Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവാട്‌സ്ആപിന്റെ...

വാട്‌സ്ആപിന്റെ 'യൂസർനെയിം' ഫീച്ചർ: കേന്ദ്രത്തിന് മറുപടിയുമായി മെറ്റ; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

text_fields
bookmark_border
whatsapp
cancel
camera_alt

വാട്‌സ്ആപ്പ് 

ന്യൂഡൽഹി: ഫോൺ നമ്പർ വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുന്ന വാട്‌സ്ആപിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിനെച്ചൊല്ലിയുള്ള സുരക്ഷാ ആശങ്കകൾക്ക് മറുപടിയുമായി മെറ്റ. പുതിയ ഫീച്ചർ നടപ്പിലാക്കുമ്പോൾ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ആൾമാറാട്ടം തടയാനും ശക്തമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സ്ആപ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കാൻ പുതിയ സംവിധാനം കാരണമായേക്കുമെന്ന ആശങ്കയെത്തുടർന്ന് കേന്ദ്ര സർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ വ്യാജ യൂസർനെയിമുകൾ ഉണ്ടാക്കി തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിനു മറുപടിയായാണ് വാട്‌സ്ആപ് തങ്ങളുടെ പ്രതിരോധ നടപടികൾ വിശദീകരിച്ചത്.

കേന്ദ്രം ഉന്നയിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് വാട്‌സ്ആപ് അവകാശപ്പെടുന്നു. സെലിബ്രിറ്റികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരുകൾ മറ്റാരും എടുക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. യൂസർനെയിം ഫീച്ചർ നിലവിൽ വരുമ്പോഴും വാട്‌സ്ആപ് ഉപയോഗിക്കുന്നതിന് ഫോൺ നമ്പർ നിർബന്ധമാണ്. കൂടാതെ, ഒരു അക്കൗണ്ടിൽ നിന്ന് എത്ര പേർക്ക് സന്ദേശം അയക്കാം എന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. സംശയാസ്പദമായ അക്കൗണ്ടുകളെ കണ്ടെത്താനും തടയാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആദ്യമായി സന്ദേശം അയക്കുന്ന യൂസർനെയിം അക്കൗണ്ടുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. അക്കൗണ്ട് പുതിയതാണോ, കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടോ, പൊതുവായ ഗ്രൂപ്പുകളിൽ അംഗമാണോ എന്നീ വിവരങ്ങൾ പരിശോധിച്ച് സന്ദേശം സ്വീകരിക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.

ആൾമാറാട്ടത്തെയും തട്ടിപ്പുകളെയും വളരെ ഗൗരവമായാണ് കാണുന്നതെന്ന് വാട്‌സ്ആപ് ഉറപ്പുനൽകുന്നുണ്ട്. ആരെങ്കിലും തെറ്റായ രീതിയിൽ യൂസർനെയിം ഉപയോഗിക്കുകയോ മറ്റൊരാളായി ആൾമാറാട്ടം നടത്തുകയോ ചെയ്താൽ അത്തരം അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഉപയോക്താക്കൾക്ക് അത്തരം അക്കൗണ്ടുകളെ റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ടെന്നും കമ്പനി അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾ പരിശോധിച്ച ശേഷം അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വാട്‌സ്ആപ് വക്താവ് കൂട്ടിച്ചേർത്തു.

എന്നാൽ സർക്കാർ തലത്തിൽ വിശദമായ ചർച്ചകൾ പൂർത്തിയാകും വരെ ഈ ഫീച്ചർ പുറത്തിറക്കരുതെന്ന് വാട്‌സ്ആപിന് കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്. പേടിഎം, മോബിക്വിക് തുടങ്ങിയ കമ്പനികളുടെ സി.ഇ.ഒമാരും പുതിയ ഫീച്ചറിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സമാനമായ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ വരുന്നത് വലിയ തോതിൽ ആൾമാറാട്ട തട്ടിപ്പുകൾക്ക് വഴിയൊരുക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും, വാട്‌സ്ആപിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നതാണ് സർക്കാരിന്റെ നിലപാട്.

അതേസമയം ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ കൊണ്ടുവരുന്നതെന്നാണ് വാട്‌സ്ആപ് വിശദീകരിക്കുന്നത്. നിലവിലെ സംവിധാനത്തിൽ ഫോൺ നമ്പറുള്ള ആർക്കും ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെടാം. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പർ പങ്കുവെക്കാതെതന്നെ ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം വരുന്ന ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനാകും.

എന്നാൽ, ഫോൺ നമ്പറുകൾ ഇല്ലാതാകുന്നത് വ്യക്തികളുടെ ഉത്തരവാദിത്തവും സുതാര്യതയും കുറക്കുമെന്നാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഫോൺ നമ്പറുകൾ ഉള്ളപ്പോൾ കുറ്റവാളികളെ കണ്ടെത്താൻ നിയമപാലകർക്ക് എളുപ്പമായിരുന്നു. എന്നാൽ യൂസർനെയിമുകൾ മാത്രമാകുന്നതോടെ സൈബർ കുറ്റവാളികൾക്ക് തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാൻ എളുപ്പമാകും. സമാനമായ രീതിയിൽ യൂസർനെയിം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെലിഗ്രാം ആപ്പ് വഴി രാജ്യത്ത് വൻതോതിൽ നിക്ഷേപ തട്ടിപ്പുകളും നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നത് ഇവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaWhatsAppMetaTech NewsIT ministryUsername Feature
News Summary - WhatsApp responds to India username block, says ‘still requires a phone number’
Next Story