എസ്.എം.എസിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് അക്കൗണ്ടിലെ ഒരു ലക്ഷം രൂപ
text_fieldsഗുരുഗ്രാമിലെ മാധ്വി ദത്ത എന്ന യുവതിക്കാണ് എസ്.എം.എസിൽ ക്ലിക്ക് ചെയ്തതിനെത്തുടർന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ജനുവരി 21 ന് അവരുടെ ഫോണിലേക്ക് ഒരു എസ്.എം.എസ് ലഭിച്ചു, ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ട് ഇന്ന് അവസാനിപ്പിക്കും, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാൻ കാർഡ് നമ്പർ ചേർക്കുക.’ -ഇങ്ങനെയായിരുന്നു സന്ദേശം.
ഫോണിൽ വന്നിരിക്കുന്നത് ബാങ്കിൽ നിന്നുള്ള നോട്ടിഫിക്കേഷൻ മെസ്സേജാണെന്ന് കരുതി ദത്ത, അതിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ചെയ്തു. എസ്.എം.എസ് അവരെ കൊണ്ടുപോയത് വേറൊരു വെബ് സൈറ്റിലേക്കായിരുന്നു. അതിൽ ആവശ്യപ്പെട്ടത് പ്രകാരം ഉപഭോക്താവിന്റെ സകല ബാങ്കിങ് വിശദാംശങ്ങളും യുവതി നൽകുകയും ചെയ്തു. അതിനിടെ ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ടുള്ള ഓപ്ഷൻ പ്രകാരം, ഫോണിലേക്ക് വന്ന ഒ.ടി.പിയും മടിക്കാതെ നൽകി. എന്നാൽ, ഏതാനും നിമിഷങ്ങൾക്കം അവരുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതായുള്ള സന്ദേശം ഫോണിലേക്ക് എത്തി. അപ്പോൾ മാത്രമാണ് താൻ സൈബർ തട്ടിപ്പിനിരയായതായി യുവതിക്ക് ബോധ്യമായത്.
അതോടെ, സൈബർ ഹെൽപ്പ് ലൈൻ ആയ 1930 ലേക്ക് പലതവണ വിളിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ ദത്ത, സൈബർ പോർട്ടൽ വഴി പരാതി നൽകുകയായിരുന്നു. പിന്നാലെ, സൈബർ ക്രൈം, ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 419 (ആൾമാറാട്ടം വഴി വഞ്ചിക്കുക), 420 (വഞ്ചന) എന്നിവ പ്രകാരം അജ്ഞാത തട്ടിപ്പുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
തങ്ങൾ കോൾ ചെയ്തു കൊണ്ടോ, എസ്.എം.എസ് ആയോ ഒ.ടി.പി നമ്പർ ചോദിക്കില്ലെന്ന് ബാങ്കുകൾ നിരന്തരം പലരീതിയിൽ ആളുകളെ ഉദ്ബോധിപ്പിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഒ.ടി.പി വെളിപ്പെടുത്തി സൈബർ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

