ടിക്ടോകിന് തിരിച്ചടി; യു.എസിലെ നിരോധനം ശരിവെച്ച് സുപ്രീംകോടതി
text_fieldsവാഷിങ്ടൺ: ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക് യു.എസിൽ നിരോധിക്കണമെന്ന ഫെഡറൽ നിയമം സുപ്രീംകോടതി ശരിവെച്ചു. നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് ടിക്ടോക് നൽകിയ ഹരജി കോടതി തള്ളി. ജനുവരി 19നകം ടിക്ടോക് യു.എസിലുള്ള മുഴുവന്‍ ആസ്തിയും വിറ്റൊഴിയണമെന്നാണ് ജോ ബൈഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇല്ലെങ്കില്‍ ആപ്പിന് യു.എസില്‍ നിരോധനം വരുമെന്നും നിയമത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം പാർലമെന്റിൽ പാസാക്കിയ നിയമം, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഞായറാഴ്ചയോടെ യു.എസിൽ ടിക്ടോക് നിശ്ചലമാകും. വ്യക്തിഗതവിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയ സുപ്രധാന ഡേറ്റ ടിക്ടോക് ചൈനീസ് സര്‍ക്കാരിന് കൈമാറാനുള്ള സാധ്യതയാണ് പുതിയ നിയമത്തിന് വഴിയൊരുക്കിയത്. രഹസ്യാന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യപ്പെട്ടാല്‍ ചൈനീസ് കമ്പനികള്‍ ഇത്തരം ഡേറ്റ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കണമെന്ന് ചൈനയില്‍ നിയമമുണ്ട്.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ നേരത്തേ ടിക്ടോക് നിരോധിച്ചിരുന്നു. ഡേറ്റ സുരക്ഷയിലെ ആശങ്ക തന്നെയാണ് യുഎസിലെ നിരോധനത്തിനും കാരണം. ടിക്ടോക്കിന്‍റെ കണ്ടന്‍റ് റെക്കമെന്‍റേഷന്‍ സംവിധാനം ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന ശ്രമിച്ചേക്കുമെന്നാണ് മറ്റൊരു ആശങ്ക. ഇസ്രയേല്‍–ഹമാസ് യുദ്ധം ആരംഭിച്ചശേഷവും പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ സമയത്തുമെല്ലാം ഇത് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ടിക്ടോക് നിഷേധിച്ചു. യഥാര്‍ഥ ഉടമകളായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം പൊതുരംഗത്ത് ചര്‍ച്ചയാകാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് ബൈറ്റ് ഡാന്‍സ്.
നിരോധനം നടപ്പാകുന്ന ദിവസം മുതല്‍ ആപ്പിള്‍, ഗൂഗ്ള്‍ ആപ് സ്റ്റോറുകളില്‍ ടിക്ടോക് ആപ്പിന്‍റെ ഡൗണ്‍ലോഡ് അനുവദിക്കാന്‍ പാടില്ല. അനുവദിച്ചാല്‍ ആപ്പിളിനും ഗൂഗിളിനും വലിയതുക പിഴയൊടുക്കേണ്ടിവരും. ഇന്‍റര്‍നെറ്റ് ഹോസ്റ്റിങ് കമ്പനികള്‍ക്കും ടിക്ടോക് ഡിസ്ട്രിബ്യൂഷന് വിലക്കുണ്ട്. അമേരിക്കയില്‍ 27 കോടിയോളം ഉപയോക്താക്കളുള്ള ടിക്ടോക്കിന്‍റെ നിരോധനം പൊതുസമൂഹത്തില്‍ മാത്രമല്ല, ബിസിനസ് രംഗത്തും വലിയ ചലനമുണ്ടാക്കും. നിരോധനത്തിനുള്ള സമയപരിധി നീട്ടണമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

