ഉപയോക്താക്കൾ ജാഗ്രതൈ..! വാട്‌സ്ആപ്പിൽ സുരക്ഷാ പിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി
text_fieldsമെസേജിങ് ആപ്പായ വാട്‌സ്ആപ്പിൽ സുരക്ഷാ പിഴവെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. സുരക്ഷാ പഴുത് മുതലെടുത്താല്‍ ഹാക്കര്‍മാര്‍ ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആപ്പിള്‍ ഉപയോക്താക്കളെയാവും സുരക്ഷാ പ്രശ്‌നം പ്രധാനമായും ബാധിക്കുക. ഐഫോണ്‍, മാക് പതിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടും. ചാറ്റിനും ചിത്രങ്ങളടക്കം അയക്കുന്നതിനും വാട്സ്ആപ്പിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് സുരക്ഷാ വീഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
റിച്ച് റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ പരിശോധനയാണ് വാട്‌സ്ആപ്പിലെ സുരക്ഷാ പിഴവിന് കാരണം. ഒരു ഹാക്കര്‍ക്ക് ഈ പിഴവ് മുതലെടുത്ത് മറ്റൊരാളുടെ ഫോണില്‍ ഏതെങ്കിലും യു.ആർ.എല്ലില്‍ നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാന്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്ന് സെർട്ട്-ഇൻ സുരക്ഷാ ബുള്ളറ്റിനില്‍ പറയുന്നു. നവംബറിലെ അപ്ഡേറ്റുമായി ബന്ധപ്പെട്ട് സ്വന്തം സുരക്ഷാ വിവരങ്ങള്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ഐ.ഒ.എസിനായുള്ള വാട്‌സ്ആപ്പിന്റെ v2.25.23.73-ന് മുമ്പുള്ള പതിപ്പുകളിലും, ഐഒഎസിനായുള്ള വാട്‌സ്ആപ്പ് ബിസിനസ്സിന്റെ v2.25.23.82-ലും, മാക്കിനായുള്ള വാട്‌സ്ആപ്പിന്റെ v2.25.23.83-ലും സുരക്ഷാ പിഴവുണ്ടെന്ന് അവര്‍ ഒരു പോസ്റ്റില്‍ സമ്മതിക്കുന്നു. സുരക്ഷാ പിഴവുകള്‍ ആപ്പിള്‍ ഡിവൈസുകൾക്കാണ് പ്രധാനമായും വെല്ലുവിളിയാകുന്നത്. എന്നാല്‍ ഇതുവഴി ആർക്കങ്കിലും എന്തെങ്കിലും തരത്തിലുള്ളബുദ്ധിമുട്ടുകൾ നേരിട്ടതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.
സുരക്ഷാപിഴവ് മറികടക്കാൻ ഉപയോക്താക്കൾ വാട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പ് ഉടന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇതിനുള്ള സംവിധാനം ആപ്പിൽ തന്നെയുണ്ട്. വലതുവശത്ത് മുകളിലുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ് ചെയ്ത് ‘App Update’ തെരഞ്ഞെടുക്കുക. ഏറ്റവും പുതിയ പതിപ്പ് പരിശോധിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. നേരിട്ട് ആപ്പ് സ്റ്റോറിലേക്ക് പോയും അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

