വാട്സ്ആപ് ഇനി കൂടുതൽ സ്മാർട്ടാകും; ഫോൺ നമ്പറും തീയതിയും ഇനി ഒറ്റ ടാപ്പിൽ, പുതിയ ഫീച്ചർ അവതരിപ്പിച്ച് കമ്പനി
text_fieldsചാറ്റുകളില്‍ വരുന്ന സന്ദേശങ്ങളിലെ വിവരങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്ന ഈ ഫീച്ചറിന് സ്മാര്‍ട്ട് ടെക്സ്റ്റ് ആക്ഷന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇനിമുതൽ നിങ്ങളുടെ ചാറ്റുകളിലെത്തുന്ന സന്ദേശങ്ങളിലെ ഫോൺ നമ്പറുകൾ, തിയതികൾ, സമയം, ഇമെയിൽ വിലാസങ്ങൾ, ലൊക്കേഷൻ എന്നിവയെല്ലാം വാട്സ്ആപ് സ്വയം തിരിച്ചറിയും.
ഇത്തരം കാര്യങ്ങളുള്ള ഭാഗങ്ങളിൽ ടാപ്പ് ചെയ്യുമ്പോൾ ഉപയോക്താവിന് ചെയ്യേണ്ട കാര്യങ്ങൾക്ക് ഷോർട്ട്കട്ട് ലഭിക്കും. പുതിയ സ്മാർട്ട് ടെക്സ്റ്റ് ആക്ഷന്‍സ് ഫീച്ചറിനെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം;
- ചാറ്റിൽ വരുന്ന ഫോൺ നമ്പറുകളിൽ ടാപ്പ് ചെയ്താൽ അത് കോപ്പി ചെയ്യാനും, കോൺടാക്റ്റായി സേവ് ചെയ്യാനും, നേരിട്ട് കോൾ ചെയ്യാനുമുള്ള ഓപ്ഷനുകൾ ലഭിക്കും. ബിസിനസ്സ് നമ്പറാണെങ്കിൽ അതിന്‍റെ വിവരങ്ങളും ഇതിൽ കാണാൻ സാധിക്കും.
- ചാറ്റിൽ പരാമർശിക്കുന്ന തീയതികളോ മീറ്റിങ് സമയങ്ങളോ നേരിട്ട് ഫോണിലെ കലണ്ടറിലേക്ക് മാറ്റാനോ പുതിയ ഇവന്റുകൾ സജ്ജീകരിക്കാനോ സാധിക്കും.
- ചാറ്റിൽ ലഭിക്കുന്ന വിലാസങ്ങളിൽ ടാപ്പ് ചെയ്താൽ നേരിട്ട് മാപ്പ് ആപ്പ് തുറന്ന് വഴി കണ്ടെത്താനാകും.
- ഇമെയിൽ വിലാസങ്ങളിൽ ടാപ്പ് ചെയ്ത് സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ഇൻകമിങ്, ഔട്ട്‌ഗോയിങ് എന്നിങ്ങനെ എല്ലാ സന്ദേശങ്ങളിലും ഈ ഫീച്ചർ ഒരുപോലെ പ്രവർത്തിക്കും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ അപ്‌ഡേറ്റ് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫീച്ചർ ലഭിക്കുന്നതിനായി ഉപയോക്താക്കൾ വാട്‌സാപ്പ് ആപ്പ് ലേറ്റസ്റ്റ് പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

