
പിസ്സ ഓർഡർ ചെയ്യവേ 9,999 രൂപ നഷ്ടമായി, കസ്റ്റമർകെയറിൽ വിളിച്ചപ്പോൾ പോയത് 11 ലക്ഷം രൂപ, സംഭവമിങ്ങനെ....
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സൈബർ കുറ്റകൃത്യങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഇൻറർനാഷണൽ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്ത് വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ കവർന്ന സംഭവത്തിന് പിന്നാലെ, മുംബൈ സ്വദേശിനിയിൽ നിന്ന് സൈബർ കുറ്റവാളികൾ കവർന്നത് 11 ലക്ഷം രൂപയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ :- ഒാൺലൈനായി പിസ്സയും ഡ്രൈ ഫ്രൂട്ട്സും ഒാർഡർ ചെയ്യുന്നതിനിടെ നഷ്ടമായ തുക തിരിച്ചുപിടിക്കാൻ ശ്രമിച്ച വയോധിയുടെ അക്കൗണ്ടിൽ നിന്നാണ് 11 ലക്ഷം രൂപ പോയത്. അടുത്തിടെ ബികെസി സൈബർ പോലീസ് സ്റ്റേഷനിൽ അവർ പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറംലോകമറിയുന്നത്.
അന്ധേരിയിൽ താമസിക്കുന്ന സ്ത്രീ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഒാൺലൈനിൽ പിസ്സ ഒാർഡർ ചെയ്തത്. എന്നാൽ, പേയ്മെൻറ് വിവരങ്ങൾ നൽകിയതിന് പിന്നാലെ 9,999 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. അതുപോലെ, ഒക്ടോബർ 29 ന് ഓൺലൈനിൽ ഡ്രൈ ഫ്രൂട്ട്‌സിന് ഓർഡർ നൽകുന്നതിനിടെ പരാതിക്കാരിക്ക് 1,496 രൂപ കൂടി നഷ്ടപ്പെട്ടു.
ഈ രണ്ട് സംഭവങ്ങളിലും തനിക്ക് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ, ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ടെത്തിയ ഒരു ഫോൺ നമ്പറിൽ യുവതി ബന്ധപ്പെട്ടു. കസ്റ്റമർ കെയർ എന്ന് കരുതി വിളിച്ച ഫോൺ കോൾ, തട്ടിപ്പുകാരനായിരുന്നു എടുത്തത്. അയാൾ എത്രയും പെട്ടന്ന് പണം തിരികെ ലഭിക്കുമെന്ന് പരാതിക്കാരിയോട് പറയുകയും, പിന്നാലെ ഫോണിൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തതോടെ അവരുടെ ഫോണിെൻറ നിയന്ത്രണം സൈബർ കുറ്റവാളിക്ക് ലഭിച്ചു. 2021 നവംബർ 14 മുതൽ ഡിസംബർ ഒന്ന് വരെ പല സമയങ്ങളിലായി 11.78 ലക്ഷം രൂപയാണ് സൈബർ കുറ്റവാളി സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തത്.
ഒരു മാസത്തിന് ശേഷമാണ് വയോധിക സൈബർ പൊലീസിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 420 (വഞ്ചന), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കുറ്റവാളികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.