വാട്സ്ആപ്പ് തിരിച്ചെത്തി; രണ്ട് മണിക്കൂറോളം നീണ്ട നിശ്ചലാവസ്ഥക്ക് ശേഷം
text_fieldsലോകത്തെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മണിക്കൂറിലേറെ നീണ്ട നിശ്ചലാവസ്ഥക്ക് ശേഷം തിരികെയെത്തി. ഇന്ത്യൻ സമയം 12.30ഓടെയാണ് വാട്സ്ആപ്പ് നിശ്ചലമായത്. രണ്ട് മണിക്കൂറിലേറെ സമയം ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നം പരിഹരിച്ചെങ്കിലും ഇതിന്റെ കാരണം സംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല.
നിരവധി ഉപയോക്താക്കൾ വാട്സ്ആപ്പിൽ സന്ദേശമയക്കുന്നതിൽ തടസം നേരിട്ടതായി അറിയിച്ചെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കുവാൻ ശ്രമിക്കുകയാണെന്നുമാണ് മെറ്റ വക്താവ് അറിയിച്ചത്.
പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയാണ് വാട്സ്ആപ്പിന്റെയും ഉടമസ്ഥർ. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമാണ്.

