വിന്‍ഡോസ് 10ന് ഇനി മൈക്രോസോഫ്റ്റിന്‍റെ പിന്തുണയില്ല; അവസാന അപ്ഡേഷനും പുറത്തിറക്കി
text_fields2015ല്‍ പുറത്തിറക്കിയ വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ പിന്തുണ ചൊവ്വാഴ്ച മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു. അതേദിവസം തന്നെ വിന്‍ഡോസ് 10ന് വേണ്ടിയുള്ള ഏറ്റവും ഒടുവിലെ സെക്യൂരിറ്റി അപ്‌ഡേറ്റും കമ്പനി പുറത്തിറക്കി. വിന്‍ഡോസ് 10-ല്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ ഇനി പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. വിന്‍ഡോസ് 19044.6456, 19045.6456 പതിപ്പുകള്‍ക്കാണ് പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് ബാധകമാവുക. കംപ്യൂട്ടറില്‍ ഏറ്റവും പുതിയ എസ്.എസ്.യു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകണം. ഇതില്ലാത്തവർക്ക് ചിലപ്പോള്‍ അപ്‌ഡേറ്റ് ലഭിക്കില്ല.
അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാം
- സെറ്റിങ്‌സില്‍ അപ്‌ഡേറ്റ് ആന്റ് സെക്യൂരിറ്റി തിരഞ്ഞെടുത്ത് വിന്‍ഡോസ് അപ്‌ഡേറ്റ് ക്ലിക്ക് ചെയ്യുക.
- ചെക്ക് ഫോര്‍ അപ്‌ഡേറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്യുക - അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍ അതില്‍ കാണാം.
- ഡൗണ്‍ലോഡ് ആൻഡ് ഇന്‍സ്റ്റാള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക.
- ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ആകും.
എക്സ്റ്റെൻഡഡ് സെക്യൂരിറ്റി അപ്ഡേറ്റ്സ് പ്രോഗ്രാമിൽ സൈനപ് ചെയ്ത ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റ് ഒരു വർഷത്തേക്ക് കൂടി അപ്ഡേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അല്ലാത്തവർ വിൻഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നാണ് കമ്പനിയുടെ നിർദേശം. അതേസമയം വ്യാഴാഴ്ച വിന്‍ഡോസുമായി ബന്ധപ്പെട്ട വലിയൊരു വിവരം പുറത്തുവിടുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് എന്താണെന്ന് വ്യക്തമല്ല. എ.ഐ അധിഷ്ഠിത വിന്‍ഡോസ് അപ്‌ഗ്രേഡുകള്‍ എന്തെങ്കിലും ആയിരിക്കുമെന്നാണ് ടെക് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

