ഇന്ത്യൻ സൈന്യത്തിൽ എ.ഐയുടെ റോളെന്ത്?
text_fieldsനിർമിത ബുദ്ധി ഏകദേശം എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണല്ലോ? യുദ്ധ മുഖത്തും എ.ഐയുടെ സ്വാധീനം വർധിച്ചു വരുന്നതായി കാണാം. ആഗോള എതിരാളികൾ എ.ഐ സാങ്കേതികവിദ്യയിൽ കുതിപ്പ് നടത്തുമ്പോൾ തങ്ങൾക്കും ഇനി മാറാതെ വഴിയില്ലെന്ന് ഇന്ത്യൻ സൈനിക ശക്തിയും തിരിച്ചറിയുകയാണ്. ഡാറ്റാ അധിഷ്ടിത പ്രവർത്തനങ്ങളിലേക്കും പ്രവചനാത്മക യുദ്ധങ്ങളിലേക്കും ഇന്ത്യൻ പ്രതിരോധ സംവിധാനം അതിവേഗം മാറികൊണ്ടിരിക്കുകയാണ്.
സൈന്യത്തിലെ ഉന്നതതലം മുതൽ വ്യവസായികളും സാങ്കേതിക വിദഗ്ധരും വരെ സൈന്യത്തെ എ.ഐയുമായി സമന്വയിപ്പിക്കുന്നതിനായി പരിശ്രമത്തിലാണ്. എയ്റോ ഇന്ത്യ-2025ൻറെ ഭാഗമായി ചീഫ് ആർമി ഓഫീസർ ജനറൽ ഉപേന്ദ്ര ദ്വിവേദി ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ എ.ഐയുടെ ഏറ്റവും നിർണായക ഘടകം വിശ്വാസയോഗ്യമായ ഡേറ്റയാണെന്നും അവയിൽ നിന്ന് വിവരങ്ങൾ ആർജിക്കാൻ നമുക്ക് കഴിയണമെന്നും പറയുന്നു.
സൈനിക പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വലിയ അളവിലുള്ള ഡേറ്റ മാനേജ്മന്റ്, ഓപറേഷണൽ ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ എന്നിവക്കനുസരിച്ച് തീരുമാനം എടുക്കാനുള്ള സൈന്യത്തിന്റെ കഴിവിനെ ആശ്രയിച്ചാണുള്ളതെന്ന് അദ്ദേഹം പറയുന്നു. അനാവശ്യ ഡേറ്റകളോ അല്ലെങ്കിൽ ഡേറ്റകളുടെ അഭാവമോ കൊണ്ടാണ് തീരുമാനങ്ങൾ എടുക്കുന്നത് വൈകുന്നത്. എ.ഐയുടെ എൽ.എൽ.എം മോഡലുകൾ ഇതിന് പരിഹാരമാകുമെന്ന് സെൻറർ ഫോർ ലാൻഡ് ആൻഡ് വാർഫെയർ സ്റ്റഡീസ് ഡയറക്ടർ ലെഫ്റ്റന്റ് ജനറൽ ദുഷ്യന്ത് സിങ് ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു.
സൈന്യത്തിൽ എ.ഐ പ്രയോഗിക്കപ്പെടുന്ന ഇടങ്ങൾ
ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്യേഷണം (ഐ.എസ്.ആർ) എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ, യു.എ.വി-യു.ജി.വി പോലുള്ള ആട്ടോണമസ് സംവിധാനങ്ങൾ, സൈബർ സുരക്ഷ എന്നീ മേഖലകളിലാണ് എ.ഐ സാങ്കേതികവിദ്യ പ്രയോജനം ചെയ്യുക. ഐ.എസ്.ആറിൽ ഡേറ്റ വിശകലനം, സാറ്റ് ലൈറ്റ് ചിത്രങ്ങളുടെ വിശകലനം, സിഗ്നലുകൾ മനസ്സിലാക്കൽ എന്നിവക്കെല്ലാം വലിയ സാധ്യതകളാണ് എ.ഐ തുറന്നു നൽകുന്നത്. എ.ഐ ഓട്ടോണമസ് സംവിധാനത്തിന് തീരുമാനങ്ങൾ എടുക്കാനും അപകടം തിരിച്ചറിയാനും സൈന്യത്തെ സഹായിക്കാൻ കഴിയും.
