Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുക്രെയ്ൻ ചില്ലറക്കാരല്ല...; വാട്സ്ആപ്പ് അടക്കം ടെക്​ ലോകത്തെ അവരുടെ സംഭാവനകൾ അറിയാം....
cancel
Homechevron_rightTECHchevron_rightTech Newschevron_right'യുക്രെയ്ൻ...

'യുക്രെയ്ൻ ചില്ലറക്കാരല്ല'...; 'വാട്സ്ആപ്പ്' അടക്കം ടെക്​ ലോകത്തെ അവരുടെ സംഭാവനകൾ അറിയാം....

text_fields
bookmark_border

ലോകം ഭീതിയോടെ നോക്കിനിൽക്കെ റഷ്യ യുക്രെയ്നിൽ അധിനിവേശം തുടരുകയാണ്. ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് പുറമേ, യുക്രെയ്ന് നേരെ കടുത്ത സൈബറാക്രമണവും റഷ്യ നടത്തുന്നുണ്ട്. യു​ക്രെ​യ്നി​ലെ നി​ര​വ​ധി ബാ​ങ്കു​ക​ളു​ടെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ത​ക​രാ​റി​ലായിരുന്നു.

റഷ്യയുടെ സൈബർ ആക്രമണത്തിനും ഹാക്കിങ്ങിനും പിന്നിലുള്ള ഒരു പ്രധാന കാരണം, സാ​ങ്കേതികപരമായുള്ള യുക്രെയ്ന്റെ വളർച്ച തന്നെയാണ്. ടെക്നോളജി മേഖലയിൽ യുക്രെയ്ൻ കൈവരിച്ച വലിയ വികസനത്തിനുള്ള തന്ത്രപരമായ തിരിച്ചടിയായിരുന്നു അജ്ഞാത പോരാളികളെ ഉപയോഗിച്ചുള്ള റഷ്യയുടെ സൈബറാക്രമണം.

റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് യുക്രെയ്ൻ. ടെക്നോളജി മേഖലയിൽ വലിയ സംഭാവനകൾ നൽകിയ മഹത്തായ ചരിത്രമാണ് യുക്രെയ്നുള്ളത്. ലോകമറിയപ്പെടുന്ന നിരവധി ടെക്നോളജി കമ്പനികൾക്കും ആപ്പുകൾക്കും പിന്നിൽ യുക്രെയ്ൻ പ്രതിഭകളുടെ കൈയ്യൊപ്പുണ്ട്. അവയിൽ ചിലതിന് ഇപ്പോഴും രാജ്യത്ത് വേരുകളുമുണ്ട്. പലതിന്റെയും സ്ഥാപകർ യുക്രേനിയക്കാരാണ്. അവർ ആശയങ്ങൾ രൂപപ്പെടുത്തി അവയെ പ്രശസ്ത ബ്രാൻഡുകളാക്കി മാറ്റുകയായിരുന്നു.

ധാരാളം ടെക് സ്റ്റാർട്ടപ്പുകളും വലിയ ടെക്നോളജി കമ്പനികളും യുക്രെയ്നിലുണ്ട്. ലോകമെമ്പാടുമുള്ള വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന വിപുലമായ ഐടി-ഔട്ട്‌സോഴ്‌സിംഗ് മേഖലയും രാജ്യത്തിന് സ്വന്തമാണ്. ലോക പ്രശസ്ത മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് (Whatsapp) ജന്മം നൽകിയത് യുക്രെയ്നിൽ ജനിച്ച ജാൻ കൗമാണ്. 2009ലായിരുന്നു അദ്ദേഹം വാട്സ്ആപ്പ് നിർമിച്ചത്.

സ്റ്റാറ്റസുകൾ പ്രദർശിപ്പിക്കാൻ വേണ്ടിയുള്ള ആപ്പായിട്ടായിരുന്നു വാട്സ്ആപ്പ് തുടക്കത്തിൽ അവതരിപ്പിച്ചത്. എന്നാൽ, ഒരു ഇൻസ്റ്റന്റ് ​മെസ്സേജിങ് പ്ലാറ്റ്ഫോമായാണ് പിന്നീടത് ജനപ്രീതി നേടിയത്. 2014ൽ 19 ബില്യൺ ഡോളറിന് (ഏകദേശം 1,43,100 കോടി രൂപ) വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു.

