ഡാറ്റകൾ ഇനി എ.ഐ കവരുമോ? എ.ഐ ഹാക്കിങ് ഉയർത്തുന്നത് വലിയ ഭീഷണി, മുന്നറിയിപ്പുമായി ഗൂഗ്ൾ
text_fieldsലണ്ടൻ: കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സംവിധാനങ്ങളും ഹാക്ക് ചെയ്യാൻ ഇപ്പോൾ വലിയ തോതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതായി ഗൂഗ്ളിന്റെ മുന്നറിയിപ്പ്. വെറും മൂന്ന് മാസത്തിനുള്ളിൽ എ.ഐ വഴിയുള്ള സൈബർ ആക്രമണങ്ങൾ ലോകത്തിന് വൻ ഭീഷണിയായി മാറിയെന്ന് ഗൂഗ്ൾ തങ്ങളുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
സോഫ്റ്റ്‌വെയറുകളിലെ പിഴവുകൾ പെട്ടെന്ന് കണ്ടുപിടിക്കാനും അവ തകർക്കാനും എ.ഐക്ക് പ്രത്യേക കഴിവുണ്ട്. സാധാരണ ഹാക്കർമാർക്ക് ദിവസങ്ങളെടുക്കുന്ന കാര്യങ്ങൾ എ.ഐ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ചെയ്യാൻ സാധിക്കും. ചൈന, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ കുറ്റവാളി സംഘങ്ങൾ ഗൂഗ്ളിന്റെ 'ജെമിനി', ഓപ്പൺ എ.ഐയുടെ 'ചാറ്റ് ജി.പി.ടി' തുടങ്ങിയ എ.ഐ വിദ്യകൾ ഹാക്കിങ്ങിനായി രഹസ്യമായി ഉപയോഗിക്കുന്നുണ്ട്.ആക്രമണങ്ങളുടെ വേഗത വർധിപ്പിക്കാനും കൂടുതൽ വൈറസുകൾ നിർമിക്കാനും എ.ഐ ഇവരെ സഹായിക്കുന്നു. 'എ.ഐ വഴിയുള്ള സൈബർ യുദ്ധം ഉടൻ തുടങ്ങുമെന്നത് തെറ്റായ ധാരണയാണ്, അത് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു,' എന്ന് ഗൂഗ്ളിലെ ചീഫ് അനലിസ്റ്റ് ജോൺ ഹൾട്ട്ക്വിസ്റ്റ് പറഞ്ഞു.
എ.ഐയുടെ ഈ അപകടകരമായ കരുത്ത് കണ്ട് പ്രമുഖ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ ഏറ്റവും പുതിയ എ.ഐ മോഡൽ പുറത്തിറക്കുന്നതിൽ നിന്ന് പിന്മാറി. കമ്പ്യൂട്ടറുകളിലെയും വെബ് ബ്രൗസറുകളിലെയും ആരും അറിയാത്ത സുരക്ഷാ പിഴവുകൾ കണ്ടെത്താൻ ഈ എ.ഐക്ക് സാധിക്കുമെന്ന് അവർ കണ്ടുപിടിച്ചു. ഇത് കുറ്റവാളികളുടെ കൈയിൽ എത്തിയാൽ ബാങ്കുകളെയും സർക്കാർ സംവിധാനങ്ങളെയും തകർക്കാൻ കഴിയുമെന്നതിനാലാണ് കമ്പനി ഇത് പുറത്തുവിടാത്തത്.
ഹാക്കർമാർ എ.ഐ ഉപയോഗിക്കുമ്പോൾ തന്നെ, അവരെ തടയാൻ സൈബർ സുരക്ഷാ ഉദ്യോഗസ്ഥരും എ.ഐ ഉപയോഗിക്കുന്നുണ്ട്. ഹാക്കിങ് രീതികൾ മാറുന്നതിനനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും മാറുമെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, എ.ഐ വരുന്നതിലൂടെ വൻ ലാഭമുണ്ടാകുമെന്ന് സർക്കാരുകൾ പറയുന്നത് വെറും കണക്കുകൾ മാത്രമാണെന്നും യഥാർഥത്തിൽ അത്ര വലിയ നേട്ടമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണണമെന്നും മറ്റു ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

