ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡായി മാറിയതിന് പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമിക്ക് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തം. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമാതാവാണ് ഷവോമിയെന്ന് കൗണ്ടർപോയിൻറ് റിസേർച്ചിെൻറ റിപ്പോർട്ടിൽ പറയുന്നു. ജൂൺ മാസത്തിലെ മാത്രം വിൽപ്പനയുടെ കാര്യത്തിൽ സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളിയാണ് ചൈനീസ് ബ്രാൻഡ് ആദ്യമായി ലോകത്തിലെ നമ്പർ വണ്ണായി മാറിയത്.
ജൂണിൽ ഷവോമിയുടെ വളർച്ച 26 ശതമാനമായിരുന്നു. 2021ലെ രണ്ടാം പാദത്തിലെ കണക്കുകളെടുത്താലും ഷവോമി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. മൊത്തം വിൽപ്പനയിലും കമ്പനി മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി കൗണ്ടർപോയിൻറ് റിസേർച്ചിൽ വ്യക്തമാക്കുന്നു. കൊറിയൻ ബ്രാൻഡായ സാംസങ്ങിെൻറ വർഷങ്ങളായുള്ള ആധിപത്യമാണ് ഷവോമി തകർത്തിരിക്കുന്നത്.
ഹ്വാവേയ്ക്ക് ശേഷം ആദ്യമായാണ് ഒരു ചൈനീസ് കമ്പനി ഇൗ നേട്ടം കൈവരിക്കുന്നത്. ഗൂഗ്ൾ ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെയുള്ള ഹ്വാവേയുടെ പതനമാണ് പ്രധാനമായും ഷവോമിക്ക് ഗുണമായത് എന്ന് പറയാം. ഫോണുകളുടെ വിലക്കുറവും വലിയ ഘടകമായിമാറി. ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ, യൂറോപ്പിലും ആഫ്രിക്കൻ രാജ്യങ്ങളിലും കമ്പനിക്ക് വലിയ വിൽപ്പന നേടാനായി. ചിപ്സെറ്റുകളുടെ ദൗർലഭ്യം കാരണം സാംസങ്ങിെൻറ സ്മാർട്ട്ഫോൺ നിർമാണം മന്ദഗതിയിലായതും ചൈനീസ് ഭീമന് ഗുണമായി.