Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ടി.പിയും ഫോൺ ഹാക്കിങുമില്ല, യു.പി.ഐ തട്ടിപ്പിന്‍റെ പുതിയ വഴി; അറിയാം അക്കൗണ്ടുകൾ കാലിയാക്കുന്ന ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ് രീതി

text_fields
bookmark_border
https://www.madhyamam.com/tags/tech/upi-scam
cancel

ചെറിയ അശ്രദ്ധ മതി നിങ്ങളുടെ അക്കൗണ്ട് കാലിയാകാൻ. യുപിഐ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായിരിക്കുന്ന കാലഘട്ടമാണിത്. ഒടിപി നമ്പർ ചോദിച്ചും നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തുമെല്ലാം തട്ടിപ്പുകാർ നിങ്ങളുടെ അക്കൗണ്ടിലെ പണവുമായി കടന്നുകളയും. എന്നാൽ, നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാതെ ഒ.ടി.പി പിൻ നമ്പർ ചോദിക്കാതെ യുപിഐ വഴി തട്ടിപ്പ് നടത്തിയാലോ? അതെ, പുതിയ ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ് രീതിയാണ് ഇത്തരത്തിൽ ജനങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുന്നത്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ വ്യാപിച്ചിരിക്കുന്ന തട്ടിപ്പ് രീതിയാണിത്.

ഇതിനെതിരെ കര്‍ശന മുന്നറിയിപ്പാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യല്‍ ക്യാമ്പെയ്ന്‍ 6.0-ന്റെ ഭാഗമായി എക്സ് പോസ്റ്റിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെറിയ തുകകള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച് ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷം യു.ഐ.പി പേയ്മെന്റ് റിക്വസ്റ്റുകളിലൂടെ വലിയ തുക തട്ടിയെടുക്കുന്നതാണ് ഈ പുതിയ തട്ടിപ്പ് രീതി.

തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ചെറിയൊരു തുക നിക്ഷേപിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തുടര്‍ന്ന് ഇവര്‍ ഉപയോക്താവിനെ ഫോണില്‍ ബന്ധപ്പെടുകയും, തുക അബദ്ധത്തില്‍ അയച്ചുപോയതാണെന്ന് പറഞ്ഞ് അത് ഉടന്‍ തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഈ ഘട്ടത്തില്‍ വൈകാരികമായ സമ്മര്‍ദ്ദവും തിടുക്കവും സൃഷ്ടിച്ച് തട്ടിപ്പുകാര്‍ ഉപയോക്താക്കളെക്കൊണ്ട് പണം തിരികെ അയപ്പിക്കാന്‍ ശ്രമിക്കും.

ഉപയോക്താവ് പണം തിരികെ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ വളരെ വലിയ തുകക്കുള്ള യു.പി.ഐ പേയ്മെന്റ് റിക്വസ്റ്റ് അയക്കുന്നു. തിടുക്കത്തില്‍ പരിശോധിക്കാതെ ഈ റിക്വസ്റ്റിന് ഉപയോക്താക്കള്‍ അനുമതി നല്‍കുന്നതോടെ അക്കൗണ്ടിലെ വലിയ തുക തട്ടിപ്പുകാരുടെ കൈകളിലെത്തുന്നു. അപരിചിതരായ ആളുകളുമായി യുപിഐ പേയ്മെന്‍റ് നടത്തുന്നതിന് മുമ്പ് നിർബന്ധമായും ബാങ്കുമായി ബന്ധപ്പെടുക. ഇനി വിളിച്ച വ്യക്തിയിൽ സംശയം തോന്നുകയാണെങ്കിൽ നമ്പര്‍ ബ്ലോക്ക് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാം.

സംശയാസ്പദമായ കോളുകള്‍ വരുമ്പോൾ നമ്പറുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ ബാങ്കിനെ വിവരമറിയിക്കുകയും ചെയ്യുക. വൈകാരികമായ ബ്ലാക്ക് മെയിലിങ്ങുകളോ അടിയന്തര സാഹചര്യങ്ങള്‍ പറഞ്ഞുള്ള യു.പി.ഐ അഭ്യര്‍ത്ഥനകളോ യാതൊരു കാരണവശാലും സ്ഥിരീകരിക്കരുത്. ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ട് 1600 എന്ന പ്രീഫിക്സില്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ മാത്രമാണ് സുരക്ഷിതവും യഥാര്‍ത്ഥവുമായ ബാങ്ക് കോളുകളെന്ന് എസ്.ബി.ഐ വ്യക്തമാക്കുന്നു.

നിങ്ങള്‍ സ്വയം ആരംഭിക്കാത്ത യാതൊരുവിധ പേയ്മെന്റ് റിക്വസ്റ്റുകള്‍ക്കും അംഗീകാരം നല്‍കരുത്. അക്കൗണ്ടില്‍ അപരിചിതമായ തുക കണ്ടാല്‍ സ്വന്തമായി അത് തിരികെ അയക്കാന്‍ ശ്രമിക്കരുത്. പകരം ബാങ്കിന്റെ ഔദ്യോഗിക നമ്പറിലോ ശാഖയിലോ ബന്ധപ്പെട്ട് തുക തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ ബാങ്കിനെക്കൊണ്ട് ചെയ്യിക്കുക. ഓർക്കുക, നിങ്ങളുടെ ചെറിയ അശ്രദ്ധ കാരണം വലിയ നഷ്ടങ്ങളാണ് ഉണ്ടാവുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - what is jumped deposit scam
Next Story