കുട്ടികൾ ഏതൊക്കെ വാട്സാപ് ഗ്രൂപ്പിലുണ്ട്? മാതാപിതാക്കൾക്ക് ഇനി അറിയാം; പുതിയ നിയന്ത്രണങ്ങൾ വരുന്നു
text_fieldsലണ്ടൻ: കൗമാരക്കാരുടെ സമൂഹമാധ്യമ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ പേരന്റൽ കൺട്രോൾസ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സാപ്. കുട്ടികളുടെ സ്വകാര്യ സന്ദേശങ്ങൾ വായിക്കാൻ മാതാപിതാക്കൾക്ക് കഴിയില്ലെങ്കിലും, കുട്ടികൾ വാട്സാപ് ഗ്രൂപ്പിൽ ചേരുമ്പോഴോ ഗ്രൂപ്പിൽനിന്ന് പുറത്തുപോകുമ്പോഴോ അറിയിപ്പ് ലഭിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത്. അക്കൗണ്ടിന്റെ ചില പ്രൈവസി സെറ്റിങ്സ് തീരുമാനിക്കാനും മാതാപിതാക്കൾക്ക് സാധിക്കും.
കുട്ടികളുടെ സ്വകാര്യ സംഭാഷണങ്ങളിലേക്കോ കോളുകളിലേക്കോ പ്രവേശനം നൽകാതെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്ക് അനുയോജ്യമായ ഡിജിറ്റൽ അനുഭവം ഉറപ്പാക്കാൻ ടെക് കമ്പനികൾക്ക് മേൽ വിവിധ രാജ്യങ്ങളിൽനിന്ന് സമ്മർദം വർധിക്കുന്ന സാഹചര്യത്തിലാണ് വാട്സാപ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
പുതിയ നിയന്ത്രണങ്ങളിലൂടെ കുട്ടികളുടെ സ്വകാര്യതയിൽ നേരിട്ട് ഇടപെടാൻ കഴിയില്ല. കൗമാരക്കാർ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ മാതാപിതാക്കൾക്ക് കാണാൻ കഴിയില്ല. വോയ്സ്, വീഡിയോ കോളുകളും സ്വകാര്യമായി തുടരും. വാട്സാപിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തുടരുമെന്നും കമ്പനി വ്യക്തമാക്കി.
കുട്ടി ഒരു പുതിയ വാട്സാപ് ഗ്രൂപ്പിൽ ചേരുമ്പോൾ മാതാപിതാക്കൾക്ക് അറിയിപ്പ് ലഭിക്കും. കുട്ടി ഒരു ഗ്രൂപ്പിൽനിന്ന് പുറത്തുപോകുമ്പോഴും അറിയാൻ കഴിയും. കുട്ടി അംഗമായിരിക്കുന്ന ഗ്രൂപ്പിൽ അംഗങ്ങളുടെ എണ്ണം ഗണ്യമായി കൂടിയാലും അറിയിപ്പ് ലഭിക്കും. കൗമാരക്കാരൻ ഉപയോഗിക്കുന്ന അക്കൗണ്ടിലെ ചില പ്രൈവസി സെറ്റിങ്സ് സംബന്ധിച്ച നിയന്ത്രണങ്ങളും മാതാപിതാക്കൾക്ക് നൽകും. കുട്ടികൾ ആരൊക്കെയുമായി ഇടപഴകുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് കൂടുതൽ ധാരണ ലഭിക്കുന്നതിനാണ് പുതിയ സംവിധാനമെന്ന് വാട്സാപ് പറയുന്നു.
കുട്ടിയുടെ പ്രൊഫൈൽ ചിത്രം ആർക്കൊക്കെ കാണാം, ആർക്കൊക്കെ കുട്ടിയെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ചേർക്കാം തുടങ്ങിയ സ്വകാര്യതാ ക്രമീകരണങ്ങളും മാതാപിതാക്കൾക്ക് നിയന്ത്രിക്കാനാകും. നിയന്ത്രണങ്ങൾ കുറക്കാൻ കുട്ടി ശ്രമിച്ചാൽ മാതാപിതാക്കൾ സജ്ജീകരിച്ച പിൻ ഉപയോഗിച്ചുള്ള അനുമതി ആവശ്യമായി വരും.
വാട്സാപ് ചാനൽസ് ഉപയോഗിക്കുന്നതിലും പുതിയ നിയന്ത്രണങ്ങളുണ്ട്. കുട്ടിക്ക് എല്ലാ ചാനലുകളും കാണാനാകുമോ, മാതാപിതാക്കൾ അംഗീകരിച്ച ചാനലുകൾ മാത്രം കാണണമോ, ചാനലുകൾ പൂർണമായും ഒഴിവാക്കണമോ എന്നത് ക്രമീകരിക്കാം. കുട്ടിക്ക് ആരുടെ സ്റ്റാറ്റസ് കാണാം, കുട്ടിയുടെ സ്റ്റാറ്റസ് ആർക്കൊക്കെ കാണാം തുടങ്ങിയ കാര്യങ്ങളിലും മാതാപിതാക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്താം.
വാട്സാപിലെ മെറ്റ എ.ഐ ഉപയോഗത്തിലും മാതാപിതാക്കൾക്ക് പുതിയ ഓപ്ഷനുകൾ ലഭിക്കും. 13 വയസും അതിന് മുകളിലുമുള്ളവർക്ക് ലഭിക്കുന്ന സാധാരണ അനുഭവത്തിന് പകരം കൂടുതൽ നിയന്ത്രണമുള്ള ‘ലിമിറ്റഡ് കണ്ടന്റ്’ മോഡ് തിരഞ്ഞെടുക്കാം. ഈ മോഡിൽ മെറ്റ എ.ഐയുമായി കുട്ടിക്ക് ചർച്ച ചെയ്യാവുന്ന വിഷയങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകും. പുതിയ പേരന്റൽ കൺട്രോൾസ് ഘട്ടംഘട്ടമായി ലഭ്യമാക്കുകയാണെന്നും എല്ലാ രാജ്യങ്ങളിലും ഇത് ഒരേസമയം ലഭ്യമായേക്കില്ലെന്നും വാട്സാപ് വ്യക്തമാക്കി.
പുതിയ പേരന്റൽ കൺട്രോൾസ് നിർബന്ധിത സംവിധാനമല്ല. മാതാപിതാക്കളും കൗമാരക്കാരും ഇത് ഉപയോഗിക്കാൻ തിരഞ്ഞെടുത്താൽ മാത്രമേ അത് ലഭിക്കൂ. അതേസമയം, പുതിയ സംവിധാനം ഓപ്ഷനൽ ആക്കിയത് ഇതിന്റെ പ്രധാന പരിമിതിയാണെന്നും കുട്ടികളുടെ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം മാതാപിതാക്കളിലേക്ക് കൈമാറാൻ മെറ്റക്കും വാട്സാപിനും കഴിയുമെന്നും സോഷ്യൽ മീഡിയ അനലിസ്റ്റ് മാറ്റ് നവാര അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

