
‘വാട്സ്ആപ്പിലും പരസ്യങ്ങൾ പ്രത്യക്ഷപ്പെടും’; എങ്ങനെയെന്ന് വെളിപ്പെടുത്തി തലവൻ
text_fieldsമറ്റ് സമൂഹ മാധ്യമങ്ങളിലുള്ളത് പോലെ ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പും പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങുമെന്ന് 2018 മുതൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതുവരെ അത് സംഭവിക്കുകയോ, പരസ്യരഹിത സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. നിരവധി പുതിയ ഫീച്ചറുകൾക്കൊപ്പം ആപ്പ് ഇപ്പോഴും സൗജന്യമായി തുടരുകയാണ്. എന്നാൽ, എല്ലാകാലവും ഇതുപോലെ തുടരാൻ വാട്സ്ആപ്പിന് ഉദ്ദേശമില്ലെന്നാണ് തലവനായ വിൽ കാത്ത്കാർട്ട് നൽകുന്ന സൂചന.
അതെ, വാട്സ്ആപ്പിലേക്ക് പരസ്യങ്ങൾ എത്തിത്തുടങ്ങും. എന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെയാകില്ല, വാട്സ്ആപ്പിലെ പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ബ്രസീലിയൻ വെബ്‌സൈറ്റ് ഫോൾഹ ഡി എസ് പൗലോയ്ക്ക് (Folha de S. Paulo) അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചിരുന്നു.
വാട്ട്‌സ്ആപ്പ് നിങ്ങളുടെ ഇൻബോക്‌സിലോ ചാറ്റിലോ പരസ്യങ്ങൾ നൽകില്ലെന്ന് കാത്ത്കാർട്ട് വ്യക്തമാക്കി. പ്രധാനപ്പെട്ട സന്ദേശങ്ങൾക്ക് മറുപടി നൽകിക്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ചാറ്റ്ബോക്സിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് സങ്കൽപ്പിച്ചുനോക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. “ഞങ്ങൾ അത് ചെയ്യുന്നില്ല, അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പോലുമില്ല. അത് ശരിയായ മാതൃകയാണെന്ന് തോന്നുന്നുമില്ല. ആളുകൾ, അവരുടെ ഇൻബോക്സ് തുറക്കുമ്പോൾ, പരസ്യം കാണാൻ ഒരിക്കലും ആഗ്രഹിക്കില്ല. -അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പോൾ എവിടെയാണ് പരസ്യം വരുന്നത്..?
ഇൻബോക്സിൽ പരസ്യം വരില്ലെന്ന് വെച്ച് വാട്സ്ആപ്പിൽ എവിടെയും പരസ്യമുണ്ടാകില്ല എന്ന് കരുതേണ്ട. കാരണം, വാട്ട്‌സ്ആപ്പിന്റെ ചാനലുകൾ, സ്റ്റാറ്റസുകൾ പോലുള്ള വിഭാഗങ്ങളിൽ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള സാധ്യത കാത്ത്കാർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിന്റെ ഭാഗമായി ആളുകൾക്ക് വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള മാർഗമായി അടുത്തിടെ അവതരിപ്പിച്ച ‘വാട്ട്‌സ്ആപ്പ് ചാനലുകൾ’ പണമടച്ചുള്ള സേവനമായി മാറാനുള്ള സാധ്യതയുണ്ട്. കലാ-കായിക രംഗത്തെ സെലിബ്രിറ്റികൾ ഉൾപ്പെടെ അവരുടെ അപ്ഡേറ്റുകളും പ്രമോഷനുകളും നിലവിൽ ചാനലുകളിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്. ഇനി അത്തരക്കാർക്കും മറ്റ് ബ്രാൻഡുകൾക്കുമൊക്കെ അവരുടെ പ്രമോഷനുകൾ നടത്താൻ വാട്സ്ആപ്പിന് പണം നൽകേണ്ടതായി വന്നേക്കും.
അതുപോലെ വാട്സ്ആപ്പിലെ ജനപ്രിയമായ സ്റ്റാറ്റസുകൾ ഉപയോഗിക്കുന്നവർ ഇനി ഇടക്കിടെ പരസ്യങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നേക്കും. ചിലപ്പോൾ, ഇത്തരം പരസ്യങ്ങൾ ഒഴിവാക്കാനും അധിക ഫീച്ചറുകൾക്കുമൊക്കെയായി വാട്സ്ആപ്പ് സബ്സ്ക്രിപ്ഷൻ പ്ലാൻ തുടങ്ങിയാലും അത്ഭുതപ്പെടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
