നിരുന്നാലും, ഈ എൻക്രിപ്ഷൻ ഫീച്ചർ ബ്ലോക്ക് ചെയ്തത് കണ്ടെത്താനുള്ള ഔദ്യോഗിക വഴിയായി വാട്സ്ആപ് പ്രഖ്യാപിച്ചിട്ടില്ല. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ ഈ മാറ്റം പ്രകടമായി കാണാമെങ്കിലും, ഇതിനെ ഒരു സൂചനയായി മാത്രം കണക്കാക്കണമെന്നും നൂറ് ശതമാനം സ്ഥിരീകരണമായി എടുക്കരുതെന്നും ഡബ്ല്യു.എ.ബീറ്റാഇൻഫോ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

