നിർമിതബുദ്ധിയിലെ പോക്കിരികൾ! റോഗ് എ.ഐ സൈബർ സുരക്ഷക്ക് വെല്ലുവിളിയാകുമോ?
text_fieldsവലിയ ശക്തിക്കൊപ്പം വലിയ ഉത്തരവാദിത്തവും വന്നുചേരും എന്നത് സ്പൈഡർമാൻ ചിത്രത്തിലൂടെ പ്രശസ്തമായ വാചകമാണ്. സ്വയംഭരണാധികാരം കൈവരിച്ച നിർമിതബുദ്ധിയുടെ കാര്യത്തിൽ ഈ വാചകം ഏറെ പ്രസക്തമാണ്. ഓപ്പൺ എ.ഐ കമ്പനിയുടെ ഒരു എ.ഐ ഏജന്റ് മറ്റാരുടെയും നിർദേശമില്ലാതെ ഹാക്കിങ്ങിന് ശ്രമിച്ചത് സൈബർ സുരക്ഷാ മേഖലക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.
കഴിഞ്ഞ മാസം ഹഗ്ഗിംഗ് ഫേസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ തങ്ങളുടെ ഓട്ടോണമസ് എ.ഐ ഏജന്റ് നുഴഞ്ഞുകയറിയതായി ഓപ്പൺ എ.ഐ സമ്മതിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ആക്സസ് പോലുമില്ലാത്ത ടെസ്റ്റിംഗ് ഘട്ടത്തിൽ ഓപ്പൺ വെബിലേക്ക് പ്രവേശിച്ച എ.ഐ ഏജന്റ് മാനുഷിക സഹായമോ നിർദേശമോ കൂടാതെ തന്നെ പ്രസ്തുത പ്ലാറ്റ്ഫോമിന്റെ സിസ്റ്റം ഹാക്ക് ചെയ്യുകയായിരുന്നു. ഫ്രാങ്കൻസ്റ്റൈൻ എന്ന മേരി ഷെല്ലിയുടെ വിഖ്യാതമായ സയൻസ് ഫിക്ഷൻ നോവലിന്റെ കഥാതന്തുവാണ് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്. വിക്ടർ ഫ്രാങ്കൻസ്റ്റൈൻ എന്ന ശാസ്ത്രജ്ഞൻ നിർമിച്ച ജീവി ഭീകരരൂപിയായി മാറുന്നതും മനുഷ്യന് വെല്ലുവിളിയായി മാറുന്നതും പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കഥയാണെങ്കിലും നിർമിതബുദ്ധിക്കാലത്തും പ്രസക്തമാണ്.
സ്വന്തം സൃഷ്ടാക്കളെ വെല്ലുവിളിച്ച്, മനുഷ്യ നിയന്ത്രണത്തിനും നിയമങ്ങൾക്കും വിധേയമല്ലാതെ പെരുമാറുന്ന എ.ഐ ഏജന്റുകൾ റോഗ് എ.ഐ (Rogue AI) എന്നാണ് അറിയപ്പെടുന്നത്. ഓപ്പൺ എ.ഐയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആന്ത്രോപ്പിക്കും തങ്ങളുടെ പിഴവുകൾ സമ്മതിച്ചു. ടെസ്റ്റിങ് ഘട്ടത്തിൽ തങ്ങളുടെ എ.ഐ ഏജന്റുകൾ മൂന്ന് സ്ഥാപനങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി ആന്ത്രോപിക്ക് വെളിപ്പെടുത്തി. പിന്നാലെ മെറ്റ, ചൈനീസ് കമ്പനിയായ മൂൺഷോട്ട് എന്നിവയും സമാനമായ പിഴവുകൾ തുറന്നുപറഞ്ഞു.