സൈബർ സുരക്ഷ, അപകടങ്ങൾ മുൻകൂട്ടി അറിയൽ, നെറ്റ് വർക്ക് സുരക്ഷ, മാൽവെയർ കണ്ടെത്തൽ, എന്നിവക്കെല്ലാം എ.ഐ ഉപയോഗിക്കുന്നുണ്ടെന്ന് ലെഫ്. ജനറൽ സിങ് ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു. യുദ്ധമുഖത്തെക്കുറിച്ച് സൈനികർക്ക് പരിശീലനം നൽകുന്നതിനും എ.ഐ മികച്ച പങ്ക് വഹിക്കുന്നുണ്ട്. ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ അഭിപ്രായത്തിൽ 2018ൽ ഇന്ത്യ എ.ഐക്ക് വേണ്ടി ഒരു ദേശീയ നയതന്ത്രം സ്വീകരിച്ചതു മുതൽ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിൽ എ.ഐ മികച്ച മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്.
2019ൽ ഉന്നതതല എ.ഐ കൗൺസിലും ഡിഫൻസ് എ.ഐ പ്രോജക്ട് ഏജൻസിയും സ്ഥാപിച്ചു കൊണ്ട് ഇന്ത്യ പ്രതിരോധ സംവിധാനത്തെ എ.ഐയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകി.
2021 ആയപ്പോഴേക്കും, ദക്ഷിണ ശക്തി സൈനികാഭ്യാസത്തിനിടെ ഇന്ത്യൻ സൈന്യം എ.ഐ അധിഷ്ഠിതമായ 75 ഏരിയൽ ഡ്രോണുകളുടെ പ്രദർശനവും നടത്തി. നയതന്ത്രരംഗത്ത് ഇന്ത്യ എ.ഐ. യോടുള്ള തുറന്ന സമീപനത്തിന് വേണ്ടി ഇന്ത്യ വാദിക്കുന്നുണ്ട്. ആഗോള ടെക് ഭീമൻമാർ ഇന്ത്യയുടെ ഈ സമീപനത്തെ ഏറ്റെടുത്ത് കഴിഞ്ഞു. ഉദാഹരണത്തിന് ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് തെലങ്കാനയിൽ ഡേറ്റ സെന്റർ സ്ഥാപിക്കുന്നതിനായി മൂന്ന് ബില്യൺ ഡോളറിന്റെ കരാറിലേർപ്പെട്ടിരിക്കുകയാണ്.
വരുംകാലങ്ങളിൽ തന്ത്രപരമായ ആസൂത്രണത്തിലും യുദ്ധത്തിലും ദീർഘകാല പ്രവചനങ്ങളിലും എ.ഐ ഒരു നിർണായക ഘടകമാവും. എ.ഐ ഉപോയോഗിച്ച് നുഴഞ്ഞ് കയറ്റം കണ്ടെത്താനും ആളില്ലാത്ത ഡ്രോണുകളും ടാങ്കുകളും അവതരിപ്പിക്കാനും ഇന്ത്യൻ സൈന്യം താൽപര്യപ്പെട്ടേക്കും. പ്രതിരോധത്തിൽ എ.ഐ സംയോജിപ്പിക്കുന്നത്, ദേശീയസുരക്ഷ സംരക്ഷിക്കുന്നതിനൊപ്പം ഭീഷണികളോട് വേഗത്തിലും കൃത്യതയോടും കാര്യക്ഷമമായും പ്രതികരിക്കാൻ സായുധസേനയെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

