തെറ്റ് സമ്മതിച്ച് എക്സ്: കേന്ദ്ര നടപടിക്ക് പിന്നാലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു
text_fieldsസമൂഹമാധ്യമമായ എക്സിലെ അശ്ലീല ഉള്ളടക്കങ്ങൾക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം കർശന നടപടി സ്വീകരിച്ചതിനെത്തുടർന്ന് വീഴ്ച സമ്മതിച്ച് കമ്പനി. കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. എക്സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ആയ ഗ്രോക്കിനെതിരെയായിരുന്നു നടപടി.
തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് എക്സ് സമ്മതിച്ചെന്നും ഇന്ത്യയിലെ നിയമപ്രകാരം പ്രവർത്തിക്കുമെന്ന് എക്സ് അറിയിച്ചതായി കേന്ദ്രം വ്യക്തമാക്കി. എക്സിലെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനുവരി രണ്ടിനാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചത്. തുടർന്ന് എക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങിയിരുന്നു. എക്സിന്റെ ഗ്രോക്ക് എ.ഐ ചാറ്റ്‌ബോട്ട് ദുരുപയോഗം സംബന്ധിച്ച് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാൻ ഗ്രോക്ക് എ.ഐ ഉപteയോഗിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്ന് ഗ്രോക്ക് എ.ഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് നിർമിച്ച മുഴുവൻ അശ്ലീല ചിത്രങ്ങളും 72 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിന് അന്ത്യശാസനം നൽകിയത്.
എന്നാൽ ദുരുപയോഗം തടയാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഒന്നും പറയാതെ കമ്പനിയുടെ നയങ്ങൾ വിശദീകരിക്കുന്ന മറുപടിയാണ് ആദ്യത്തെ കാരണം കാണിക്കൽ നോട്ടിസിന് എക്സ് നൽകിയതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേതുടർന്നാണ് വ്യക്തമായ വിശദീകരണം തേടി വീണ്ടും നോട്ടിസ് നൽകിയത്.
കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള വകുപ്പുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ആദ്യത്തെ നോട്ടിസിൽ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. അശ്ലീല ഉള്ളടക്കം സൃഷ്ടിക്കുന്നത് തുടർന്നാൽ എക്സിന് ലഭിക്കുന്ന നിയമ പരിരക്ഷ എടുത്തുമാറ്റുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. സ്ത്രീകളുടേതടക്കമുള്ള ചിത്രങ്ങൾ അശ്ലീല രൂപത്തിൽ എഡിറ്റ് ചെയ്തത് ഡിജിറ്റൽ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

