ആരാ? ഞാനാ...
text_fieldsഅറിയാത്ത നമ്പറുകളിൽനിന്ന് വരുന്ന ഫോൺകോളുകൾവഴി നിങ്ങൾ എപ്പോഴെങ്കിലും പറ്റിക്കപ്പെട്ടിട്ടുണ്ടോ? തമാശക്കാണെങ്കിൽപോലും നിങ്ങൾആരെയെങ്കിലും ഇങ്ങനെ പറ്റിച്ചിട്ടുണ്ടോ? എങ്കിൽ ഇനി ആ കളി നടക്കില്ല. ട്രൂകോളർപോലുള്ള മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിലൂടെയല്ലാതെ വിളിക്കുന്നയാളുടെ പേര് വ്യക്തമായി കാൾ സമയത്ത് മനസ്സിലാക്കാവുന്ന സംവിധാനവുമായി ട്രായ് എത്തുന്നു.
കാളർ നെയിം പ്രസന്റേഷൻ അഥവാ CNAP എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പുതിയ സംവിധാനത്തിന്റെ പേര്. 2026 മാർച്ചോടെ രാജ്യത്തെ എല്ലാ ടെലികോം സർവിസുകളിലും ഇത് നടപ്പാക്കാനുള്ള നിർദേശം ടെലികോം വകുപ്പ് നൽകിക്കഴിഞ്ഞു. വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും അനാവശ്യമോ വഞ്ചനപരമോ ആയ കാളുകൾ ഒഴിവാക്കാനുംവേണ്ടിയാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് ട്രായ് വ്യക്തമാക്കുന്നു. 4G, 5G നെറ്റ്‌വർക്കുകളിൽ ഇൗ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ചില നഗരങ്ങളിൽ നടത്തി വിജയിക്കുകയും ചെയ്തു.
ട്രൂകോളർ പോലുള്ള തേഡ് പാർട്ടി ആപ്പുകളാണ് നിലവിൽ വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കാറ്. എന്നാൽ, അതിൽതന്നെ നമുക്ക് ഇഷ്ടമുള്ള പേരുനൽകാൻ സംവിധാനമുണ്ട് എന്നത് അതിന്റെ വിശ്വാസ്യത കുറക്കുന്നുണ്ട്. എന്നാൽ, പുതിയ സംവിധാനം വഴി സിം കണക്ഷൻ എടുക്കുമ്പോൾ നൽകിയ കെ.വൈ.സി രേഖകളിലെ സർക്കാർ അംഗീകരിച്ച പേരാകും വിളിക്കുന്ന സമയത്ത് മൊബൈലിൽ തെളിയുക.
സ്പാം കാളുകളും തട്ടിപ്പു കാളുകളും ആൾമാറാട്ടവും തടയാൻ ഇതിലൂടെ സാധിക്കുമെന്ന് ട്രായ് കണക്കുകൂട്ടുന്നു. ഈ സേവനം എല്ലാ ഉപയോക്താക്കൾക്കും പ്രത്യേകിച്ച് ഒരു അപേക്ഷയും നൽകാതെതന്നെ ലഭ്യമാകുമെന്നാണ് ട്രായ് അറിയിക്കുന്നത്. അതേസമയം, ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സൗകര്യംകൂടി നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

