ഇനി മണിക്കൂറുകളോ ദിവസങ്ങളോ അല്ല, സന്ദേശങ്ങൾ സ്ഥിരമായി പിൻ ചെയ്യാം; ഗ്രൂപ്പ് ചാറ്റുകൾക്കായി നാല് പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsഉപയോക്താക്കൾക്ക് ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. തിരക്കേറിയ ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്താനും പ്രധാനപ്പെട്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ ക്രമീകരിക്കാനും സഹായിക്കുന്നതാണ് ഈ പുതിയ അപ്‌ഡേറ്റുകൾ.
ഗ്രൂപ്പുകളിൽ ഒരേസമയം നൂറുകണക്കിന് സന്ദേശങ്ങൾ വരുമ്പോൾ പ്രധാനപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് വാട്‌സ്ആപ്പ് ഈ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. മെറ്റ കൊണ്ടുവന്ന പുതിയ അപ്ഡേറ്റുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം;
മെസേജുകൾ സ്ഥിരമായി പിൻ ചെയ്ത് വെക്കാം
ഇതുവരെ വാട്‌സ്ആപ്പിൽ ഒരു സന്ദേശം പിൻ ചെയ്യുമ്പോൾ അതിന് സമയപരിധി നിശ്ചയിക്കേണ്ടിയിരുന്നു. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് വാട്സ്ആപ്പ് മെസേജുകൾ പിൻ ചെയ്ത് വെക്കാൻ വാട്സ്ആപ് നൽകിയിരുന്ന സമയപരിധി. എന്നാൽ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് പ്രധാനപ്പെട്ട സന്ദേശങ്ങൾ കാലാവധി തീരാതെ എക്കാലത്തേക്കും ഗ്രൂപ്പിൽ പിൻ ചെയ്ത് വെക്കാൻ സാധിക്കും. ഗ്രൂപ്പ് നിയമങ്ങൾ, പരിപാടികളുടെ വിശദാംശങ്ങൾ തുടങ്ങിയവ എല്ലാവർക്കും എപ്പോഴും കാണാവുന്ന രീതിയിൽ നിലനിർത്താൻ ഇത് സഹായിക്കും.
ഗ്രൂപ്പിൽ ചേർന്നതിന് ശേഷവും ചാറ്റ് ഹിസ്റ്ററി പങ്കിടാം
പുതുതായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർക്ക് പഴയ സന്ദേശങ്ങൾ കാണാൻ അനുവദിക്കുന്ന ഫീച്ചർ വാട്‌സ്ആപ്പ് നേരത്തെ കൊണ്ടുവന്നിരുന്നു. എന്നാൽ പുതിയ അപ്‌ഡേറ്റിലൂടെ ഒരാൾ ഗ്രൂപ്പിൽ ചേർന്നതിന് ശേഷം പഴയ ചാറ്റുകൾ അവർക്ക് ലഭ്യമാക്കാൻ സാധിക്കും. ഗ്രൂപ്പിലെ അംഗത്തിന്റെ പേരിൽ ടാപ്പ് ചെയ്ത് ഈ ഫീച്ചർ ഉപയോഗിക്കാം. ഇവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.
നിശ്ചിത ഗ്രൂപ്പുകൾക്കായി മാത്രം സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ
ഗ്രൂപ്പ് സ്റ്റാറ്റസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ വഴി എല്ലാ കോൺടാക്റ്റുകൾക്കും പകരം പ്രത്യേക ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമായി സ്റ്റാറ്റസ് പങ്കിടാൻ സാധിക്കും. ഗ്രൂപ്പിലുള്ളവർക്ക് ഇത് കാണാനും പ്രതികരിക്കാനും സ്വന്തമായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനും കഴിയും. സാധാരണ സ്റ്റാറ്റസ് പോലെ ഇവയും 24 മണിക്കൂറിനു ശേഷം അപ്രത്യക്ഷമാകും.
മെൻഷനുകളും റിപ്ലൈകളും ഫിൽട്ടർ ചെയ്യാം
വായിക്കാത്ത ചാറ്റുകളിൽ നിങ്ങളെ നേരിട്ട് മെൻഷൻ ചെയ്തതോ റിപ്ലൈ ചെയ്തതോ ആയ സന്ദേശങ്ങൾ മാത്രം എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഫിൽട്ടർ സഹായിക്കും. ഓരോ ഗ്രൂപ്പും തുറന്ന് നോക്കി സമയം കളയാതെ, നിങ്ങളുടെ ശ്രദ്ധ ആവശ്യമുള്ള സന്ദേശങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ ഇത് ഉപകരിക്കും.
കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെയും ഉപയോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെയും ഭാഗമായാണ് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്.

