വാട്സ്ആപ്പിലെ പുതിയ ‘കീപ് ഇൻ ചാറ്റ്’ ഫീച്ചറിനെ കുറിച്ച് അറിയാം..!
text_fieldsവാട്സ്ആപ്പിലെ പ്രൈവസി ഫീച്ചറുകളിലൊന്നായ ഡിസപ്പിയറിങ് മെസ്സേജുകളെ കുറിച്ച് അറിയില്ലേ..? ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഗ്രൂപ്പ് ചാറ്റുകളിൽ നിന്നും വ്യക്തിഗത ചാറ്റുകളിൽ നിന്നും സന്ദേശങ്ങൾ അപ്രത്യക്ഷമായി പോകുന്ന ഫീച്ചറാണിത്. നമ്മൾ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ സ്വീകർത്താവ് സൂക്ഷിച്ചുവെക്കാതിരിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനുമൊക്കെയാണ് ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നത്.
എന്നാൽ, ‘ഡിസപ്പിയറിങ് മെസ്സേജസ്’ ഓണാക്കിയ ചാറ്റുകളിൽ നിന്ന് പ്രധാനപ്പെട്ട സന്ദേശങ്ങൾ സൂക്ഷിക്കാനായി യൂസർമാരെ അനുവദിക്കുന്ന 'കീപ്പ് ഇൻ ചാറ്റ്' എന്ന പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്.
അപ്പോൾ ‘ഡിസപ്പിയറിങ് മെസ്സേജസ്’ എന്ന ഫീച്ചറിന്റെ പ്രയോജനം എന്ത്..?
ഈ സംശയം സ്വാഭാവികമായും ഉയർന്നുവരും. പേടിക്കേണ്ട, അതിനും വാട്സ്ആപ്പ് ഒരു പോംവഴി കണ്ടിട്ടുണ്ട്. നിങ്ങൾ ഡിസപ്പിയറിങ് മെസ്സേജസ് ഫീച്ചർ ഓൺ ചെയ്ത ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കുന്നു. ആരെങ്കിലും പിന്നീടുള്ള ആവശ്യത്തിന് വേണ്ടി ആ സന്ദേശം ‘കീപ് ഇൻ ചാറ്റ്’ ഫീച്ചർ ഉപയോഗിച്ച് സേവ് ചെയ്യുന്നു. ഉടൻ തന്നെ അയച്ച ആൾക്ക് അതിന്റെ മുന്നറിയിപ്പ് ലഭിക്കും.
അയച്ചയാൾ അവരുടെ സന്ദേശം മറ്റുള്ളവർ സൂക്ഷിക്കേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ, ആ തീരുമാനം അന്തിമമാണ്. അതായത് ആ സന്ദേശം കീപ് ചെയ്യാൻ ആരെങ്കിലും തീരുമാനിച്ചാൽ പോലും അത് അൺകീപ് ചെയ്യാൻ സന്ദേശം അയച്ചയാൾക്ക് തീരുമാനിക്കാവുന്നതാണ്. കീപ് ഇൻ ചാറ്റ് ഫീച്ചർ ഓൺ ചെയ്ത സന്ദേശങ്ങൾക്കൊപ്പം ചെറിയൊരു ബുക്മാർക് ഐക്കണും പ്രത്യക്ഷപ്പെടും. അത് കൂടാതെ, ഉപയോക്താക്കൾക്ക് ചാറ്റ് വഴി ഓർഗനൈസുചെയ്‌ത ഈ സന്ദേശങ്ങൾ Kept Messages ഫോൾഡറിൽ കാണാനാകും.
“ആളുകൾ ഈ പുതിയ അപ്‌ഡേറ്റും അവർക്ക് ആവശ്യമായ സന്ദേശങ്ങൾ സൂക്ഷിക്കുന്നതിനുള്ള വഴക്കവും ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” -സക്കർബർഗ് പ്രഖ്യാപനത്തിൽ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആഗോളതലത്തിൽ പുതിയ ഫീച്ചർ വാട്സ്ആപ്പ് യൂസർമാർക്ക് ലഭിച്ചു തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