തങ്ങളുടെ ജോലി പൂർത്തിയാക്കാനായി എ.ഐ ഏജന്റുകൾ തമ്മിൽ നടത്തിയ ആശയവിനിമയവും സഹകരണവുമാണ് സെക്യൂരിറ്റി വിദഗ്ധരെ അമ്പരപ്പിച്ചത്. സൈബർ സെക്യൂരിറ്റി രംഗത്ത് റോഗ് ഏജന്റുകൾ ഉയർത്തുന്ന വെല്ലുവിളി ചർച്ചയായി കഴിഞ്ഞു. മനുഷ്യന് സമാനമായ രീതിയിൽ ചിന്തിക്കാനും പഠിക്കാനും പ്രവർത്തിക്കാനും സാധിക്കുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) വികസിപ്പിച്ചെടുക്കാൻ നിർമിതബുദ്ധി രംഗത്തെ മുൻനിരക്കാർ നടത്തുന്ന കിടമത്സരത്തിന്റെ ഭാഗമാണ് റോഗ് ഏജന്റുകളുടെ സൃഷ്ടി. യുദ്ധരംഗത്ത് റോഗ് എ.ഐ ഏജന്റുകളുടെ സാന്നിധ്യം കഴിഞ്ഞ ആഴ്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിൽ നിന്നാണെന്ന് സംശയിക്കപ്പെടുന്ന എട്ട് ഓട്ടോണമസ് എ.ഐ ഏജന്റുകൾ തായ് വാൻ സർക്കാറിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു. ഒരു സൈബർ സംഘത്തിലെ അംഗങ്ങളെപ്പോലെയാണ് ഏജന്റുകൾ പെരുമാറിയത്. ഇത്തരം എ.ഐ ആക്രമണങ്ങൾ പ്രതിരോധിക്കാൻ മെച്ചപ്പെടുത്തിയ സൈബർ സുരക്ഷാസംവിധാനങ്ങളോടെ രാജ്യങ്ങൾ തയാറായിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്.
ടെസ്റ്റിങ് ഘട്ടത്തിൽ ഇന്റർനെറ്റ് ലഭ്യമായതുകൊണ്ടാണ് എ.ഐ ഏജന്റുകൾ പണി പറ്റിച്ചതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, ടെസ്റ്റിങ് ഘട്ടത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ അറിയാനായത് നല്ല കാര്യമെന്നും പുറത്തിറങ്ങിയ ശേഷമാണ് ഇത് സംഭവിച്ചതെങ്കിൽ കഥ മറ്റൊന്നാകുമെന്നും മറുവിഭാഗവും പറയുന്നു. കാര്യമെന്തായാലും പുതിയ എ.ഐ മോഡലുകൾ വികസിപ്പിക്കുമ്പോൾ കമ്പനികൾ പാലിക്കേണ്ട മര്യാദകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് നിർമാതാക്കളാണെന്ന പോലെ എ.ഐ മോഡലുകളുടെ ഗുണനിലവാരവും കമ്പനികളുടെ ബാധ്യതയാണെന്ന് സൈബർ സുരക്ഷാരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിന്റെ വേഗത കുറച്ചിട്ടുണ്ടെന്ന് ഓപ്പൺ എ.ഐ പ്രഖ്യാപിച്ചു. അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിൽ പബ്ലിക് ഇഷ്യുവിന് തയാറെടുക്കുന്ന എ.ഐ ഭീമന്മാർ കടുത്ത സമ്മർദത്തിലാണെങ്കിലും തങ്ങളുടെ പിഴവുകൾ ഒളിച്ചുവെക്കാതെ തുറന്നു പറയാൻ ഓപ്പൺ എ.ഐയും ആന്ത്രോപ്പിക്കും തയാറായത് സ്വാഗതാർഹമാണ്. സ്വയം ഓഡിറ്റ് ചെയ്യാമെന്ന എ.ഐ ഭീമന്മാരുടെ വാഗ്ദാനങ്ങളേക്കാൾ ലോകത്തിന് ഗുണകരമാവുക അധികൃത തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ തന്നെയാവും. വ്യവസായിക വിപ്ലവത്തിനും വിവര സാങ്കേതിക വിപ്ലവത്തിനും ശേഷം മനുഷ്യ ചരിത്രത്തിലെ അടുത്ത വഴിത്തിരിവാണ് നിർമിതബുദ്ധി വിപ്ലവം. റോഗ് എ.ഐ പോലുള്ള പ്രശ്നങ്ങളെ അതിജീവിച്ച് നിർമിതബുദ്ധി മനുഷ്യകുലത്തിന്റെ ശോഭനമായ ഭാവിയിലേക്ക് വഴിതെളിക്കുമെന്ന് പ്രത്യാശിക്കാം.
(വാഴയൂർ സാഫി കോളജിൽ കമ്പ്യൂട്ടർ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ അസി. പ്രഫസറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