ടൈപ്പിങ് അസിസ്റ്റന്റായ ഗ്രാമർലി (Grammarly) യുക്രെയ്നിൽ നിന്നുള്ള ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നാണ്. ഉക്രെയ്ൻ സ്വദേശികളായ മാക്സ് ലിറ്റ്വിൻ, അലക്സ് ഷെവ്ചെങ്കോ, ഡിമിട്രോ ലൈഡർ എന്നിവർ ചേർന്നാണ് 2009-ൽ അത് സ്ഥാപിച്ചത്, ലോകമെമ്പാടുമുള്ള ഉള്ളടക്ക സ്രഷ്‌ടാക്കൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഗ്രാമർലിയുടെ ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണെങ്കിലും, കമ്പനിയുടെ പ്രാഥമിക ഡെവലപ്പർ ഓഫീസ് കിയവിലാണ്.


ഉക്രേനിയൻ കുടിയേറ്റക്കാരനായ മാക്സ് ലെവ്ചിൻ ഫിൻടെക് കമ്പനിയായ പേപാലിന്റെ (PayPal), സഹസ്ഥാപകനായിരുന്നു. 1998-ൽ കോൺഫിനിറ്റി എന്ന പേരിൽ സ്ഥാപിതമായ പേപാൽ 1999-ൽ X.com എന്ന പേരിലേക്ക് മാറി. അതിനെ പേപാൽ ആക്കി മാറ്റിയത് ലെവ്ചിൻ ആയിരുന്നു. ഇ-കൊമേഴ്‌സ് കമ്പനിയായ eBay പേപാൽ ഏറ്റെടുത്ത് മാസങ്ങൾക്ക് ശേഷം 2002 ഡിസംബറിൽ ലെവ്ചിൻ PayPal വിട്ടു.


2012-ൽ, ലാവ്‌ചിൻ യു.എസ് ആസ്ഥാനമായുള്ള ബൈ-നൗ പേ ലേറ്റർ (ബി‌.എൻ‌.പി‌.എൽ) പ്ലാറ്റ്‌ഫോമായ അഫേം (Affirm) സ്ഥാപിച്ചു. 46 കാരനായ അദ്ദേഹം സോഷ്യൽ ആപ്പ് ഡെവലപ്പർ Slide.com, ഫിൻ‌ടെക് സ്റ്റാർട്ടപ്പ് സ്റ്റുഡിയോ HVF എന്നിവയടക്കമുള്ള കമ്പനികളുടെയും സഹ-സ്ഥാപകനാണ്.

ഫോട്ടോ ഷെയറിങ് ആപ്പായ സ്‌നാപ്ചാറ്റിന്റെ (Snapchat) മാതൃകമ്പനിയായ സ്‌നാപ്പ് (Snap) 2015 സെപ്തംബറിൽ യുക്രെയ്ൻ സ്വദേശിയായ യൂറി മൊണാസ്റ്റിർഷിൻ സഹ-സ്ഥാപകനായ ഫോട്ടോഗ്രാഫി സ്റ്റാർട്ടപ്പ് ലുക്ക്‌സറിയെ ഏറ്റെടുത്തിരുന്നു. 150 മില്യൺ ഡോളറിന്റെ (ഏകദേശം 1,130 കോടി രൂപ) ഇടപാട് യുക്രെയ്നിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു. ആപ്പിലെ ഏറെ പ്രശസ്തമായ 'ലെൻസസ്' എന്ന മാസ്കിംഗ് ഫീച്ചർ കൊണ്ടുവരാൻ സ്നാപ്ചാറ്റിനെ പ്രാപ്തമാക്കിയത് ലുക്ക്‌സറി ആയിരുന്നു. സ്നാപിന് യുക്രെയ്ൻ തലസ്ഥാനമായ കിയവിലും മറ്റും ഓഫീസുകളുമുണ്ട്.

ലോകമെമ്പാടുമായി ദശലക്ഷണക്കിന് യൂസർമാരുള്ള ആപ്പ് ഡെവലപ്പറായ മാക്പോയുടെ (MacPaw) ഹെഡ്ക്വാർട്ടേസും കിയവിലാണ്. CleanMyMac X എന്ന മാക്ഒ.എസ് (macOS) യൂട്ടിലിറ്റി ആപ്പിലൂടെയാണ് മാക്പോ പേരെടുത്തത്. അതേസമയം, തലസ്ഥാന നഗരിയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിലും തങ്ങളുടെ എല്ലാ സേവനങ്ങളും തടസമില്ലാതെ ലഭ്യമാകുമെന്ന് മാക്പോ അറിയിച്ചിട്ടുണ്ട്.

ആഗോള ഉൽപ്പന്നങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയർ സ്ഥാപനങ്ങളും ധാരാളമായി ഉക്രെയ്‌നിലുണ്ട്. ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്ക് ഉക്രെയ്നിൽ ഓഫീസുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaSnapchatUkraineTech WorldWhatsapp
News Summary - Ukraine’s Influence on the World of Tech
Next Story