Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രാൻസിൽ സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകൾ ഹാക്ക് ചെയ്തു; കോടികളുടെ നഷ്ടം, പലയിടത്തും തീപിടുത്തം

text_fields
bookmark_border
ഫ്രാൻസിൽ സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകൾ ഹാക്ക് ചെയ്തു; കോടികളുടെ നഷ്ടം, പലയിടത്തും തീപിടുത്തം
cancel

പാരീസ്: ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിൽ വലിയ തോതിൽ ഭക്ഷ്യവസ്തുക്കൾ നശിക്കുകയും നിരവധി കടകളിൽ തീപിടിത്തമുണ്ടാകുകയും ചെയ്തു. രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെ ബാധിച്ച ആക്രമണത്തെ അസാധാരണവും വ്യാപകവുമായ സംഭവമെന്നാണ് അധികൃതരും വ്യാപാരമേഖലാ പ്രതിനിധികളും വിശേഷിപ്പിച്ചത്. തിങ്കളാഴ്ചയാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേഷൻ സിസ്റ്റം ഹാക്ക് ചെയ്ത ഹാക്കർമാർ ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലെയും താപനില 50 ഡിഗ്രി സെൽഷ്യസ് (122 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർത്തുകയായിരുന്നു. ഇതോടെ ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ചില സൂപ്പർമാർക്കറ്റുകളിൽ ഫ്രിഡ്ജുകൾ അമിതമായി ചൂടായി തീപിടുത്തമുണ്ടാകുകയും ചെയ്തു.

ഫ്രാൻസിലെ പ്രമുഖ റീട്ടെയിൽ ഭീമന്മാരായ ഇന്റർമാർഷെ, കോഓപ്പറേറ്റീവ് യു, കാരിഫോർ , ഇ ലെക്ലർക്ക്, മോണോപ്രിക്സ് തുടങ്ങിയ സ്ഥാപനങ്ങളെയാണ് സൈബർ ആക്രമണം രൂക്ഷമായി ബാധിച്ചത്. മുന്നൂറിലധികം ഇന്റർമാർഷെ ഔട്ട്‌ലെറ്റുകളെയും നൂറിലധികം കോഓപ്പറേറ്റീവ് യു സ്റ്റോറുകളെയും ആക്രമണം ബാധിച്ചു. കാരിഫോറിന്റെ 80 സൂപ്പർമാർക്കറ്റുകളിലെയും മോണോപ്രിക്സിന്റെ 5 ശതമാനം വരുന്ന സ്റ്റോറുകളിലെയും ഭക്ഷണ സാധനങ്ങൾ പൂർണമായും നശിച്ചു.

സൂപ്പർമാർക്കറ്റുകളില ശീതീകരണ സംവിധാനങ്ങൾ വിദൂരമായി നുഴഞ്ഞുകയറിയ ഹാക്കർമാർ സിസ്റ്റത്തിലെ 'ഫോഴ്‌സ്ഡ് ഡിഫ്രോസ്റ്റിങ്' പ്രക്രിയ അനാവശ്യമായി പ്രവർത്തിപ്പിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പുതിയ പച്ചക്കറികളും ഫ്രോസൺ ഭക്ഷണസാധനങ്ങളും പൂർണമായി ഉപയോഗശൂന്യമായി. രാജ്യവ്യാപകമായി ഒരൊറ്റ ദിവസം കൊണ്ട് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്റർമാർഷെ സി.ഇ.ഒ തിയറി കോട്ടിലാർഡ് വ്യക്തമാക്കി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസിയായ 'അൻസി'യോട് അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളെയും ഇത്തരം ആക്രമണങ്ങൾ ബാധിക്കാൻ സാധ്യതയുള്ളതിനാൽ യൂറോപ്യൻ യൂണിയനുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡാനിഷ് കമ്പനിയായ 'ഡാൻഫോസ്' നിർമിച്ച റഫ്രിജറേഷൻ സോഫ്റ്റ്‌വെയറിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് ആക്രമണം നടത്തിയത്. സ്പെയിൻ, പോളണ്ട്, ജർമനി, ബെൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും സമാന രീതിയിലുള്ള സുരക്ഷാ ഭീഷണികൾ ഉയർന്നതായി സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഡാൻഫോസ് ശീതീകരണ സംവിധാനങ്ങളുടെ നിയന്ത്രണ സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള സാങ്കേതിക ഉൽപന്നങ്ങൾ നൽകുന്ന കമ്പനിയാണ്. ഫ്രാൻസിലെ ചില ശീതീകരണ നിയന്ത്രണ സംവിധാനങ്ങളെ ബാധിച്ച സംഭവങ്ങളെക്കുറിച്ച് അറിവുണ്ടെന്ന് കമ്പനി പ്രതികരിച്ചു. ആക്രമണത്തിനിരയായ യൂണിറ്റുകളിൽ കാലഹരണപ്പെട്ട ഫേംവെയറാണ് പ്രവർത്തിച്ചിരുന്നതെന്നും സോഫ്റ്റ്‌വെയർ പതിവായി പുതുക്കാനും പഴയ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാനും ഉപഭോക്താക്കളോട് നേരത്തേ നിർദേശിച്ചിരുന്നതായും കമ്പനി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Unprecedented’ cyberattack hits French supermarkets, causing food losses
Next Story