കടുത്ത ചൂട് കാലാവസ്ഥ സ്മാർട്ട്ഫോൺ ബാറ്ററികൾ കേടുവരുത്തും: തടയാനുള്ള വഴികൾ
text_fieldsഇന്ത്യയിലെ കടുത്ത ചൂട് സ്മാർട്ട് ഫോണുകളെയും ബാധിക്കുന്നുണ്ട്. ഫോൺ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ ലളിതമായ ചില ശീലങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും അത്യാവശ്യമാണ്.
ഇന്ത്യയിലെ പ്രമുഖ ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ ചിരാഗ് ബർജാത്യ തന്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹത്തിന്റെ ഐഫോൺ 17 പ്രോ മാക്സ് അമിതമായി ചൂടായതിനെ തുടർന്ന് ചാർജിങ് നിലച്ച അനുഭവം പങ്കു വെക്കുകയുണ്ടായി.ഫോൺ അമിതമായി ചൂടാകുന്നത് തിരിച്ചറിഞ്ഞ് ചാർജിങ് പെട്ടെന്ന് നിർത്തിവെക്കുന്ന ഒരു സുരക്ഷാ ഫീച്ചർ ഐഫോണുകളിലുണ്ട്. ചിരാഗിന്റെ ഫോൺ ചാർജ് ആകാതിരുന്നതിന് പ്രധാന കാരണം ഇതായിരിക്കാം.
ആപ്പിൾ മാത്രമല്ല, മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളും ബാറ്ററികൾ നശിച്ചുപോകാതിരിക്കാൻ സമാനമായ സുരക്ഷാ ഫീച്ചറുകൾ തങ്ങളുടെ ഫോണുകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നിരുന്നാലും, ഈ ഫീച്ചറുകളെ ഒരു അവസാന മാർഗമായി മാത്രമേ കാണാവൂ. ഇവക്ക് ബാറ്ററിയുടെ തകരാറുകളുടെ വേഗത കുറക്കാൻ സാധിക്കുമെങ്കിലും പൂർണമായി തടയാനാവില്ല. അതുകൊണ്ടുതന്നെ കൊടുംചൂടിൽ സ്മാർട്ട്ഫോൺ ബാറ്ററികളുടെ ശേഷി നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്.
ചൂട് കാലത്ത് സ്മാർട്ട്ഫോൺ ബാറ്ററി കേടുപാടുകൾ കുറക്കാനുള്ള പ്രായോഗിക വഴികൾ
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും 35°C (95°F)-ൽ കൂടുതൽ ചൂടുള്ള അന്തരീക്ഷത്തിൽ നിന്നും ഫോൺ അകറ്റി നിർത്തുക. അമിതമായ ചൂട്, ചാർജിങ് വേഗത കുറക്കുമെന്നും ബാറ്ററിയെ നശിപ്പിക്കുമെന്നും ആപ്പിൾ, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഫോൺ അമിതമായി ചൂടാവുകയാണെങ്കിൽ, അത് വീണ്ടും ഉപയോഗിക്കുന്നതിനോ ചാർജ് ചെയ്യുന്നതിനോ മുൻപായി സാധാരണ താപനിലയിലേക്ക് തനിയെ തണുക്കാൻ അനുവദിക്കുക.
ചാർജ് ചെയ്യുമ്പോൾ ഫോൺ കേസുകൾ ഊരിമാറ്റുക. കവറിനുള്ളിൽ ചൂട് കുടുങ്ങിക്കിടക്കുന്നത് ബാറ്ററിയുടെ ദീർഘകാല ശേഷി കുറക്കുമെന്ന് ആപ്പിളും സാംസങ്ങും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഏറ്റവും പ്രധാനമായി, നിങ്ങളുടെ സ്മാർട്ട്ഫോണിനായി എപ്പോഴും കമ്പനിയുടെ ഒറിജിനൽ ചാർജറോ അല്ലെങ്കിൽ ബ്രാൻഡ് അംഗീകരിച്ച പി.ഡി ചാർജറുകളോ മാത്രം ഉപയോഗിക്കുക.
ഫോൺ അമിതമായി ചൂടാകുന്നത് കുറക്കാനുള്ള സോഫ്റ്റ്‌വെയർ മാറ്റങ്ങൾ
- ഫോൺ കൈകാര്യം ചെയ്യുന്നതിനൊപ്പം, അമിതമായി ചൂടാകുന്നത് തടയാൻ ചില സോഫ്റ്റ്‌വെയർ സെറ്റിങ്സുകളിലും മാറ്റം വരുത്താം.
- ഉപയോഗിക്കാത്ത ആപ്പുകൾ, പ്രത്യേകിച്ച് വലിയ ഗെയിമുകൾ അല്ലെങ്കിൽ കാമറ ആപ്പുകൾ ക്ലോസ് ചെയ്യുക. ഇവ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ചാർജ് തീർക്കുകയും ഫോൺ വേഗത്തിൽ ചൂടാകാൻ കാരണമാവുകയും ചെയ്യും.
- പുറത്തിറങ്ങുമ്പോൾ ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ് കുറയ്ക്കുക, ഒപ്പം 'അഡാപ്റ്റീവ് ബ്രൈറ്റ്‌നസ്' ഓഫ് ചെയ്യുക. ഉയർന്ന ബ്രൈറ്റ്‌നസ് ലെവലുകൾ കൂടുതൽ ചൂട് ഉൽപ്പാദിപ്പിക്കുകയും ബാറ്ററി വേഗത്തിൽ തീർക്കുകയും ചെയ്യും.
- കൂടുതൽ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കുക. ഇവ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ഫോണിന് അമിത ജോലിഭാരം നൽകുകയും ചൂട് വർധിപ്പിക്കുകയും ചെയ്യും.
- ആൻഡ്രോയിഡിൽ: Settings > Apps > App management > ആവശ്യമുള്ള ആപ്പ് തിരഞ്ഞെടുക്കുക > Battery usage > “Allow background activity” എന്നത് ഓഫ് ചെയ്യുക.
- ഐഫോണിൽ: ഐഫോണിൽ ഇതിനുള്ള വഴികൾ അല്പം വ്യത്യാസമുണ്ട്. ആപ്പിൾ നിർദ്ദേശിക്കുന്നത് പ്രകാരം: Settings > Background App Refresh എന്നതിൽ പോയി Wi-Fi, Wi-Fi & Mobile Data എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ഇത് പൂർണമായി നിർത്തലാക്കാൻ Off എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- കടുത്ത ചൂടുള്ള സമയങ്ങളിൽ ഫോണിന്റെ ആയാസം കുറക്കാൻ 'ബാറ്ററി സേവർ' മോഡ് ഓൺ ചെയ്യുക. ഇത് ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തും.
- നിങ്ങളുടെ ഫോണിന് ഒ.എൽ.ഇ.ഡി അല്ലെങ്കിൽ അമോലെഡ് ഡിസ്‌പ്ലേ ആണെങ്കിൽ ഡാർക്ക് മോഡിലേക്ക് മാറുക. ഡാർക്ക് മോഡ് കുറഞ്ഞ പവർ മാത്രമേ ഉപയോഗിക്കൂ എന്നതിനാൽ ചൂട് കുറവായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

