ആരാണീ പയ്യൻസ് വാങ്? എന്താണ് സ്കെയിൽ എ.ഐ?
text_fieldsഎ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്ന ഡാറ്റ ലേബലിങ് സ്റ്റാർട്ടപ്പായ സ്കെയിൽ എ.ഐ (Scale AI) സഹസ്ഥാപകൻ അലക്സാണ്ടർ വാങ് ആണിപ്പോൾ ടെക് ലോകത്തെ പുതിയ താരം. ലാർജ് ലാംഗ്വേജ് മോഡലുകൾ മുതൽ ഓട്ടോണോമസ് വാഹനങ്ങൾക്കു വരെയുള്ള എല്ലാതരം എ.ഐകളെയും സജ്ജമാക്കുന്നതിൽ ഡാറ്റ ലേബലിങ് സ്ഥാപനങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്.
(ചിത്രങ്ങൾ, ടെക്സ്റ്റ്, ഓഡിയോ തുടങ്ങി അനേകം അസംസ്കൃത ഡാറ്റ മെഷീൻ ലേണിങ് മോഡലുകൾക്ക് പരിശീലനത്തിനായി പ്രോസസ് ചെയ്യുന്നതിന് അർഥമുള്ള ലേബലിങ് നൽകുന്നതാണ് ഡാറ്റ ലേബലിങ്) 15 ബില്യൺ ഡോളറിന്റെ നിക്ഷേപ ഇടപാടിലൂടെ ഈ കക്ഷിയെയും സ്കെയിൽ എ.ഐയേയും മെറ്റ ക്ഷണിച്ചിരുത്തിയിരിക്കുകയാണിപ്പോൾ.
‘ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ്’ എന്നു വിളിക്കാവുന്ന എ.ഐ പദ്ധതികൾ ആവിഷ്കരിക്കാൻ മെറ്റ ആരംഭിച്ചിരിക്കുന്ന പുതിയ റിസർച്ച് ലാബിന്റെ നേതൃത്വമാണ് അലക്സാണ്ടർ വാങ്ങിന് നൽകിയിരിക്കുന്നത്. നിർമിതബുദ്ധി മോഡലുകളുടെ കാര്യത്തിൽ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഓപൺ എ.ഐ എന്നിവക്കൊപ്പം എത്താൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത മെറ്റക്ക് ഈ പദ്ധതി ഏറെ നിർണായകമാണ്.
ആരാണിയാൾ ?
ചൈനീസ് കുടിയേറ്റ കുടുംബത്തിൽ, യു.എസിലെ ന്യൂ മെക്സിക്കോയിൽ ജനിച്ച അലങ്കാണ്ടർ വാങ് ന്യൂക്ലിയർ ഫിസിസ്റ്റ് ആയാണ് കരിയർ തുടങ്ങിയത്. കോളജ് പഠനത്തിനുമുമ്പ്, ‘ക്വാറ’യിലും ജോലി ചെയ്തിരുന്നു. പ്രശസ്തമായ മാസച്യൂസെറ്റ്സ് സർവകലാശാലയിൽ (എം.ഐ.ടി) ഒരു വർഷം പഠിച്ചശേഷം ഇറങ്ങിപ്പോന്ന വാങ്, സാക്ഷാൽ സാം ആൾട്ട്മാൻ (ഓപൺ എ.ഐ) നേതൃത്വം നൽകിയിരുന്ന ‘വൈ കോംബിനേറ്ററി’ൽ ചേർന്നു.
ശേഷമാണ്, ലൂസി ഗുവോയുമായി ചേർന്ന് 2016ൽ സ്കെയിൽ എ.ഐ സ്ഥാപിച്ചത്. രണ്ടുവർഷം കൊണ്ടുതന്നെ ‘ഫോബ്സ്’ പട്ടികയിൽ കയറി. ഇതിനിടെ ഗുവോ കമ്പനി വിടുകയുണ്ടായി. എങ്കിലും വാങ് 2019ൽ സ്കെയിലിനെ യൂനികോൺ കമ്പനിയാക്കി മാറ്റി. അങ്ങനെ 24ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ‘സെൽഫ് മെയ്ഡ്’ ബില്യണയറായി വാങ്.
സ്കെയിൽ എ.ഐ
എ.ഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കാനുള്ള ബൃഹത്തായ അളവിലുള്ള ഡാറ്റയെ ക്രമപ്പെടുത്തി സജ്ജീകരിക്കുന്ന ലേബലിങ് രംഗത്തെ അതികായരാണ് ഈ കമ്പനി. ഡ്രൈവറില്ലാത്ത കാറുകളുടെ എ.ഐ സംവിധാനങ്ങളിൽ ഇവർക്ക് കുത്തകയുണ്ട്. ആയിരക്കണക്കിന് കോൺട്രാക്ട് ജോലിക്കാരെ വെച്ചാണ് കമ്പനി ഇത്രയധികം ഡാറ്റ പ്രോസസ് ചെയ്യുന്നത്.
ഇങ്ങനെ ശുദ്ധീകരിച്ചെടുത്ത ഡാറ്റ, തങ്ങളുടെ എ.ഐ മോഡലുകളെ പരിശീലിപ്പിക്കാൻ ടെക് കമ്പനികൾക്ക് വിൽക്കുകയും ചെയ്യും. ടൊയോട്ടമുതൽ ഹോണ്ടവരെയും മൈക്രോസോഫ്റ്റ് മുതൽ ഓപൺ എ.ഐവരെയും സ്കെയിലുമായി സഹകരിക്കുന്നുണ്ട്. യു.എസ് സർക്കാർവരെ ഇവരുടെ സഹായം തേടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

